ന്യൂദല്‍ഹി: സൗത്ത് ദല്‍ഹിയുടെ വഴിയോരത്ത് ആരുടെയും ശ്രദ്ധയില്‍പ്പെടാതെ മറ്റുള്ളവരുടെ വിശപ്പകറ്റി ജീവിതം നയിക്കുന്നവരായിരുന്നു കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വരെ എണ്‍പതുകാരനായ കാന്ത പ്രസാദും ഭാര്യ ബാദമി ദേവിയും. എന്നാല്‍, ഇപ്പോളങ്ങനെയല്ല. കാന്തപ്രസാദിന്റെ ഭക്ഷണശാല ബാബ കാ ധാബ പ്രശസ്തിയാര്‍ജിച്ചു കഴിഞ്ഞു. തിരക്ക് വര്‍ധിച്ചപ്പോള്‍ പരസ്യം നല്കാന് കമ്പനികളുടെ നീണ്ട നിരയും.
കാരണം, ഒരു ട്വിറ്റര്‍ പോസ്റ്റ്. ഒരു ദിവസത്തെ ചെലവിന്റെ പകുതിപോലും നേട്ടമുണ്ടാക്കാന്‍ കഴിയാതെ ലോക്ഡൗണില്‍ ജീവിതം വഴിമുട്ടിയ ദമ്പതികളുടെ ദയനീയാവസ്ഥ വെളിപ്പെടുത്തുന്ന ഒരു വീഡിയോ. പൂര്‍ണമായും ഹൃദയം തകര്‍ത്തുവെന്ന അടിക്കുറിപ്പോടെ രാജ്യസഭാ എംപി
വിവേക് തന്‍ഖയുടെ മകള്‍ വസുന്ധര തന്‍ഖ ശര്‍മയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഒപ്പം ദല്ഹിക്കാരെല്ലാം മാല്‍വിയ നഗറിലെ ബാബ കാ ധാബയിലെത്തണമെന്നും ആഹാരം കഴിക്കണമെന്നും അഭ്യര്‍ഥിച്ചിരുന്നു.
ഇതെല്ലാവരും ഏറ്റെടുത്തതോടെയാണ് സ്ഥിതി മാറിയത്. ഇപ്പോള്‍ നല്ല തിരക്കായി. ഒരു സഹായി കൂടി ഇല്ലാതെ പറ്റില്ല എന്ന അവസ്ഥ. ആളുകള്‍ കൂടുതല്‍ എത്തിത്തുടങ്ങിയതോടെ പരസ്യ കമ്പനിക്കാരും ബാബാ കാ ധാബ തേടിയെത്തി. മുമ്പ് 750 ഗ്രാം ഭക്ഷണം വില്ക്കാന് ഏറെ കഷ്ടപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ പകുതി ദിവസമാവുമ്പോഴേക്കും 5 കിലോഗ്രാം ഭക്ഷണമാണ് വിറ്റുപോകുന്നതെന്ന് കാന്ത പ്രസാദ് പറഞ്ഞു.
ഇവിടെ ആഹാരം കഴിക്കാനെത്തിയ ഗൗരവ് വാസന് എന്ന ബ്ലോഗറാണ് കാന്ത പ്രസാദിന്റെ വീഡിയോ പകര്‍ത്തിയത്. അത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് ട്വിറ്ററിലും മറ്റും പോസ്റ്റ് ചെയ്തതോടെ നിരവധി പേര് സഹായവുമായെത്തി. ബോളിവുഡ് നടി സോനം കപൂര്‍, ക്രിക്കറ്റ് താരം ആര്. അശ്വിന്, ഐപിഎല്‍ ടീം ദല്‍ഹി ക്യാപിറ്റല്‍ എന്നിവര്‍ ട്വീറ്റ് റീട്വീറ്റ് ചെയ്തു. വീഡിയോ വൈറലായതിനെ തുടര്‍ന്ന് നിരവധിപ്പോരാണ് ബാബാ കാ ദാബ തേടി മാല്‍വിയ നഗറിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: