തിരുവല്ല: പുഞ്ചകൃഷിയ്ക്കായി ഒരുങ്ങുന്ന അപ്പർകുട്ടനാട്ടിലെ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്ന ജോലികൾക്ക് അടുത്ത ആഴ്ച തുടക്കമാകും.രണ്ടാഴ്ച മുമ്പ് വെള്ളം വറ്റിക്കാൻ പമ്പിങ് ലേലം പൂർത്തിയായിരുന്നു.എന്നാൽ വെള്ളപ്പൊക്കത്തിൽ തകർന്ന പുറംബണ്ടുകളുടെ ബലക്ഷയമാണ് കർഷകരെ വലയ്ക്കുന്നത്. മോട്ടോർ ഉപയോഗിച്ച് വെള്ളം പുറത്തേക്ക് ഒഴുക്കുമ്പോൾ ഈ ബണ്ടുകൾക്ക് വീണ്ടും നാശം സംഭവിക്കുമോ എന്ന ആശങ്കയാണ് പാടശേഖര സമിതി ഭാരവാഹികൾക്ക്. തുലാമഴ ശക്തമായി പെയ്താൽ കർഷകരുടെ കണക്ക് കൂട്ടലുകൾ തെറ്റും. കാലാകാലങ്ങളായി അപ്പർകുട്ടനാട്ടിലെ കർഷകരുടെ പ്രധാന ആവശ്യമാണ് പുറംബണ്ടുകൾ ബലപ്പെടുത്തണമെന്ന്. കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചപ്പോൾ കർഷകർ ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാൽ പാക്കേജ് ജില്ലയിലെ അപ്പർകുട്ടനാടിന് യാതൊരു പ്രയോജനവും കിട്ടിയില്ല.
പുറംബണ്ടുകൾ ബലപ്പെടുത്താൻ യാതൊരു നടപടിയും ഉണ്ടായില്ല.കൂടാതെ തോടുകളുടെ ആഴംകൂട്ടുകയോ വീതികൂട്ടുകയോ ചെയ്തില്ല. കവിയൂർ പുഞ്ചയിലെ കർഷകരും സമാന പ്രതിസന്ധിയാണ് നേരിടുന്നത്.തോട്ടിൽ നിന്ന് വെള്ളം പാടത്തേക്ക് വെള്ളം കയറ്റാനും ഇറക്കാനും നേരിടുന്ന ബുദ്ധിമുട്ട് കാരണം കർഷകർ കൃഷിയിറക്കാൻ പ്രയാസപ്പെടുകയാണ്. അതേ സമയം പുറംബണ്ടുകളുടെ അറ്റക്കുറ്റപ്പണിക്കും ഇതുവരെ സർക്കാർ സഹായം കിട്ടിയിട്ടില്ല.അതിതീവ്ര മഴയിൽ ജില്ലയിൽ 16 കോടിയുടെ കൃഷിനാശമാണ് ഉണ്ടായത്. തുടർച്ചയായ പ്രകൃതി ക്ഷോഭത്താൽ കാർഷിക മേഖല കൂപ്പുകുത്തിയിരിക്കുകയാണ്.കർഷകർ ദുരിതത്തിലാകുമ്പോഴും വിളനഷ്ടം സംഭവിച്ച കർഷകർക്ക് ഇനിയും നഷ്ടപരിഹാരം ലഭിച്ചില്ല.
അതിനാൽ തന്നെ കർഷകരും പാടശേഖര സമിതികളും പുതിയ കൃഷിയിറക്കാൻ പാടുപെടുകയാണ്. അപ്പർകുട്ടനാട്ടിൽ വെള്ളം വറ്റിക്കൽ ജോലികൾ 25 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് പാടശേഖരസമിതികളുടെ തീരുമാനം.നവംബർ ആദ്യം വിതയ്ക്കും.നാഷണൽ സീഡ് കോർപ്പറേഷൻ മുഖേന വിത്ത് ലഭ്യമാക്കാനാണ് പാടശേഖരസമിതികൾ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: