ന്യൂഡല്‍ഹി : ഹത്രാസില്‍ സാമുദായിക കലാപമുണ്ടാക്കാന്‍ പദ്ധതിയിട്ടെന്ന കേസില്‍ യുപി പൊലീസ് യുഎപിഎ ചുമത്തി ജയിലിലാക്കിയ സിദ്ദിഖ് കാപ്പന് സര്‍ക്കാര്‍ ഫണ്ടു തട്ടിപ്പു കേസില്‍ പ്രതി. സിദ്ദിഖ് കാപ്പന് സെക്രട്ടറിയായ കേരള പത്രപ്രവര്‍ത്തക യൂണിയന് (കെയുഡബ്ല്യൂജെ) ഡല്‍ഹി ഘടകത്തിന്റെ സര്‍ക്കാര്‍ ഫണ്ടു വിനിയോഗത്തെ കുറിച്ചു കേരള സര്‍ക്കാരിന്റെ ധനകാര്യ വിജിലന്‍സ് അന്വേഷണത്തിനു പിആര്‍ഡി ഡയറക്ടര്‍ ഹരികിഷോര്‍ ഐഎഎസ് നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
കെയുഡബ്ല്യൂജെ ഡല്‍ഹി ഘടകത്തിനു പ്രസ് ക്ലബ് ഓഫിസും ലൈബ്രറിയും നിര്‍മിക്കാനുള്ള പദ്ധതിക്കായി അനുവദിച്ച 25 ലക്ഷം രൂപ ഭാരവാഹികള്‍ ദുര്‍വിനിയോഗിച്ചതിനെ കുറിച്ചു കേരള ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ട്. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഫണ്ടു വെട്ടിപ്പിനെ കുറിച്ചു പിആര്‍ഡി ഡപ്യൂട്ടി ഡയറക്ടര്‍ അന്വേഷണം ആരംഭിച്ചപ്പോള്‍ അന്നത്തെ ഭാരവാഹികള്‍ രാജിവെച്ചു.
ഹൈക്കോടതി കേസും പിആര്‍ഡി അന്വേഷണവും കാരണം ഡല്‍ഹി ഘടകത്തില്‍ ആരും ഭാരവാഹിത്വം ഏറ്റെടുക്കാന്‍ തയാറായില്ല. ഈ സാഹചര്യത്തിലാണ് സിദ്ദിഖ് കാപ്പന് മല്‍സരിക്കാതെ തന്നെ സെക്രട്ടറി സ്ഥാനത്തെത്തിയത്. അന്വേഷണത്തെ തുടര്‍ന്നു ഇടപാടു നിര്‍ത്തിവച്ചിരുന്ന അക്കൗണ്ടില്‍ നിന്നു സര്‍ക്കാര്‍ ഫണ്ടില്‍ അവശേഷിച്ച തുക സെക്രട്ടറിയെന്ന നിലയില്‍ കൈകാര്യം ചെയ്തു.
സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗത്തെ കുറിച്ച് അന്വേഷിച്ച കേരള ഹൗസിലെ ഇന്‍ഫര്‍മേഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഗുരുതരമായ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി നിയമ നടപടി ശുപാര്‍ശ ചെയ്ത് ഡയറക്ടര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പിആര്‍ഡിയിലെ ഇന്സ്പെക്ഷന് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ തുടര്‍ പരിശോധനയിലും ഗുരുതമായ ക്രമക്കേടുകള്‍ കണ്ടെത്തി. അന്വേഷണത്തിനായി വേണ്ടത്ര രേഖകള്‍ സെക്രട്ടറി സിദ്ദിഖ് കാപ്പന് സമര്‍പ്പിച്ചതുമില്ല. ഇതേ തുടര്‍ന്നാണ് രേഖകള്‍ പിടിച്ചെടുക്കാന്‍ അധികാരമുള്ള ധനകാര്യ വിജിലന്‍സ് വിഭാഗത്തെ അന്വേഷണം ഏല്പിക്കാന് പിആര്‍ഡി ഡയറക്ടര്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: