പീരുമേട്: കൊറോണ രോഗികളെ ആരോഗ്യ വകുപ്പ് അവഗണിക്കുന്നതായി കാട്ടി വണ്ടിപ്പെരിയാറില്‍ പ്രതിഷേധം. സംഭവം തുടര്‍ക്കഥയായതോടെ പ്രതിഷേധവുമായി കുട്ടികളടങ്ങുന്ന കുടുംബം വീടിന് മുന്നില്‍ നിരാഹാര സമരം ആരംഭിച്ചു.
ഇഞ്ചിക്കാട് ആറ്റോരം പുത്തന്‍പുരയില്‍ വീട്ടില്‍ അരുണ്‍. കെ.തങ്കപ്പന്‍ കുടുംബാംഗങ്ങളുമാണ് ഇവരുടെ വീടിനു മുമ്പില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ സമരം തുടങ്ങിയത്. ഇവരുടെ കുടുബത്തില്‍ ആറ് പേര്‍ക്ക് കഴിഞ്ഞ മാസം മുതല്‍ പല ഘട്ടങ്ങളിലായി രോഗം വന്നിരുന്നു.
ആംബുലന്‍സ് സൗകര്യം, മരുന്ന്, ഭക്ഷണം, പരിചരണം തുടങ്ങിയ കാര്യങ്ങളില്‍ വീഴ്ച വരുത്തിയതോടെ നിരവധി പരാതികളാണ് ആരോഗ്യ വകുപ്പിനെതിരെ ഉയരുന്നത്. ആറ്റോരം മേഖല അടുത്തടുത്തായി കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലമാണ്. ഇവിടേക്ക് ആംബുലന്‍സ് എത്തില്ലെന്ന് പറഞ്ഞാണ് രോഗികളെ അടക്കം ആരോഗ്യ പ്രവര്‍ത്തകര്‍ ചുറ്റിക്കുന്നത്.
ആദ്യം രോഗം സ്ഥിരീകരിച്ച ഈ കുടുംബത്തിലെ രണ്ട് പേരെ സമീപത്തൊരു വീട്ടിൽ ക്വാറന്റൈനില്‍ കഴിയാന്‍ അനുവദിച്ചെങ്കിലും പിന്നീട് തിരിഞ്ഞ് നോക്കിയില്ല. പിന്നീട് ഇതേ കുടുംബത്തിലെ അമ്മയ്‌ക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും വാഹനം എത്താതെ വന്നതോടെ കാറില്‍ ടൗണിലെത്തിയാണ് രോഗിയെ ആംബുലന്‍സിലേക്ക് മാറ്റിയത്. ആംബുലന്‍സ് വന്നുവെന്ന് പറഞ്ഞ് വിളിച്ചെങ്കിലും മുക്കാല്‍ മണിക്കൂറോളം രോഗിയുമായി റോഡില്‍ കാത്തിരിക്കേണ്ടി വന്നു.പിന്നീട് പ്രായമായ അമ്മയ്‌ക്ക് രോഗം വന്നപ്പോൾ ആശുപത്രിയിലെത്തിയാൽ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകാമെന്ന് അറിയിച്ചു. എത്തിച്ചപ്പോള്‍ നഴ്‌സുമാര്‍ ആക്രോഷിച്ച് വാഹനം പുറത്തിറക്കാന്‍ പറഞ്ഞു. ആംബുലന്‍സ് എത്താത്തത് ചോദിച്ചപ്പോള്‍ രോഗിയായ മദ്ധ്യവയസ്‌കനെതിരെ ജീവനക്കാര്‍ കയര്‍ത്ത് സംസാരിച്ചു. ജോലി തടസപ്പെടുത്തിയെന്ന് പറഞ്ഞ് പോലീസില്‍ പരാതി നല്‍കുകയും പ്രതിഷേധ സമരം സംഘടിപ്പിക്കുകയും ചെയ്തു. പിപിഇ കിറ്റ് ധരിച്ചിട്ടും ജീവനക്കാര്‍ മാറി നിന്നതോടെ നടക്കാന്‍ വയ്യാത്ത അമ്മയെ എത്തിച്ച മകന്‍ തന്നെയാണ് ആംബുലന്‍സില്‍ കയറ്റി ഇരുത്തിയത്. പിന്നാലെ പെണ്‍കുട്ടിയ്‌ക്ക് രോഗം സ്ഥിരീകരിച്ചപ്പോഴും ആംബുലന്‍സ് വീട്ടിലേക്ക് എത്തിയില്ല.
പ്രതിഷേധം ശക്തമായതോടെ ഇന്നലെ പെണ്‍കുട്ടിയെ ഓട്ടോറിക്ഷയിലെത്തി ആശുപത്രിയിലേക്ക് മാറ്റി. മറ്റാര്‍ക്കും ഇത്തരത്തിലുള്ള അവസ്ഥ വരരുതെന്നും വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് തീരുമാനമെന്നും കുടുംബം പറയുന്നത്. മേഖല രണ്ടാഴ്ചയില്‍ അധികമായി കണ്ടെയ്‌മെന്റ് സോണാണ്. രണ്ടാമതും ഇവിടെ രോഗം സ്ഥിരീകരിച്ച കേസുകളുണ്ട്. എന്നാല്‍ കൊറോണ രോഗികളുടെ കാര്യത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്നും സംഭവം സംബന്ധിച്ച് വിശദമായി പരിശോധിച്ചതായും ഇടുക്കി ഡിഎംഒ ഡോ. പ്രിയ എന്‍. ജന്മഭൂമിയോട് പറഞ്ഞു. ആംബുലന്‍സ് സ്ഥലത്ത് എത്താത്തതാണ് പ്രശ്‌നമായത്. എന്നാൽ മേഖലയില്‍ താമസിക്കുന്ന രോഗം സ്ഥിരീകരിച്ച യുവാവിനോട് തലയില്‍ മുണ്ടിട്ട് ആശുപത്രിയിലെത്താന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയത് വിവാദമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: