ന്യൂദല്‍ഹി:ഒഡീഷ തീരത്തുള്ള വീലര്‍ ദ്വീപില്‍ ഒരുക്കിയ വൈദ്യുതകാന്തിക പ്രസരണ ലക്ഷ്യത്തിലേക്ക് വിജയകരമായി വിക്ഷേപിച്ചുകൊണ്ട് പുതുതലമുറ ആന്റി റേഡിയേഷന് മിസൈല്‍ (രുദ്രം) ഇന്ന് വിജയകരമായി പരീക്ഷിച്ചു. സുഖോയ്-30 എം.കെ 1 യുദ്ധവിമാനത്തില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്.
ഇന്ത്യന്‍ വ്യോമസേനയ്ക്ക് (ഐ.എ.എഫ്.) വേണ്ടി ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്ഗനൈസേഷന് (ഡി.ആര്.ഡി.ഒ.) വികസിപ്പിച്ചെടുത്ത ‘രുദ്രം’ തദ്ദേശീയമായി നിര്‍മ്മിച്ച രാജ്യത്തെ ആദ്യത്തെ വികിരണ വിരുദ്ധ മിസൈലാണ് .മിസൈല്‍ വിക്ഷേപണ പ്ലാറ്റ്ഫോമായ സുഖോയ്-30 എം.കെ 1-ല്‍ വച്ചു തന്നെ വിക്ഷേപണ സാഹചര്യങ്ങള്‍ക്കനുസരിച്ച് ദൂര പരിധിയില്‍ വ്യത്യാസം വരുത്താനുമുള്ള സംവിധാനം ഇതിലുണ്ട്
.അന്തിമ ലക്ഷ്യത്തില്‍ കൃത്യതയോടെ ഭേദിക്കാന്‍ ഐ.എന്‍.എസ്-ജി.പി.എസ്. ഗതിനിയന്ത്രണ സംവിധാനം അടിസ്ഥാനമാക്കിയുള്ള പാസ്സീവ് ഹോമിംഗ് ഹെഡ് സാങ്കേതികതയും മിസൈലിനുണ്ട്.പരീക്ഷണത്തില്‍, കൃത്യമായ സ്ഥാനനിര്‍ണ്ണയം നടത്തി വൈദ്യുതകാന്തിക പ്രസരണ ലക്ഷ്യം ഭേദിക്കാന്‍ ‘രുദ്രം’ മിസൈലിന് സാധിച്ചു.
മുന്‍കൂട്ടി തയ്യാറാക്കിയ കമ്പ്യൂട്ടര്‍ പ്രോഗ്രാം അനുസരിച്ച് വിശാല ആവൃത്തിയിലുള്ള ലക്ഷ്യങ്ങള്‍ കണ്ടെത്താനും തരംതിരിക്കാനും ഭേദിക്കാനും കഴിയുന്ന സംവിധാനമാണ് പാസ്സീവ് ഹോമിംഗ് ഹെഡ്. വ്യതിരിക്തമായ വലിയ ശ്രേണികളില്‍ ശത്രു പ്രതിരോധത്തെ കൃത്യതയോടെ തകര്‍ക്കാന്‍ വ്യോമസേനയ്ക്ക് ലഭിച്ച ആയുധമാണ് രുദ്രം.
ഇതോടെ, ശത്രു റഡാറുകള്‍, ആശയവിനിമയ സംവിധാനങ്ങള്‍, മറ്റ് വികിരണ പ്രസരണ ലക്ഷ്യങ്ങള്‍ എന്നിവ നിര്‍വ്വീര്യമാക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര ആന്റി റേഡിയേഷന് വ്യോമ മിസൈലുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്നതില്‍ രാജ്യം കഴിവ് തെളിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: