ആലപ്പുഴ: ക്രിക്കറ്റ് കളിസ്ഥലത്ത് സ്റ്റമ്പ് ഉപയോഗിച്ച് യുവാവിനെ അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവും. രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. ഇവരെ സഹായിച്ച രണ്ടു പ്രതികള്‍ക്ക് മൂന്നു വര്‍ഷം തടവും ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് പി. എന്‍. സീത ശിക്ഷ വിധിച്ചു.
കളിസ്ഥലത്തെ പരസ്യമായ മദ്യപാനത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ ഹരിപ്പാട് പള്ളിപ്പാട് ശരത് നിവാസില്‍ രാമചന്ദ്രന്റെ ഏകമകന് ശരത്ചന്ദ്ര(ശംഭൂ-19)നെയാണ് കൊലപ്പെടുത്തിയത്. ഒന്നും രണ്ടും പ്രതികളായ പള്ളിപ്പാട് പിലാപ്പുഴ മുല്ലശ്ശേരി തറയില്‍ ശ്യാംദാസ്(33),സഹോദരന് ശാരോണ്‍ ദാസ്(31)എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ്. ഇവരെ സംഭവ സ്ഥലത്ത് നിന്ന് ഇവരെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് നീണ്ടൂര്‍ ഹരീഷ്ഭവനത്തില്‍ ഹരീഷ്(33), പള്ളിപ്പാട് തോപ്പില്‍ സുനില്‍ കുമാര്‍(37)എന്നവര്‍ക്ക് മൂന്നു വര്‍ഷം തടവു വിധിച്ചത്. ഇവര്‍ വിചാരണ വേളയില്‍ ജയിലില്‍ കിടന്ന ദിവസങ്ങള്‍ ഇളവു ലഭിക്കുന്നതാണെന്ന് വിധിന്യായത്തില്‍ പറയുന്നു.
പ്രതികളില്‍ നിന്ന് പിഴയായി ഈടാക്കുന്ന തുക മരിച്ച ശരത് ചന്ദ്രന്റെ മാതാപിതാക്കള്‍ക്ക് നല്‍കണം. മാതാപിതാക്കള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി. 2011 മാര്‍ച്ച് 14ന് പള്ളിപ്പാട് പൊയ്യക്കരയിലായിരുന്നു കേസിനാസ്പദമായ സംഭവം. 22 സാക്ഷികളെ വിസ്തരിച്ചതില്‍ നാല് സാക്ഷികള്‍ കൂറുമാറിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡിഷണല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ പി.പി.ഗീത, അഡ്വ. പി.പി.ബൈജൂ, അഡ്വ. ആര്യാസദാശിവന്‍ എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: