മഞ്ചേശ്വരം: കാസര്‍കോടിനോട് അധികൃതര്‍ കാണിക്കുന്ന അവഗണനയുടെ തുടര്‍ച്ചയായി സപ്തഭാഷാ പഠന ഗവേഷണ കേന്ദ്രത്തിന്റെ കെട്ടിടം പണി പൂര്‍ത്തിയായിട്ട് നാല് വര്‍ഷം കഴിഞ്ഞിട്ടും പ്രവര്‍ത്തനമാരംഭിച്ചില്ല. മഞ്ചേശ്വരത്ത് കണ്ണൂര്‍ സര്‍വകലാശാലയ്ക്കു കീഴില്‍ തുടങ്ങുന്ന പഠനകേന്ദ്രത്തിന്റെ പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത് ഗോവിന്ദ പൈ കോളേജിനു സമീപം യൂണിവേഴ്സിറ്റി സ്ഥലത്താണ്. 2016 ജനുവരി മാസത്തില്‍ പ്രവര്‍ത്തനമാരംഭിക്കത്തക്കവിധത്തില്‍ ദ്രുതഗതിയിലാണ് കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നത്. കോടികള്‍ മുടക്കി നിര്‍മിച്ച കെട്ടിടമാണ് അനാഥമായിക്കിടക്കുന്നത്. മലയാളം, കന്നഡ, തുളു, കൊങ്കണി, ഉര്‍ദു, ബ്യാരി, മറാഠി ഭാഷകളിലെ സാംസ്കാരിക കൃതികള്‍, താളിയോല ഗ്രന്ഥങ്ങള്‍ എന്നിവ ശേഖരിച്ച് സൂക്ഷിക്കുകയായിരുന്നു ഒരു ലക്ഷ്യം.
മഹാകവി പി.കുഞ്ഞിരാമന് നായര്‍, രാഷ്ട്ര കവി ഗോവിന്ദ പൈ, കുട്ടമത്ത്, വിദ്വാന് പി. കേളു നായര്‍ എന്നിവരുള്‍പ്പെടെയുള്ള മഹാന്മാരുടെ ഛായാചിത്രങ്ങള്‍, കൃതികള്‍, യക്ഷഗാനമുള്‍പ്പെടെയുള്ള കലാരൂപങ്ങളുടെ വേഷവിധാനങ്ങള്‍ എന്നിവയുടെ പ്രദര്‍ശനത്തിനും പദ്ധതിയിട്ടിരുന്നു. പൂരക്കളി, മാപ്പിള കലകള്‍, കോഴിപ്പോര്, പോത്തോട്ടം തുടങ്ങി ഏഴു ഭാഷകളിലെയും സംസ്കാരങ്ങളിലെയും ആഘോഷാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ചിത്രങ്ങള്‍ എന്നിവയെല്ലാം പഠനകേന്ദ്രത്തിലൊരുക്കുവാനുമാണ് ലക്ഷ്യമിട്ടത്. ഏഴ് ഭാഷകളിലെയും ഇതര സംസ്ഥാനങ്ങളിലെ സാഹിത്യസാംസ്കാരിക പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് ചര്‍ച്ചകളും സംവാദങ്ങളും ഇവിടെ സംഘടിപ്പിക്കുമെന്നുമാണ് അധികൃതര്‍ പറഞ്ഞിരുന്നത്.
ഉന്നത വിദ്യഭ്യാസത്തിനും ഗവേഷണങ്ങള്‍ക്കും മംഗളൂരുവിലെ വിദ്യാഭ്യസ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന ഈ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകുന്ന ഒന്നാണ് സപ്തഭാഷാ പഠനകേന്ദ്രം. 1.42 കോടി രൂപയാണ് നിര്‍മാണച്ചെലവ്. ഏഴ് ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളോടുംകൂടിയതാണ് കെട്ടിടം. പ്രവര്ത്തനമാരംഭിക്കുകയാണെങ്കില് സപ്തഭാഷാ സമന്വയ കേന്ദ്രമാകുന്ന പഠനകേന്ദ്രം ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് കാണത്തക്കവിധം ഒരു മ്യൂസിയം കൂടിയാകേണ്ടതാണ്. പക്ഷേ ചുറ്റിലും കാടുമൂടി സമൂഹവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ് ഇപ്പോഴിതെന്ന് പ്രദേശവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: