കാസര്‍കോട്: രണ്ടര കോടിയുടെ ചന്ദനത്തിന്റെ അടിവേരുകള്‍ ചികഞ്ഞ് വനം വകുപ്പ്. പ്രതികളുടെ വീടുകള്‍ റെയ്ഡ് ചെയ്തതില്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതായി കേസന്വേഷണത്തിന് നേതൃത്വം നല്കുന്ന കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്‍ അനില്‍കുമാര്‍ പറഞ്ഞു. ചന്ദന സംഘത്തിലെ പിടികിട്ടാപുള്ളിയെ റെയ്ഡിനിടയില്‍ പിടികൂടിയിട്ടുണ്ട്. കൊല്ലത്ത് മുമ്പ് നടന്ന ചന്ദനകടത്തുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്ന ചെങ്കള പാണലംകുന്നിലിലെ അബ്ദുല്‍ കരീം (48) ആണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്ത ശേഷം കൊല്ലം വനം വകുപ്പിന് കൈമാറി. പ്രതിയെ കൊല്ലത്തേക്ക് കൊണ്ടുപോയി.
കാസര്‍കോട് ജില്ലാ കലക്ടറുടെയും ജില്ലാ പൊലീസ് ചീഫിന്റെയും വസതിക്ക് സമീപത്തെ വീട്ടിലെ രഹസ്യകേന്ദ്രത്തില്‍ നിന്നും കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് രണ്ടര കോടി രൂപ വിലവരുന്ന ചന്ദനമുട്ടികള്‍ പിടികൂടിയത്. അതേ സമയം ചന്ദന കടത്ത് കേസിലെ മറ്റൊരു ആസൂത്രകന്‍ കര്‍ണാടക തുംകൂര്‍ സ്വദേശിയാണെന്ന് വനംവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. കലക്ടറുടെ ഗണ്മാന് ദിലീഷ്കുമാറും ഡ്രൈവര്‍ ശ്രീജിത്തും ചന്ദനമുട്ടികള്‍ പരിശോധിക്കുന്നതിനിടെ രക്ഷപെട്ട നാലുപേരില്‍ ഒരാള്‍ കര്‍ണാടക സ്വദേശിയാണെന്നാണ് സൂചന.
വീട്ടുടമ അബ്ദുല്‍ ഖാദര്‍, മകന് അര്‍ഷാദ്, ലോറി ഡ്രൈവര്‍ എന്നിവരാണ് രക്ഷപെട്ട മറ്റുള്ളവര്‍. തുംകൂര്‍ സ്വദേശിക്കും അര്‍ഷാദിനുമാണ് ചന്ദനമുട്ടികള്‍ ആന്ധ്രയിലെ ചന്ദന ഫാക്ടറികളിലെത്തിക്കുന്നതിനുള്ള ചുമതല ഉണ്ടായിരുന്നതെന്നാണ് സൂചന. കച്ചവടം ഉറപ്പിച്ചശേഷം മറ്റു സാധനങ്ങള്‍ കൊണ്ടുപോകുന്നുവെന്ന വ്യാജേന ക്യാബിന് സമീപം നിര്‍മ്മിച്ച പ്രത്യേക അറയില്‍ ചന്ദന ചാക്കുകെട്ടുകള്‍ വെച്ച് കടത്താനായിരുന്നു പ്ലാന്‍. കാസര്‍കോട് ഡിഎഫ്ഒ അനൂപ്കുമാര്‍ തുംകൂര്‍ ഡിഎഫ്ഒ ഗിരീഷിന് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തുംകൂര്‍ സ്വദേശിക്കായി കര്‍ണ്ണാടകയിലും തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പിടികൂടിയ ചന്ദനം കാസര്‍കോട് നിന്നുള്ളതല്ലെന്നാണ് വനംവകുപ്പ് പറയുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മോഷ്ടിച്ച ചന്ദനം മുട്ടികള്‍ കാസര്‍കോട്ട് സൂക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം.
ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അനില്‍കുമാറാണ് കേസന്വേഷിക്കുന്നത്. പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുള്ളതായി ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: