തൃശൂര്‍: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല ഓര്‍ഡിനന്‍സിലൂടെ കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളോട് സംസ്ഥാന സര്‍ക്കാര്‍ ഇരട്ടനീതി കാട്ടുകയാണെന്ന് കെഎസ്യു. ‘സീറോ ഗ്രേഡ്’ പോയിന്റുള്ള ഓപ്പണ്‍ യൂണിവേഴ്സിറ്റിയിലേക്ക് വിദൂര വിദ്യാഭ്യാസത്തേയും വിദ്യാര്‍ത്ഥികളെയും തള്ളിയിടുന്ന സര്‍ക്കാരിന്റെ തെറ്റായ നയത്തിനെതിരെ ഇടതുപക്ഷ യുവജന-വിദ്യാര്‍ത്ഥി സംഘടനകള്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. നേരത്തേ ഓപ്പണ്‍ യൂണിവേഴ്സിറ്റിക്കെതിരെയായിരുന്ന ഡിവൈഎഫ്ഐയും എസ്എഫ്ഐയും ഇപ്പോള്‍ സര്‍ക്കാരിനു മുന്നില്‍ മുട്ടുമടക്കിയിരിക്കുകയാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്വാശ്രയ സ്ഥാപനങ്ങളെ സഹായിക്കാനാണ് ഓപ്പണ്‍ സര്‍വകലാശാല സര്‍ക്കാര്‍ ആരംഭിക്കുന്നത്. ഏതു യൂണിവേഴ്സിറ്റിയില്‍ പഠിക്കണമെന്ന വിദ്യാര്‍ത്ഥിയുടെ അവകാശവും സ്വാതന്ത്ര്യവും സര്‍ക്കാര്‍ നിഷേധിക്കുകയാണ്. ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിതമാകുന്നതോടെ സംസ്ഥാനത്തെ നാലു യൂണിവേഴ്സിറ്റികളില്‍ വിദൂര വിദ്യാഭ്യാസവും പ്രൈവറ്റ് രജിസട്രേഷനും നടത്താന്‍ പാടില്ല. ഓപ്പണ്‍ സര്‍വകലാശാല ഓര്‍ഡിനന്‍സിലൂടെ കേരളത്തിലെ വിദ്യാര്‍ത്ഥികളെ രണ്ടു തട്ടിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ കെഎസ്യു ജില്ലാ പ്രസിഡന്റ് മിഥുന് മോഹന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീലാല്‍ ശ്രീധര്‍, ഡേവിഡ് കുര്യന്, വിഷ്ണു ചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: