തൃശൂര്‍: സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിന്റെ കൊലപാതകം രണ്ടു സംഘങ്ങള്‍ തമ്മിലുള്ള വ്യക്തി വൈരാഗ്യത്തില്‍ നിന്ന് ഉണ്ടായതാണെന്നും രണ്ട് ഗ്രൂപ്പുകളും സിപിഎം പ്രവര്‍ത്തകരാണെന്ന്് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും മന്ത്രി മൊയ്തീന് കളവായ ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ ജില്ലയില്‍ പ്രചരണം ശക്തമാക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാര്‍. എ.സി മൊയ്തീന്റെ വിഷലിപ്തമായ പ്രസ്താവനയെത്തുടര്‍ന്ന് ജില്ലയില്‍ സംഘര്‍ഷാത്മകമായ അന്തരീക്ഷം രൂപപ്പെട്ടിരിക്കുകയാണ്. കൊലപാതകികള്‍ ആര്‍എസ്എസും ബിജെപിയും ആണെന്ന് ചിത്രീകരിച്ച് പ്രകോപനപരമായ ഫ്ളക്സുകളാണ് ജില്ലയിലുടനീളം സ്ഥാപിച്ചിട്ടുള്ളത്.
ഇതിനെത്തുടര്‍ന്ന് ബിജെപിയുടെ തെരെഞ്ഞെടുപ്പ് കമ്മറ്റി ഓഫീസുകളും സ്തൂപങ്ങളും കുന്നംകുളത്ത് നശിപ്പിക്കപ്പെട്ടു. കലാപമുണ്ടാക്കുംവിധം പ്രസ്താവന നടത്തിയതിനും അപകീര്‍ത്തികരമായ പ്രചരണം നടത്തിയതിനും മൊയ്തീനെതിരെ ബിജെപി ജില്ലാ പ്രസിഡന്റ് തന്നെ നേരിട്ട് പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പോലീസ് ഭയക്കുകയാണ്. നീതിയും നിയമവും അട്ടിമറിക്കാനും നിരപരാധികളെ കുടുക്കി തന്റെ അഴിമതിക്കേസ് മറച്ച് വെയ്ക്കാന്‍ ഒരു മന്ത്രി തന്നെ ശ്രമിക്കുന്നത് അധികാര ദുര്‍വിനിയോഗവും നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണ്. ജനകീയ പ്രതിരോധം തീര്‍ത്ത് ഈ വെല്ലുവിളിയെ അതിജീവിക്കാനാണ് ബിജെപി തീരുമാനം. കുന്നംകുളം മണ്ഡലത്തിലെ മുഴുവന്‍ വാര്‍ഡുകളിലും പന്തംകൊളുത്തി പ്രകടനം നടത്തും. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും പ്രതിഷേധ പരിപാടികള്‍ നടക്കുമെന്നും അനീഷ്കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: