കൊല മനസ്സിലില്ലാത്തവനാണ് കലാകാരന്‍. കലയുണ്ടോ, കൊലയില്ല എന്നത്രേ അഭിജ്ഞമതം. എന്നാല്‍ കലാകാരനെ എങ്ങനെ കൊലപാതകത്തിലേക്കും മറ്റും തൊഴിച്ചെറിയാമെന്നാണ് ചിലര്‍ ഗവേഷണം നടത്തുന്നത്.
കേരളം ദൈവത്തിന്റെ സ്വന്തം നാടായതിനാല്‍ ഇവിടെ നടക്കുന്നതത്രയും ദൈവത്തിന്റെ കണ്ണോട്ടത്തിലുള്ളതെന്നാണല്ലോ പറയുന്നത്. സംസ്‌കാരം കൊണ്ടും സ്വഭാവം കൊണ്ടും രാഷ്‌ട്രീയഗരിമ കൊണ്ടും വേറിട്ടു നില്‍ക്കുന്ന കേരളത്തില്‍ നിന്ന് ഒരു കലാകാരന്‍ കരള്‍പിളര്‍ന്ന വേദനയോടെ പൊട്ടിക്കരഞ്ഞ് ചോദിച്ചത് ആരാനും കേട്ടിരുന്നോ? ജാതി മത രാഷ്‌ട്രീയ വേഷങ്ങളുടെ അപ്പുറത്ത് കലയുടെ തെളിമയുള്ള നടന വിസ്മയവുമായി സമൂഹത്തിന്റെ ഹൃദയത്തില്‍ സ്ഥാനമുള്ള ആര്‍ എല്‍ വി രാമകൃഷ്ണനാണ് നെഞ്ചുപൊട്ടിക്കരഞ്ഞ് ചില ചോദ്യങ്ങള്‍ കേരള മനസ്സാക്ഷിയുടെ മുഖത്തേക്കെറിഞ്ഞത്.
കോവിഡ് കാലത്തെ ദുരിതങ്ങളില്‍ ഉഴലുന്ന കലാകാരന്മാരെ സഹായിക്കാനെന്ന തരത്തിലാണ് കേരള സംഗീത നാടക അക്കാദമി ഓണ്‍ലൈനില്‍ കലാപരിപാടികള്‍ നടത്താന്‍ തീരുമാനിച്ചത്. ഒരു കലാകാരി തന്നെയാണ് അതിന്റെ തലപ്പത്ത് എന്നതിനാല്‍ കൂടുതല്‍ നല്ല സംസ്‌കാരം ഉണ്ടാവുമെന്നു തന്നെയാണ് പൊതുസമൂഹം കരുതിയത്. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ അറപ്പുളവാക്കുന്ന രാഷ്‌ട്രീയാടിമത്തവും മ്ലേച്ഛമായ നിലപാടും കൊണ്ട് കലാകാരന്മാരുടെ കണ്ണീര് വീഴ്‌ത്താനുള്ള ഒത്താശയാണ് അവരുടെ ഭാഗത്തുനിന്നുണ്ടായത്.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നൃത്ത പരിപാടി അവതരിപ്പിക്കാന്‍ ആര്‍ എല്‍ വി രാമകൃഷ്ണനെ അനുവദിച്ചില്ല എന്ന ഖേദകരമായ സ്ഥിതിയാണുണ്ടായത്. പരിപാടിക്ക് കലാകാരന്മാരെ തെരഞ്ഞെടുക്കുന്നതില്‍ ഒരു സുതാര്യതയും ഉണ്ടായില്ല. തനിക്കും തന്നെ സ്ഥാനമേല്‍പിച്ച രാഷ്‌ട്രീയ നേതൃത്വത്തിനും
പഥ്യമായവരെക്കൊണ്ട് പരിപാടി നടത്തിക്കുകയായിരുന്നു. പലതവണ അനുമതി ചോദിച്ചെങ്കിലും നിഷേധിച്ചു. ചെയര്‍പെഴ്‌സന്റെ ഓഫീസില്‍ കയറാന്‍ പോലും സെക്രട്ടറി അനുവദിച്ചില്ലെന്ന് ആ കലാകാരന്‍ വേദനയോടെ പറയുമ്പോള്‍ ആര്‍ക്കുവേണ്ടിയാണ് ഈ സ്ഥാപനം എന്ന് പൊതു സമൂഹം ചോദിക്കേണ്ടേ?
നൃത്തത്തിലെ ആണ്‍ വഴികള്‍ എന്ന ഗവേഷണവിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ രാമകൃഷ്ണന് നൃത്തം ചെയ്യാന്‍ അവസരം കൊടുക്കാതിരുന്നതിന്റെ പിന്നില്‍ നീചമായ ജാതി വിവേചനവും നികൃഷ്ട രാഷ്‌ട്രീയ ധാര്‍ഷ്ട്യവുമല്ലെങ്കില്‍ മറ്റെന്താണ്!
ഉത്തരേന്ത്യയില്‍ ഒരു പക്ഷി ചത്തുവീണാല്‍ പോലും അതില്‍ ജാതിസ്പര്‍ശം ഗവേഷണം നടത്തി അലമുറയിടുന്ന ‘സാമൂഹിക പ്രബുദ്ധരുടെ ‘നാട്ടിലാണ് കഴിവിന്റെ കനകച്ചിലങ്ക കെട്ടിയ ഒരു കലാകാരനെ പുറംകാല്‍ കൊണ്ട് തൊഴിച്ചെറിഞ്ഞത്. അതു മാത്രമോ, അദ്ദേഹത്തിനെതിരെ നെറികെട്ട ആരോപണങ്ങളും തുറന്നു വിട്ടു. കലയുടെ വഴികള്‍ മാത്രമറിയാവുന്ന രാമകൃഷ്ണന്‍ അപമാനിതനായതില്‍ നൊന്ത് ആത്മഹത്യക്കു ശ്രമിച്ചു.
വരേണ്യഫ്യൂഡല്‍ മാടമ്പിത്തത്തിന്റെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കാന്‍ അറിയാത്തതിനാലാണ് രാമകൃഷ്ണന്‍ നിസ്സഹായതയോടെ മരണത്തിന്റെ തണുത്ത മൗനത്തിലേക്കു നടന്നു പോകാന്‍ തീരുമാനിച്ചത്.
ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് അദ്ദേഹം രക്ഷപ്പെട്ടു. പക്ഷേ, ആ കണ്ണീര് കേരളത്തിന്റെ നെഞ്ചത്താണ് വീണത്. പൊള്ളിപ്പിടയുന്നുണ്ടത്. ‘ആട്ടത്തിലെ ആണ്‍ വഴികള്‍’ എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ രാമകൃഷ്ണനോട് നൃത്തം സ്ത്രീകള്‍ക്കു മാത്രം അവകാശപ്പെട്ടതാണെന്നു പറയുമ്പോള്‍ അത് കലയെ കൊല ചെയ്യുകയല്ലേ.
തികഞ്ഞ ജാതി വിവേചനവും രാഷ്‌ട്രീയ ധാര്‍ഷ്ട്യവുമാണ് തനിക്കു നേരെ ഉണ്ടായതെന്നും രാമകൃഷ്ണന്‍ കണ്ണീരോടെ പറയുന്നുണ്ട്.’കലാമണ്ഡലത്തില്‍ പുരുഷ അധ്യാപകര്‍ നൃത്തത്തിന് ക്ലാസെടുക്കുന്നു. ഗുരു കൃഷ്ണപ്പണിക്കര്‍ ആശാനാണ് മോഹിനിയാട്ടം എന്ന കലാരൂപം പുനരുജ്ജീവിപ്പിച്ചത്. ആ നൃത്തരൂപത്തിന് ഉയിരും ഉണര്‍വും നല്‍കുന്നതില്‍ വള്ളത്തോള്‍ വഹിച്ച പങ്കും മഹത്തരമാണ്. കൈരളി നടനം എന്ന പേരില്‍ അറിയപ്പെടണം എന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു.രാജ്യത്തെ മറ്റുള്ളയിടങ്ങളിലെ നൃത്തരൂപങ്ങളില്‍ കാലാനുസൃതമാറ്റങ്ങള്‍ വന്നപ്പോഴും കേരളത്തിന്റെ ഫ്യൂഡല്‍മനസ്സ് തടസ്സങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. മോഹിനിയാട്ടം ആടാന്‍ പുരുഷന്മാരെ അനുവദിക്കുന്നില്ല’. രാമകൃഷ്ണന്റെ ഈ കണ്ണീര്‍ ചുട്ടുപൊള്ളിച്ചുകൊണ്ടേയിരിക്കയല്ലേ?
കേരളത്തിന്റെ നെഞ്ചിലേക്ക് രണ്ടരക്കൊല്ലം മുമ്പ് ചിണ്ടക്കി ഊരിലെ മധുവിന്റെ കണ്ണീര്‍ ഉതിര്‍ന്നു വീണു. സത്യം പറയട്ടെ, അന്നു മുതല്‍ കേരളം സമാധാനം എന്തെന്നറിഞ്ഞിട്ടില്ല! ഒരു പിടി ചോറിനു വേണ്ടി യാചിച്ച കാടിന്റെ മകനെ ചവിട്ടിയും അടിച്ചും കൊന്ന നമ്മള്‍ അഭിമാനത്തോടെ പറയുന്നു: ഞങ്ങള്‍ ദൈവത്തിന്റെ നാട്ടുകാര്‍.കലയുടെ മുറ്റത്തു ചിലങ്കയണിഞ്ഞെത്തിയ പാവം കലാകാരനോട് പറയുന്നു: കടക്ക് പുറത്ത്.ഈ കണ്ണീരൊക്കെ ആര്‍ത്തലച്ച് പ്രളയമായി വന്ന് തുടച്ചു നീക്കാന്‍ ഇനി അധികകാലമില്ല.പ്രളയം, ഭൂകമ്പം, മലയിടിച്ചില്‍, വന്‍ അപകടങ്ങള്‍, നിപ്പ, ഓഖി, സുനാമി… ഒടുവില്‍ കോവിഡും. ദൈവം എന്നേ ഈ നാടുപേക്ഷിച്ചത് ആരാനും അറിഞ്ഞുവോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: