അശ്വതി എം.ബാലചന്ദ്രന്
അതിമനോഹരമായ പ്രകൃതി, ചെറിയ പുഷ്പങ്ങളുടെ ഇതളുകള്‍ മഞ്ഞുകണങ്ങളേപ്പോലെ താഴേയ്ക്ക് വീഴാന്‍ തുടങ്ങി. പക്ഷികള്‍ ചിറകടിച്ച് മുകളിലേക്ക് പറന്നുയര്‍ന്നു കൊണ്ടേയിരുന്നു. എങ്ങും സന്തോഷത്തിന്റെ പുത്തിരി വെട്ടം തെളിഞ്ഞു. അവള്‍ക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്തവിധമുള്ള സന്തോഷമായിരുന്നു. അവള് മനസില്‍ വിചാരിച്ചു; ഹോ… സമാധാനമായി, ആ മഴ തീര്‍ന്നല്ലോ!. അവള് മഴയെ എന്നെന്നേയ്ക്കുമായി വെറുത്തു കഴിഞ്ഞിരുന്നു. മഴയും അതിന്റെ സൗന്ദര്യവും സംഗീതവുമെല്ലാം വളരെയധികം ഇഷ്ടപ്പെട്ടിരുന്ന ഒരു നാടന്‍ പെണ്‍കുട്ടി തന്നെയായിരുന്നു അവള്. പക്ഷേ ഇപ്പോള്‍…
അവളെ എന്തൊക്കെയോചിന്തകള് അലട്ടിക്കൊണ്ടേയിരുന്നു. ജനാലയിലൂടെ അവള് മഴയെ വീക്ഷിച്ചു കൊണ്ടേയിരുന്നു. എത്ര സൗന്ദര്യ വതിയാണ് പ്രകൃതിയെന്ന് അവള് ഓര്‍ത്തു. ഇങ്ങനെയൊരു മഴക്കാലത്താണ് അവള് പ്രകൃതിയെ എന്നെന്നേയ്ക്കുമായി ശപിച്ചത്. അവളുടെ ജീവിതം മാറ്റിമറിച്ചതും ഇതുപോലൊരു മഴക്കാലത്താണ്.
പെട്ടന്ന് സ്വപ്നത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന പോലെ… അവള് വെളിയിലേക്കിറങ്ങി. അവള് സന്തോഷത്താല്‍ തുള്ളിച്ചാടി. ‘ അമ്മു… അമ്മൂ… ഈ കുട്ടിയിത് എവിടാ?. അകത്ത് നിന്ന് അവളുടെ മുത്തശ്ശി വിളിച്ചു. സ്നേഹത്തിന്റെയും, വാത്സല്യത്തിന്റെയും പ്രതീകമായിരുന്നു അവളുടെ മുത്തശ്ശി. അനാഥത്വത്തിന്റെ വിലയെന്തെന്ന് അറിയാന്‍ കഴിവുള്ളവളാണ്. അങ്ങനെ അല്ലെങ്കില്‍ ഒരു അനാഥപെണ്‍കുട്ടിയെ എടുത്ത് വളര്‍ത്താനുള്ള മനസ് ആ മുത്തശ്ശിക്ക് ഉണ്ടാകുമോ? സ്വന്തം മകളെപ്പോലെയാണ് അവര്‍ അമ്മുവിനെ വളര്‍ത്തുന്നത്. അമ്മു മുത്തശ്ശിയുടെ അരികിലേക്ക് എത്തി. അവളുടെ മനസിലേക്ക് വേദന പെയ്തിതിറങ്ങുന്നതിനൊപ്പം പുറത്തും മഴ ആര്‍ത്തലച്ചു. പ്രകൃതിയാണ് എന്നെ ചതിച്ച വില്ലനെന്ന് അവള് മനസില്‍ മന്ത്രിച്ചു. മറക്കാന്‍ ശ്രമിച്ച കാര്യങ്ങള്‍ ഓരോന്നായി അവളുടെ മനസിലേക്ക് ഇരച്ചെത്തി.
അന്നും നല്ല മഴയായിരുന്നു. ആ മഴ പിന്നീട് വലിയ പ്രളയമായി മാറി. പ്രളയജലം ഗ്രാമത്തിലേക്ക് ഇരച്ചെത്തി. വളര്‍ത്തു മൃഗങ്ങളെ അടക്കം പ്രളയം കവര്‍ന്നു. കൂലിവേലക്കാരനായ അമ്മുവിന്റെ പിതാവ് കൊണ്ടുവരുന്ന പണമായിരുന്നു കുടുംബത്തിന്റെ നട്ടെല്ല്. പ്രളയം വന്നതോടെ അച്ഛന് തൊഴിലില്ലാതായി. ഇതോടെ കുടുംബം മുഴു പട്ടിണിയിലേക്ക് നീങ്ങി. പ്രളയത്തിനൊപ്പം ഉണ്ടായ ഉരുള്‍പ്പൊട്ടല്‍ കവര്‍ന്നത് അവളുടെ ജീവന്റെ ജീവനായ അച്ഛനെയാണ്. മകള്‍ പട്ടിണി കിടന്ന് മരിക്കാതിരിക്കാന്‍ മകളെ മറ്റൊരു വീട്ടിലേല്‍പ്പിച്ച് പ്രളയത്തെ ഭയക്കാതെ അവളുടെ അമ്മ തൊഴില്‍ തേടിപ്പോയി. ദിവസം രണ്ട് കഴിഞ്ഞിട്ടും അമ്മ മകളെ തേടിയെത്തിയില്ല. പ്രളയം നാടിനെ ആകെ മുക്കി. ജനങ്ങളെ അധികാരികള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. അമ്മുവിനെ നോക്കാന്‍ ഏല്‍പ്പിച്ച വീട്ടുകാര്‍ അവളെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിച്ചശേഷം അവരും നാടുവിട്ടു. ഇതോടെ അമ്മു ജീവിതത്തില്‍ തനിച്ചായി. തന്നേ തേടി അമ്മ വരുമെന്ന പ്രതീക്ഷയില്‍ ഓരോ നിമിഷവും അവള് തള്ളി നീക്കി. ഒരു ദിവസം രാവിലെ അവളുടെ ചെവിയിലും ആ വാര്‍ത്ത എത്തി. അമ്മയുടെ ജീവനും പ്രളയം കവര്‍ന്നു.
ഇതോടെ ബന്ധുക്കളും അവളെ ഉപേക്ഷിച്ചു. പ്രളയം ശമിച്ച് ജനജീവിതം സാധാരണ നിലയിലേക്ക് എത്തിയതോടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ജനം വീടുകളിലേക്ക് മടങ്ങി. ക്യാമ്പിലുണ്ടായിരുന്ന അനാഥ കുട്ടികളെയും ചിലര്‍ തിരിച്ചുള്ള മടക്കത്തില്‍ ഒപ്പം കൂട്ടി. എന്തോ; അവളേ ആരും ഏറ്റെടുക്കാന്‍ തയ്യാറായില്ല. ക്യാമ്പില്‍ ഏകയായ അവള്‍ക്ക് കണ്ണീര് പൊഴിക്കാനല്ലാതെ മറ്റെന്ത് ചെയ്യാനാകും. ക്യാമ്പില്‍ ഏകയായി അലഞ്ഞു നടന്ന ഒരു ദിവസം. പെട്ടന്ന് ഒരു സ്ത്രീ വന്ന് പറഞ്ഞു, ‘നിന്നെ കാണാന്‍ ആരോ വന്നിരിക്കുന്നു’. കണ്ണീരുണങ്ങിയ മുഖവുമായി ക്യാമ്പ് മുറിയിലേക്ക് അവള് എത്തി. അമ്മുവിനുണ്ടായ ദുരന്തങ്ങള്‍ അറിഞ്ഞ് അവളെ ഒപ്പം കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയിരിക്കുകയാണ് ഒരു മുത്തശ്ശി. അവള്‍ക്ക് കൂടുതലൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അന്ന് ആരംഭിച്ചതാണ് അമ്മു മുത്തശ്ശിക്കൊപ്പമുള്ള ജീവിതം. ഇന്ന് അവളുടെ അച്ഛനും അമ്മയും ദൈവവുമെല്ലാം മുത്തശ്ശിയാണ്. പുറത്ത് മഴ ശമിച്ച് തുടങ്ങിയിരിക്കുന്നു. വീണ്ടും നല്ലൊരു പ്രകൃതി വരവായി. അവളുടെ കണ്ണില്‍ നിന്നും കണ്ണീര് കണങ്ങള്‍ വീണു കൊണ്ടേയിരുന്നു…..
പ്രതികരിക്കാൻ ഇവിടെ എഴുതുക: