കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്കിയ കുറ്റപത്രത്തില്‍ പ്രതി സ്വപ്ന സുരേഷിന്റേതായ വിശദീകരണങ്ങള്‍ ഇങ്ങനെ: സ്വപ്ന ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള, ഇന്ത്യന്‍ പൗരത്വമുള്ളയാളാണ്. അവര്‍ 2016 ഒക്ടോബര്‍ മുതല്‍ 2019 സെപ്തംബര്‍ വരെ യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്തു. 975 അമേരിക്കന്‍ ഡോളറായിരുന്നു വേതനം. സ്പേസ് പാര്‍ക്ക് പ്രൊജക്ടിലെ വിഷന്‍ ടെക്നോളജിയില്‍ ജോലിക്ക് 1,07,000 രൂപ ആയിരുന്നു ശമ്പളം. സരിത്തിനെ സ്വപ്ന പരിചയപ്പെടുമ്പോള്‍ അയാള്‍ അവിടെ പിആര്‍ഒ ആയിരുന്നു. യുഎഇ കോണ്‍സുലേറ്റില്‍ കോണ്‍സലിന്റെ സെക്രട്ടറിയായിരുന്നു സ്വപ്ന.
യുഎഎഫ്എക്സ് സൊലൂഷന്‍സ് ലിമിറ്റഡ്, ഫോര്‍ത്ത് ഫോഴ്സ്, യൂണിടാക് ബില്‍ഡേഴ്സ്, സേന് വെഞ്ച്വേഴ്സ് എന്നീ സ്ഥാപനങ്ങളും യുഎഇ കോണ്‍സുലേറ്റുമായുള്ള ഇടപാടുകള്‍ ഉണ്ടാക്കിയതില്‍ സ്വപ്നക്ക് കമ്മീഷന് കിട്ടി. 2018ലെ വെള്ളപ്പൊക്കത്തിനെത്തുടര്‍ന്ന് 150 വീടുകളുടെ പുനര്‍നിര്‍മാണ പദ്ധതിക്കാണ് കരാറുകള്‍ ഉണ്ടാക്കിയത്. 2019 സെപ്തംബറില്‍ കോണ്‍സുലേറ്റില്‍നിന്ന് രാജിവച്ചു, കേരളത്തിന്റെ ഐടി മന്ത്രാലയത്തിനുകീഴിലുള്ള സ്പേസ് പാര്‍ക്ക് പ്രോജക്ടില്‍ ചേര്‍ന്നു. ശിവശങ്കര്‍ ഐഎഎസാണ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ (കെഎസ്ഐടിഐഎല്‍) എംഡി. ഡോ. ജയശങ്കറിനെയും സ്പേ്സ് പാര്‍ക്ക് പ്രത്യേക ഓഫീസര്‍ സന്തോഷിനെയും ഇതിനായി കാണാന്‍ നിര്‍ദ്ദേശിച്ചത്. ശിവശങ്കറായിരുന്നു കേരള സര്‍ക്കാരും യുഎഇ കോണ്‍സുലേറ്റും തമ്മിലുള്ള കണ്ണി. ശിവശങ്കറുമായി അത്ര അടുപ്പമുള്ളയാളായതിനാല്‍ സ്പേസ് പാര്‍ക്ക് സ്വപ്നയെ തെരഞ്ഞെടുത്തു. കേരള മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു സ്വപ്നയുടെ സ്പേസ് പാര്‍ക്കിലെ നിയമനം. ശിവശങ്കറാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ സ്വപ്നക്ക് പരിചയപ്പെടുത്തിയത്. ശിവശങ്കറിനെ സ്വപ്ന ഏറെ വിശ്വസിച്ചു, കുറ്റപത്രം പറയുന്നു.
കെ.ടി. റമീസ് സ്വപ്നയേയും സരിത്തിനേയും സ്വര്‍ണക്കള്ളക്കത്ത് പദ്ധതിയുമായി സമീപിച്ചതായും പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതായും സന്ദീപിന്റെ സഹായത്തോടെ 21 തവണ കോണ്‍സുലേറ്റ് വഴി കടത്തിയതായും സ്വപ്ന വിശദീകരിച്ചു. യുഎഇ കോണ്‍സുലേറ്റില്‍ ജോലിക്കാരിയായിരിക്കെ, കോണ്‍സല്‍ ജനറലിന്റെ മീറ്റീങ്ങുകളുടെ മിനിട്സ് തയാറാക്കല്‍, യാത്ര, പരിപാടികള്‍ സംഘടിപ്പിക്കലൊക്കെയായിരുന്നു. അക്കാര്യങ്ങള്‍ക്കായി ശിവശങ്കറിനെ ഔദ്യോഗികമായി എട്ടുതവണ കണ്ടിട്ടുണ്ട്. പല തവണ അനൗദ്യോഗികമായും കൂടിക്കണ്ടിട്ടുണ്ട്. ശിവശങ്കറും മുഖ്യമന്ത്രിയും ഒന്നിച്ച് അഞ്ചാറു തവണ കണ്ടിട്ടുണ്ട്. കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറിയായിരുന്നു സ്വപ്നയെന്ന് മുഖ്യമന്ത്രിയ്ക്കറിയാമായിരുന്നു. 2019 നവംബറില്‍ സ്പേസ് പാര്‍ക്ക് പ്രോജക്ടില്‍ ജോലിക്ക് ചേരുമ്പോഴും മുഖ്യമന്ത്രിക്കറിയാമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: