വാഷിംഗ്ടണ്‍: ശരത്‌കാലത്തും ശൈത്യകാലത്തും അടിയന്തിര നടപടിയെടുത്തില്ലെങ്കിൽ 300,000 മുതൽ 400,000 വരെ അമേരിക്കക്കാർ കോവിഡ്-19 ബാധയേറ്റ് മരിക്കാന്‍ സാധ്യതയുണ്ടെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആന്റ് സാംക്രമിക രോഗ (National Institute of Allergy and Infectious Diseases) ഡയറക്ടർ ഡോ. ആന്റണി ഫൗച്ചി പറഞ്ഞു.
“ശരത്കാലത്തും ശൈത്യകാലത്തും നമ്മള്‍ക്ക് വേണ്ടത് നമ്മള്‍ ചെയ്യുന്നില്ലെങ്കിൽ 300,000 – 400,000 വരെ കോവിഡ് -19 മരണങ്ങൾ സംഭവിക്കാമെന്ന് ഇപ്പോഴത്തെ സ്ഥിതിഗതികളില്‍ നിന്ന് മനസ്സിലാക്കുന്നു,” ഡോ. ഫൗച്ചി അമേരിക്കൻ യൂണിവേഴ്‌സിറ്റിയുടെ വെർച്വൽ പരിപാടിയിൽ പറഞ്ഞു. ഓഗസ്റ്റ് മാസത്തിൽ വാഷിംഗ്ടൺ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ (ഐഎച്ച്എംഇ) പ്രവചിച്ചതിനെത്തുടർന്നാണ് ഡോ. ഫൗച്ചിയുടെ അഭിപ്രായങ്ങൾ. ഡിസംബർ ഒന്നിനകം 300,000 ആളുകൾ കോവിഡ് -19 മൂലം മരിക്കുമെന്നാണ് അവരുടെ പ്രവചനം.
അടുത്ത വേനൽക്കാലം അല്ലെങ്കിൽ ശരത്‌കാലം വരെ മിക്ക അമേരിക്കക്കാർക്കും വാക്സിൻ ലഭ്യമാകില്ലെന്നും ഫൗച്ചി മുന്നറിയിപ്പ് നല്‍കി. അടുത്ത വർഷം അവസാനം വരെ ജീവിതം സാധാരണ നിലയിലാകില്ലെന്ന് അദ്ദേഹം ഇതിനു മുമ്പ് പറഞ്ഞിരുന്നു. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള കണക്കുകൾ പ്രകാരം യുഎസിൽ ഇതുവരെ 211,000 മരണങ്ങളും 7.53 മില്യണില്‍ അധികം കോവിഡ് -19 അണുബാധകളും സ്ഥിരീകരിച്ചിട്ടുണ്ട്. അതില്‍ 42,553 പേര്‍ സുഖം പ്രാപിച്ചു.
കഴിഞ്ഞയാഴ്ച പ്രസിഡന്റ് ട്രംപും പ്രഥമ വനിതയും നിരവധി വൈറ്റ് ഹൗസ് ജീവനക്കാരും കൊറോണ വൈറസ് പോസിറ്റീവ് ആയി. ട്രംപ് മൂന്ന് രാത്രികൾ ചികിത്സയ്‌ക്കായി വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിൽ ചെലവഴിക്കുകയും ചെയ്തു. കൊറോണ വൈറസ് പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട നടപടികളിൽ ട്രംപ് ഭരണകൂടം കടുത്ത വിമര്‍ശനം നേരിടുകയാണ്. ഫെബ്രുവരി ആദ്യ വാരത്തില്‍, കൊറോണ വൈറസ് പടരുന്നത് കർശനമായി നിയന്ത്രിച്ചിരുന്നെങ്കില്‍ ട്രംപിന് ആയിരക്കണക്കിന് അമേരിക്കക്കാരുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു എന്ന് പല വിദഗ്ധരും അഭിപ്രായപ്പെടുന്നു.
കൊറോണ വൈറസ് മരണങ്ങൾ കണക്കാക്കുന്ന രീതിയെ ട്രംപ് പലതവണ ചോദ്യം ചെയ്തിട്ടുണ്ട്. വൈറസിനെതിരായ പോരാട്ടത്തിൽ ഡമോക്രാറ്റുകൾ തന്റെ നടപടികളെ കുറച്ചുകാണുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
ചൈനീസ് നഗരമായ വുഹാനിലെ ഒരു ലബോറട്ടറിയിൽ നിന്നാണ് ഈ പകർച്ചവ്യാധി തുടങ്ങിയതെന്ന് ആരോപിച്ച് ട്രംപ് ചൈനീസ് ഉദ്യോഗസ്ഥരുടെ മേൽ കുറ്റം ചുമത്താൻ കഴിഞ്ഞ മാസങ്ങളിൽ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനില്‍ (ഡബ്ല്യു എച്ച് ഒ) നിന്ന് യുഎസ് പിന്മാറിയതും, ഫണ്ട് നിര്‍ത്തലാക്കിയതും അദ്ദേഹത്തിന്റെ പരാജയമായി വിദഗ്ധര്‍ വിലയിരുത്തുന്നു.
അതേസമയം, വാഷിംഗ്ടൺ പോസ്റ്റിന്റെ അസോസിയേറ്റ് എഡിറ്ററായ ബോബ് വുഡ്‌വാർഡ് അടുത്തിടെ ഡൊണാൾഡ് ട്രംപുമായുള്ള നിരവധി അഭിമുഖങ്ങളെ അടിസ്ഥാനമാക്കി ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ പകർച്ചവ്യാധിയുടെ ആദ്യ നാളുകളിൽ അമേരിക്കൻ പ്രസിഡന്റ് മനഃപ്പൂർവ്വം വൈറസിന്റെ അപകടത്തെ കുറച്ചുകാണിച്ചുവെന്ന് വെളിപ്പെടുത്തിയിട്ടുമുണ്ട്.
അതിനിടെ, ചൊവ്വാഴ്ച ഒരു ട്വീറ്റിൽ കൊറോണ വൈറസിനെ സാധാരണ പനിയുമായി താരതമ്യപ്പെടുത്തിയ ട്രംപിന്റെ നേതൃത്വ പരാജയത്തിന് വ്യാപകമായ എതിർപ്പ് ഉയർന്നു. ചില വർഷങ്ങളിൽ ഒരു ലക്ഷത്തിലധികം അമേരിക്കക്കാർ സാധാരണ എലിപ്പനി മൂലം മരിക്കുന്നുണ്ടെന്നാണ് ട്രംപ് അവകാശപ്പെട്ടത്.
യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) സാധാരണ എലിപ്പനി മൂലമുള്ള വാർഷിക മരണങ്ങളുടെ എണ്ണം പ്രതിവർഷം 12,000 മുതൽ 61,000 വരെയാണെന്ന് പറയുന്നു. കോവിഡ് -19 മായി ബന്ധപ്പെട്ട തെറ്റിദ്ധരിപ്പിക്കുന്നതും ദോഷകരവുമായ വിവരങ്ങൾ പ്രചരിപ്പിച്ചതിലൂടെ സോഷ്യൽ മീഡിയയുടെ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടി ട്രംപിന്റെ ട്വീറ്റ് ട്വിറ്റർ ഡിലീറ്റ് ചെയ്തു.
തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ “ജോലിയിൽ തിരിച്ചെത്തിയ” ട്രംപ് കൊറോണ വൈറസ് ബാധിച്ചവരെക്കുറിച്ചുള്ള സിഡിസി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് അവിടത്തെ ജീവനക്കാരെയും അപകടത്തിലാക്കി. ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തി “കോവിഡിനെ ഭയപ്പെടരുത്,” എന്ന് ട്വീറ്റ് ചെയ്ത അദ്ദേഹത്തിന് പൊതുസമൂഹത്തില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും കനത്ത വിമര്‍ശനം നേരിടേണ്ടി വന്നു. ട്രംപിന്റെ അശ്രദ്ധമായ നേതൃത്വവും നിരുത്തരവാദിത്വപരമായ പെരുമാറ്റവുമാണ് നിരവധി മരണങ്ങള്‍ക്ക് കാരണമെന്നും അവര്‍ ആരോപിച്ചു.
തനിക്ക് കോവിഡ്-19 പോസിറ്റീവ് ആണെന്ന് അറിഞ്ഞിട്ടും അത് മറച്ചുവെച്ചത് വ്യാപക പ്രതിഷേധത്തിന് കാരണമായി. മൂന്നു ദിവസം മാത്രം ആശുപത്രിയില്‍ ചിലവിട്ട ട്രംപിന് വൈറ്റ് ഹൗസില്‍ കൂടുതൽ ചികിത്സ ലഭിക്കുമെന്ന് അദ്ദേഹത്തിന്റെ ഡോക്ടര്‍മാര്‍ പറയുന്നു. രോഗം പൂര്‍ണ്ണമായും ഭേദമാകാതെ വൈറ്റ് ഹൗസിലേക്ക് മടങ്ങിയ ട്രംപില്‍ നിന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ എങ്ങനെ സംരക്ഷിക്കും എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: