തൃശൂര്‍: പാതയോരത്തെ ഒഴിഞ്ഞ സ്ഥലങ്ങളില്‍ സ്ഥിരമല്ലാതെ നിര്‍മ്മിച്ചിട്ടുള്ളതും ഓലക്കൊണ്ട് പോലും മറക്കാത്തതുമായ ചെറിയ ഷെഡുകള്‍ പൊളിച്ച് നീക്കണമെന്ന ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ജില്ലാ വഴിയോര കച്ചവട മസ്ദൂര്‍ സംഘം (ബിഎംഎസ്) ആവശ്യപ്പെട്ടു. കൊറോണക്കാലത്ത് ജോലിയും കൂലിയുമില്ലാതെ ജീവിതം വഴിമുട്ടി നില്‍ക്കുകയാണ് പാവപ്പെട്ട തൊഴിലാളികള്‍. പുറമ്പോക്ക് കയ്യേറി സ്ഥിരമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളവ പൊളിച്ച് മാറ്റാതെ ഏതു സമയത്തും എടുത്തു മാറ്റാവുന്ന പാവപ്പെട്ട തൊഴിലാളികളുടെ ചെറിയ ഷെഡുകള്‍ നിര്‍ബന്ധപൂര്‍വ്വം അധികൃതര്‍ പൊളിച്ചു മാറ്റുകയാണ്.
പൊതുമരാമത്ത് അധികൃതരുടെ അന്യായമായ നടപടി ഉടനെ നിര്‍ത്തിവെക്കണമെന്നും ഇക്കാര്യത്തില്‍ കളക്ടര്‍ ഇടപ്പെട്ട് തൊഴിലാളികള്‍ക്ക് അനുകൂലമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യൂണിയന് ജില്ലാ പ്രസിഡന്റ് പി.ഗോപിനാഥന് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ദിലീപ് ചുള്ളിക്കാടന്‍,ട്രഷറര്‍ പി.എസ് സഹദേവന്,ബിഎംഎസ് ജില്ലാ പ്രസിഡന്റ് എ.സി കൃഷ്ണന്,ജില്ലാ സെക്രട്ടറി എം.കെ ഉണ്ണികൃഷ്ണന്,ജോ.സെക്രട്ടറി കണ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: