തൃശൂര്‍: ജില്ലയില്‍ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഒരാഴ്ചക്കിടെ തുടര്‍ച്ചയായി മൂന്ന് കൊലപാതകങ്ങള്‍ നടന്നതിന്റെ ഞെട്ടലിലാണ് ജനങ്ങള്‍. വ്യത്യസ്ത സംഭവങ്ങളില്‍ കുത്തേറ്റും വെട്ടേറ്റും രണ്ടു യുവാക്കളും ഒരു യുവതിയുമാണ് കൊല്ലപ്പെട്ടത്.
ഒല്ലൂര്‍ കുട്ടനെല്ലൂരില്‍ ദന്താശുപത്രിയില്‍ വച്ച് വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിനു പിറകേയാണ് കുന്നംകുളം ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി കുത്തേറ്റ് മരിച്ചത്. രണ്ടു കൊലപാതകങ്ങളുടെ ആഘാതത്തില്‍ നിന്ന് മോചിതരാകുന്നതിന് മുമ്പ് പഴയന്നൂരില്‍ പോക്സോ കേസ് പ്രതിയായ യുവാവിനെ വെട്ടിക്കൊന്നു. എളനാട് തിരുമണി സ്വദേശി സതീഷ് (കുട്ടന്-37) ആണ് കൊല്ലപ്പെട്ടത്.
നഗര-ഗ്രാമഭേദമന്യേ കൊലപാതകങ്ങള്‍ വര്‍ദ്ധിച്ചതോടെ ഏറെ ആശങ്കയോടെയാണ് ജനങ്ങള്‍ കഴിയുന്നത്. ജില്ലയില്‍ ഒന്നിനു പിറകേ ഒന്നെന്ന നിലയില്‍ തുടര്‍ച്ചയായുണ്ടായ കൊലപാതകങ്ങള്‍ ജില്ലയെ അക്ഷരാര്‍ത്ഥത്തില്‍ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകയും മുന്‍വൈരാഗ്യവും സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കവും കൊലപാതകങ്ങള്‍ക്ക് കാരണമാകുമ്പോള്‍ സമാധാനാന്തരീക്ഷം നഷ്ടപ്പെട്ട അവസ്ഥയിലാണ് ജനങ്ങള്‍.
കുട്ടനെല്ലൂരിലേയും ചിറ്റിലങ്ങാട്ടേയും കൊലപാതകങ്ങളുടെ രക്തം ഉണങ്ങുന്നതിനു മുമ്പാണ് എളനാട്ടില്‍ പോക്സോ കേസിലെ പ്രതിയായ സതീഷ് കൊല്ലപ്പെട്ടത്. മദ്യപിച്ച് മറ്റൊരാളുടെ വീടിന്റെ സിറ്റൗട്ടില്‍ കിടന്നുറങ്ങുകയായിരുന്ന സതീഷിനെ നാട്ടുകാരന് കൂടിയായ യുവാവ് വെട്ടിക്കൊലപ്പെടുത്തുകായിരുന്നു. മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടില്‍ ഡോ.സോന (30) കൊല്ലപ്പെട്ട കേസില്‍ ഡോക്ടറുടെ ഒപ്പം താമസിച്ചിരുന്ന പാവറട്ടി മനപ്പടി വെളുത്തേടത്ത് വീട്ടില്‍ മഹേഷാണ് അറസ്റ്റിലായത്. സോനയുടെ സുഹൃത്തും ബിസിനസ് പാര്‍ട്ണറുമാണ് മഹേഷ്. ഇരുവരും തമ്മിലുള്ള സാമ്പത്തിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സോന പരാതി നല്‍കിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
സിപിഎമ്മിലെ വിഭാഗീയതയും ചേരിതിരിവുമാണ് സിപിഎം നേതാവും 27കാരനുമായ സനൂപിന്റെ കൊലപാതകത്തിന് കാരണം. കേസില്‍ മുഖ്യപ്രതി ചിറ്റിലങ്ങാട് സ്വദേശി നന്ദനനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടനെല്ലൂരിലെ കൊലപാതക കേസിലെ പ്രതിയെ ഒരാഴ്ചയ്ക്ക് ശേഷമാണ് പോലീസിന് പിടികൂടാനായത്. പ്രതിയെ രക്ഷപ്പെടാന്‍ പോലീസ് സഹായിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പ്രതിയെ ഒരാഴ്ചയായിട്ടും അറസ്റ്റ് ചെയ്യാതെയായപ്പോള്‍ പോലീസിനെതിരെ ഡോക്ടറുടെ ബന്ധുക്കളുടെ ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് അന്വേഷണം ഊര്‍ജിതമാക്കിയത്.
ഏറെ വിവാദമായ ചിറ്റിലങ്ങാട്ടെ കേസില്‍ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തത് സംഭവം നടന്നതിന്റെ മൂന്നാം ദിവസമാണ്. കേസിലെ മറ്റു രണ്ടു പ്രതികളായ സജീഷ്, അഭയ്ജിത്ത് എന്നിവരെ പിടികൂടാനുണ്ട്. ഇവര്‍ കൊലപാതകത്തിനു ശേഷം ഒളിവിലാണ്. പഴയന്നൂരില്‍ കൊല്ലപ്പെട്ട സതീഷ് ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. സംഭവത്തില്‍ സതീഷിന്റെ നാട്ടുകാരന് കൂടിയായ ശ്രീജിത്ത് എന്ന യുവാവിനെ പോലീസ് പിടികൂടിയിട്ടുണ്ട്. മറ്റു രണ്ടു കൊലപാതക കേസുകളില്‍ നിന്ന് വ്യത്യസ്തമായി പഴയന്നൂരില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടാനായത് പോലീസിന് നേട്ടമായി.
യാതൊരു സംശയത്തിനും ഇടനല്‍കാതെ സതീഷിന്റെ ഇന്‍ക്വസ്റ്റ് സമയത്ത് കൂട്ടുകാരുമൊത്ത് സ്ഥലത്തുണ്ടായിരുന്ന ശ്രീജിത്തിനെ വളരെ തന്ത്രപൂര്‍വമാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് സതീഷിനെ ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്കും കഴുത്തിലും മുഖത്തും ഉള്‍പ്പെടെ 28 വെട്ടുകളാണ് സതീഷിന്റെ ശരീരത്തിലുള്ളത്.
കൊലപാതകങ്ങള്‍ക്ക് പുറമേ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്ന് ജില്ലയില്‍ അടുത്തിടെ നിരവധി സംഘട്ടനങ്ങളും അക്രമങ്ങളുമാണ് ഉണ്ടായിട്ടുണ്ട്. ഇതിനു പുറമേ കഞ്ചാവ്-മയക്കുമരുന്ന് മാഫിയയും ജില്ലയില്‍ സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: