തിരുവനന്തപുരം : ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരി നില പരുങ്ങലിലേക്ക്. കേസില്‍ നേരത്തെ പിടിയിലായ ബിനീഷിന്റെ സുഹൃത്ത് അനൂപ് മുഹമ്മദ് നല്കിയ മൊഴിയാണ് ബിനീഷിനെ കുടുക്കിയിരിക്കുന്നത്.
അനൂപിന് ബിസിനസ് ആവശ്യങ്ങള്‍ക്കായി ബിനീഷ് പണം നല്കി സഹായിച്ചതായി നേരത്തെ മൊഴി നല്കിയിട്ടുള്ളതാണ്. എന്നാല്‍ നിരവധി പേര് ബിസിനസ്സില്‍ നിക്ഷേപം നടത്തിയിരിക്കുന്നത് ബിനീഷിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് അനൂപ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ ബെംഗളൂരുവിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അനൂപ് സുഹൃത്താണെന്നും ഇയാള്‍ക്ക് വെറും ആറ് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം മാത്രമാണ് താന്‍ ചെയ്തിട്ടുള്ളത്. മയക്കുമരുന്ന് സംഘവുമായി അനുപിന് ബന്ധമുണ്ടെന്ന് തനിക്ക് അറിയില്ലെന്നുമാണ് ബിനീഷ് അന്വേഷണ സംഘം മുമ്പാകെ വെളിപ്പെടുത്തിയത്. വിവിധ നിക്ഷേപകരില്‍ നിന്നായി ബിസിനസ്സിന് അനൂപ് 70 ലക്ഷം രൂപ സമ്പാദിച്ചിട്ടുണ്ട്. ഇതില്‍ ബിനീഷ് എത്ര നല്‍കിയെന്നും എന്‍ഫോഴ്സ്മെന്റ് ചോദിച്ചിരുന്നതാണ്.
എന്നാല്‍ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യലില്‍ ബിനീഷ് പലതിനും കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെന്നും സൂചനയുണ്ട്. എന്നാല്‍ ബിനീഷിന്റെ സഹായത്തോടെയാണ് പണം സമാഹരിച്ചതെന്ന അനൂപിന്റെ വെളിപ്പെടുത്തലില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം കൂടുതല്‍ കര്ശ്ശനമാക്കിയേക്കാം.
കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ വെച്ച് ആറ് മണിക്കൂറോളമാണ് എന്‍ഫോഴ്സ്മെന്റ് ബിനീഷിനെ ചോദ്യം ചെയ്തത്. തുടര്‍ന്ന് കേസില്‍ ക്ലീന്‍ ചിറ്റ് നല്‍കില്ലെന്നും ആവശ്യപ്പെടുമ്പോള്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ആവശ്യപ്പെട്ടാണ് വിട്ടയച്ചത്.
അതിനിടെ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശികളേയും നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ചോദ്യം ചെയ്തു. കോഴിക്കോട് നടക്കാവ് സ്വദേശി സല്മാന്, കൊടുവള്ളി കരുവാന്‍ പൊയില്‍ സ്വദേശി സിജാഹ് അസ്ലം എന്നിവരെയാണ് ചോദ്യം ചെയ്തത്. ഇവരോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവാനും നിര്‍ദ്ദേശം ലഭിച്ചതോടെ പ്രതികള്‍ മുന്‍ കൂര് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്.
കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെള്ളിയാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും. കോടതി എന്‍സിബി റിപ്പോര്‍ട്ട് തേടി. മലയാളിയായ മറ്റൊരു പ്രതി മുഹമ്മദ് ഹൈദറിനേയും ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: