തിരുവനന്തപുരം : മകരവിളക്ക് പൂജയക്കായി ദിവസം ആയിരം പേര്‍ക്ക് വീതം ശബരിമലയില്‍ ദര്‍ശനം നടത്താന്‍ അനുമതി നല്കാന് തീരുമാനം. ശബരിമലയില്‍ വീണ്ടും ദര്‍ശനത്തിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് വിദഗ്ധ സമിതി നിര്‍ദ്ദേശ പ്രകാരമാണ് ഈ നടപടി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടേതാണ് ഈ നിര്‍ദ്ദേശങ്ങള്‍.
ഇതുപ്രകാരം തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ആയിരം പേര്‍ക്കും, ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം പേര്‍ക്കും, മണ്ഡല, മകരവിളക്ക് ദിവസങ്ങളില്‍ അയ്യായിരം പേര്‍ക്കും വീതം ദര്‍ശനം നടത്താവുന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ള ചര്‍ച്ചയിലാണ് സമിതിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചത്.
എന്നാല്‍ കൊറോണ വൈറസ് പ്രോട്ടോക്കോളുകള്‍ പാലിച്ചുകൊണ്ടായിരിക്കും നടപടിയെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനായി ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യേണ്ടതാണ്. ഇതോടൊപ്പം 48 മണിക്കൂറിനുള്ളില്‍ എടുത്ത കൊറോണ വൈറസ് പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും അപ്ലോഡ് ചെയ്തിരിക്കണം. നിലയ്ക്കല്‍ വീണ്ടും ആന്റിജന്‍ പരിശോധനയുണ്ടാകും. എന്നാല്‍ ഇതിന്റെ ചെലവ് ഭകതര്‍ തന്നെ വഹിക്കണം.
പരമ്പരാഗത പാതകളില്‍ തീര്‍ത്ഥാടനം നടത്താന്‍ അനുവദിക്കില്ല. പമ്പയില്‍ കുളിക്കാനും അനുമതിയുണ്ടാകില്ല. തുലാമാസ പൂജയ്ക്ക് കോവിഡ് മാനദണ്ഡങ്ങളോടെ ദിവസം പരമാവധി 250 പേരെ പ്രവേശിപ്പിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ഈമാസം 16-നാണ് നടതുറക്കുന്നത്.
അതേസമയം തിരുപ്പതി മാതൃകയില്‍ ഓണ്‍ലൈന്‍ വഴി ദര്‍ശനം ഉണ്ടാകില്ല. ഇതിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നിര്‍ദ്ദേശം മുന്നോട്ട് വെച്ചെങ്കിലും ഭക്തരില്‍ നിന്നും ദേവസ്വം ബോര്‍ഡില്‍ നിന്നുമുള്ള പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ഇത് വേണ്ടെന്ന് വെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: