”ഞങ്ങള്‍ താടിവളര്‍ത്തും മീശവളര്‍ത്തും
മുട്ടോളം മുട്ടറ്റം മുടിയും വളര്‍ത്തും
താടി വളര്‍ത്തും മീശവളര്‍ത്തും
അത് ഞങ്ങടെ ഇഷ്ടം
ഞങ്ങടെ ഇഷ്ടംഞങ്ങളത് ചെയ്യും”
‘ഒരു മെക്സിക്കന്‍ അപാരത’ എന്ന ചലചിത്രത്തിലെ പാട്ടിലെ വരികളില്‍ ചിലതാണ് മേലുദ്ധരിച്ചത്. റോഡിലിറങ്ങി നടക്കും, പാടത്തിരുന്ന് ചിരിക്കും, പെരുമഴയൊക്കെ നനയും, മഞ്ഞത്തിറങ്ങി നടക്കും തുടങ്ങിയ നയ പ്രഖ്യാപനങ്ങളും പാട്ടിലുണ്ട്.
കേരളത്തിലെ ഇന്നത്തെ ഭരണക്കാരുടെ പെരുമാറ്റവും പാട്ടിലെ വരികളം തമ്മില്‍ വല്ലാത്ത അടുപ്പം. ഞങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്യും. ആരാണ് ഞങ്ങളെ ചോദ്യം ചെയ്യാന്‍ എന്ന അഹങ്കാരമാണ് ഭരണത്തിന് നേതൃത്വം നല്കുന്ന സിപിഎമ്മിനും അവരുടെ കുഞ്ഞാടുകളായ ഡിവൈഎഫ്ഐക്കാര്‍ക്കും. കുന്നംകുളത്ത് ഒരു സിപിഎമ്മുകാരന് കൊല്ലപ്പെട്ടു. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന് തന്നെ എന്ന് പറയാറുണ്ടല്ലോ. കൊല്ലപ്പെട്ടത് സിപിഎമ്മുകാരനാണെന്ന് സിപിഎമ്മിന് സംശയമില്ല. അക്രമികള്‍ ആര്‍എസ്എസ് – ബിജെപിക്കാരാണെന്ന് സിപിഎമ്മിലെ ചിലര്‍ക്ക് ഒട്ടും സംശയമില്ല. അവരത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. പക്ഷേ പോലീസുകാര്‍ക്ക് അത് ബോധ്യം വരുന്നില്ല. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമൊന്നും അവര്‍ക്ക് കണ്ടെത്താനാവുന്നില്ല. ആഭ്യന്തരവകുപ്പ് ഭരിക്കുന്ന പിണറായി വിജയനു പോലും കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയം കണ്ടെത്താനായില്ല. എന്നിട്ടും ചിലരുടെ താന്തോന്നിത്തം കാണുമ്പോഴാണ് ആദ്യം ഉദ്ധരിച്ച വരികള്‍ ഓര്‍മ്മ വരുന്നത്.
യുപിയില്‍ അപൂര്‍വ്വമായി നടക്കുന്ന അതിക്രമങ്ങളെ മഹാഭൂരിപക്ഷം ജനങ്ങളും അംഗീകരിക്കുന്നില്ല. പക്ഷേ ക്രിമിനല്‍ നടപടികളില്‍ ഒന്നാം സ്ഥാനം ഉത്തര്പ്രദേശിനാണോ? കുറ്റവാളി മനസ്സുള്ള ഒട്ടേറെ പേര് എല്ലാ സംസ്ഥാനത്തുമുണ്ട്. ഉത്തര്‍പ്രദേശവും കേരളവുമായി താരതമ്യപ്പെടുത്തിയാല്‍ കേരളമാണ് കുറ്റകൃത്യങ്ങളില്‍ ഒന്നാം സ്ഥാനത്ത്. ഉത്തര്‍പ്രദേശിലെ ജനസംഖ്യ 24 കോടിയാണ്. കേരളത്തിലെ ജനസംഖ്യയാകട്ടെ മൂന്നര കോടിയോളവും. ഉത്തര്‍പ്രദേശ് സാക്ഷരതയില്‍ കേരളത്തിന്റെ അടുത്തൊന്നുമെത്തില്ല. സാക്ഷരതയില്‍ ഏറെ മുന്നില്‍ നില്ക്കുന്ന കേരളത്തിലാണ് ബലാല്‍സംഗം കൂടുതല്‍. പട്ടികജാതി-വര്‍ഗ്ഗ പീഡനത്തിലും ഒന്നാം സ്ഥാനം കേരളത്തിലാണ്. കഴിഞ്ഞ ദിവസം വനിതാ ഡോക്ടറെ കുത്തിക്കീറിയത് കേരളത്തിലല്ലേ. അതിന്റെ പേരില്‍ പിണറായി വിജയന് രാജിവയ്ക്കണമെന്നാരെങ്കിലും പറഞ്ഞോ ?
കേരളക്കാരനായ കെ.സി. വേണുഗോപാലാണ് ഇപ്പോള്‍ രാഹുലിന്റെ വലംകൈ. പുള്ളിക്കാരന് ഒരു മുത്തശ്ശി വാറോലയില് എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ”ആ ചിതയില്‍ എരിഞ്ഞടങ്ങിയത് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയും നീതിയും” എന്നാണ്. ദല്‍ഹിയിലെ തണ്ടൂരി അടുപ്പില്‍ യൂത്ത് കോണ്ഗ്രസുകാരന് ഒരു യുവതിയെ പച്ചയായി കത്തിച്ചപ്പോള്‍ എരിഞ്ഞടങ്ങിയത് ഏത് തുല്യതയും നീതിയുമാണെന്ന് വിശദീകരിക്കാമോ ?
കേരളത്തിലെ സ്ഥിതിയും മെച്ചപ്പെട്ടതാണോ? നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസ് ജീവനക്കാരിയെ തല്ലിക്കൊന്ന് ചാക്കില്‍ കെട്ടി വലിച്ചെറിഞ്ഞത് ഏറെ പഴക്കമുള്ള സംഭവമൊന്നുമല്ലല്ലോ. സരിതയോട് അടുത്തത് ഏത് തുല്യതയുടെയും നീതിയുടെയും ബലത്തിലാണ് ? എണ്ണിയെണ്ണി പറയണോ ?
ഭിത്തിമെത്തയാക്കി സ്ത്രീപീഡനം നടത്തിയെന്ന പരാതി യുപിയിലോ മധ്യപ്രദേശിലോ ആയിരുന്നില്ല. ഷൊര്‍ണൂരിലെ ഒരു സഖാവിനെതിരെ അതിന്റെ പേരില്‍ ഇനിയും നടപടി സ്വീകരിച്ചിട്ടില്ല. എറണാകുളത്തും കണ്ണൂരിലും സമാന സ്വഭാവമുള്ള പരാതി വന്നപ്പോള്‍ മാറ്റി നിര്‍ത്തിയ സഖാക്കള്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ തന്നെ തിരിച്ചുവന്നില്ലേ ?
വിശന്നുവലഞ്ഞ ഒരു ആദിവാസി യുവാവ് മോഷണം നടത്തിയെന്നതിന്റെ പേരില്‍ തല്ലിക്കൊന്നത് കേരളത്തിലല്ലേ ? രണ്ടരവര്‍ഷം കഴിഞ്ഞു. വിചാരണപോലും നടന്നിട്ടില്ല. 2016ലെ ആദ്യ ആറുമാസം 910 പീഡനകേസുകളാണ് കേരളത്തിലുണ്ടായത്. ഈവര്‍ഷം ജൂലായ് വരെ അത് 7907 ആയി. 232 പരസ്യമായ അപമാനിക്കല്‍, 190 തട്ടിക്കൊണ്ടുപോകല്‍. 910 ബലാല്സംഗങ്ങള്, 87 വയസ്സുള്ള അമ്മൂമ്മയെപോലും വെറുതെവിട്ടില്ല. കഴിഞ്ഞ വര്‍ഷം 1263 ബലാല്‍സംഗങ്ങളാണുണ്ടായത്. എന്നിട്ടും കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ യുപിയെ നോക്കി കൊഞ്ഞനം കുത്തും. ഇതിനെയും വിളിക്കേണ്ടത് താന്തോന്നിത്തം എന്നല്ലാതെന്ത് ?
സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ കത്തിച്ചത് വാര്‍ത്തയാക്കിയതിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥ പ്രമാണിമാരും ഹാലിളകി. പ്രസ് കൗണ്‍സിലിന് പരാതി നല്‍കുമെന്ന് മന്ത്രി ബാലന് പ്രസ്താവിച്ചു. കത്തിയതിന്റെ ഉത്തരവാദിത്തം വൈദ്യുതിയുടെ പേരില്‍ കെട്ടിവയ്ക്കാനാണ് ശ്രമിച്ചത്. ഇപ്പോഴിതാ തീപിടിത്തത്തിന് കാരണം വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടല്ല എന്ന് ഫോറന്‍സിക് കണ്ടെത്തിയിരിക്കുന്നു. പിന്നെന്തുകൊണ്ടാണാവോ ആദ്യത്തെ മൊഴി. ഞങ്ങള്‍ ഇങ്ങനെയൊക്കെ ആണെന്ന് ഊട്ടി ഉറപ്പിക്കലാണത്. അതിനെയാണ് താന്തോന്നിത്തരം എന്ന് വിളിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: