കൊച്ചി: പോപ്പുലര്‍ ഫിനാന്‍സിന്റെ കീഴിലുള്ള ജില്ലയിലെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും അടക്കാന്‍ കളക്ടര്‍ എസ്. സുഹാസ് ഉത്തരവിട്ടു. സ്ഥാപനങ്ങളിലെ പണം, സ്വര്‍ണം മറ്റ് ആസ്തികള്‍ എന്നിവ കണ്ടു കെട്ടാനും ജില്ലാ പോലീസ് മേധാവികള്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്കി. 2013 ലെ കേരള പ്രൊട്ടക്ഷന്‍ ഓഫ് ഇന്ററസ്റ്റ്സ് ഓഫ് ഡെപ്പോസിറ്റേഴ്സ് ഇന്‍ ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആക്ട് പ്രകാരമാണ് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നത്.
പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനവുമായി ബന്ധപ്പെട്ട സ്ഥാവരജംഗമ വസ്തുക്കളുമായും ആസ്തികളുമായും ഇടപെടുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പോപ്പുലര്‍ ഫിനാന്‍സിന്റെ നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ഉള്ള സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍, ഓഫീസുകള്‍ തുടങ്ങിയവയില്‍ നിന്നു സ്ഥാപനവുമായി ബന്ധപ്പെട്ട പണമോ മറ്റ് ആസ്തികളോ നീക്കാന്‍ പാടുളളതല്ല. പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനങ്ങള്‍, അവരുടെ നിയന്ത്രണത്തില്‍ വരുന്ന മറ്റ് പേരിലുള്ള സ്ഥാപനങ്ങള്‍, തുടങ്ങിയവ തങ്ങളുടെ ആസ്തി കൈമാറ്റം ചെയ്യുകയോ അവയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്താനോ പാടില്ല. പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനത്തിന്റെ പേരിലോ അവരുടെ ഏജന്റുമാര്‍, സ്ഥാപനങ്ങളിലെ മാനേജര്‍മാര്‍ എന്നിവരുടെ പേരിലോ ചിട്ടി കമ്പനികള്‍, കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍, ബാങ്കുകള്‍ മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയിലുള്ള അക്കൗണ്ടുകള്‍ മരവിപ്പിക്കാനും കളക്ടറുടെ നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ നിര്‍േദശപ്രകാരമാണ് നടപടി.
പോപ്പുലര്‍ ഫിനാന്‍സിന്റെ പേരില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ബ്രാഞ്ചുകളും കെട്ടിടങ്ങളും അടച്ചു പൂട്ടി അവയുടെ താക്കോലുകള്‍ കളക്ടറുടെ മുന്നില്‍ ഹാജരാക്കാന്‍ ചുമതലപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ അവയ്ക്ക് കാവലും ഏര്‍പ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: