വടകര: ചോമ്പാല ഹാര്‍ബറില്‍ ബോട്ടു ജെട്ടി നിര്‍മാണത്തിനിറക്കിയ കല്ലുകള്‍ കടത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. കഴിഞ്ഞ ദിവസമാണ് ബോട്ട് ജെട്ടിയില്‍ ഇറക്കിയ കല്ലുകള്‍ പുറത്തേക്ക് കടത്തിയത്. ഇത് ശ്രദ്ധയില്‍പെട്ട ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ലോറി തടയുകയായിരുന്നു. എന്നാല്‍ പരാതി നല്‍കാനോ കളവുപോയ കല്ലിന്റെ അളവ് തിട്ടപ്പെടുത്താനോ ഹാര്‍ബര്‍ എഞ്ചിനീയര്‍ തയ്യാറായില്ല. ഹാര്‍ബറുമായി ബന്ധപ്പെട്ട ഭരണകക്ഷിയിലെ ചില ഉന്നതരുടെ സ്വാധീനം മൂലം കേസ് ഒതുക്കി തീര്‍ക്കാനാണ് ശ്രമം നടക്കുന്നതെന്നും ആരോപണമുണ്ടായി.
പരാതി നല്‍കാത്ത കാര്യം വിവാദമായതോടെയാണ് ഹാര്‍ബര്‍ എഞ്ചിനീയര്‍ പോലീസില്‍ പരാതി നല്‍കിയത്. 3000 രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഹാര്‍ബറില്‍ നിന്നും ഒന്നിലധികം ലോറികള്‍ പുറത്തേക്കു പോകുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. പരാതിയില്‍ പറഞ്ഞതിനേക്കാള്‍ വലിയ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ പേരിന് മാത്രം പരാതി നല്കി മുഖം രക്ഷിക്കാനാണ് ഹാര്‍ബര്‍ അധികൃതരുടെ ശ്രമം.
പോലീസിന് പരാതി നല്കാന് ചോമ്പാല്‍ ഹാര്‍ബര്‍ എഞ്ചിനീയര്‍ കാണിച്ച നടപടി സംശയം ഉണ്ടാക്കുന്നതാണെന്ന് ബിജെപി അഴിയൂര്‍ പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. കല്ലുകള്‍ കടത്തേണ്ട യാതൊരു സാഹചര്യവും നിലവില്‍ ഇല്ലെന്നു ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം അറിയിച്ചിട്ടുണ്ട്. സംഭവം നടന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞു മാത്രമാണ് അധികൃതര്‍ സ്ഥലത്ത് പരിശോധന പോലും നടത്തിയത്. ഭരണകക്ഷിയിലെ ചില ഉന്നതരുടെ സ്വാധീനത്തില്‍ കേസ് തേയ്ച്ചു മായ്ച്ചു കളയാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ യോഗം തീരുമാനിച്ചു. വിഷയത്തില്‍ വകുപ്പ് മന്ത്രി, ജില്ലാ കളക്ടര്‍, വിജിലന്‍സ് തുടങ്ങിയവര്‍ക്ക് പരാതി നല്‍കാനും തീരുമാനിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. അജിത് കുമാര്‍, ജനറല്‍ സെക്രട്ടറി ടി.പി. വിനീഷ്, പ്രസാദ് മാളിയേക്കല്‍, പി.വി. സുബീഷ്, സി.എച്ച്. പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: