നമുക്ക് എക്കാലത്തും വേണ്ടത് ബലമാണ്. അതിനുവേണ്ടി നമുക്ക് വിവേകാനന്ദവചനങ്ങളെ ആശ്രയിക്കാം. ശരിയായൊരു തത്ത്വശാസ്ത്രത്തെ ആശ്രയിക്കാം. സ്വാമിജിയുടെ ബലമേകുന്ന വാണികള്‍ ആത്മാവിന്റെ നിത്യത്വത്തെ ഉറപ്പിക്കുന്നതു നോക്കുക: ”നിങ്ങള്‍ ആത്മാവാകുന്നു, ജഗദീശ്വരന്‍തന്നെ, തത് ത്വം അസി എന്നറിയുവിന്‍. ഞാന്‍ പുരുഷന്, ഞാന്‍ സ്ത്രീ, ഞാന്‍ രോഗി, ഞാന്‍ അരോഗി, ഞാന്‍ ബലവാന്, ഞാന്‍ ദുര്ബ്ബലന്, ഞാന്‍ സ്നേഹിക്കുന്നു, ഞാന്‍ ദ്വേഷിക്കുന്നു, എനിക്ക് അല്പം ശക്തിയുണ്ട് എന്നീവിധമുള്ളവ മിഥ്യാഭാവങ്ങളാണെന്നറിയുവിന്‍. അവയെ ദൂരെ ത്യജിപ്പിന്‍. നിങ്ങള്‍ക്കു ബലക്ഷയമുണ്ടാക്കുന്നതെന്ത്? ഭയമുണ്ടാക്കുന്നതെന്ത്? ജഗത്തിലെ ഏകസത്ത നിങ്ങള്‍. നിങ്ങള്‍ എന്തിനെ ഭയപ്പെടുന്നു? എഴുന്നേല്ക്കുക, സ്വതന്ത്രരാവുക! നിങ്ങള്‍ക്കു ദൗര്‍ബ്ബല്യമുണ്ടാക്കുന്ന വിചാരമേതോ, വാക്കേതോ, അതുമാത്രമേ ലോകത്തില്‍ ദുഷ്ടമായിട്ടുള്ളു എന്നു മനസ്സിലാക്കുവിന്‍. മനുഷ്യരെ ദുര്‍ബ്ബലരും ഭീരുക്കളുമാക്കുന്നതേതോ അതു മാത്രമേ തള്ളേണ്ടതുള്ളു എന്നു ധരിപ്പിന്‍. എന്തു നിങ്ങളെ ഭയപ്പെടുത്താന്‍? സൂര്യന്മാര് താഴെ വീഴട്ടെ, ചന്ദ്രന്മാര് പൊടിഞ്ഞുപോകട്ടെ. ബ്രഹ്മാണ്ഡപരമ്പര വിക്ഷിപ്തവും വിധ്വസ്തവുമാകട്ടെ, അതുകൊണ്ടു നിങ്ങള്‍ക്കെന്ത്? നിങ്ങള്‍ക്കു നാശമില്ല, പാറപോലെ നില്പിന്, നിങ്ങള്‍ ആത്മാവ്, ജഗദീശ്വരന്. ”സച്ചിദാനന്ദസ്വരൂപന്‍, സോളഹം” എന്നു ഘോഷിക്കുവിന്‍. കൂടു പൊളിച്ചു പുറത്തുചാടുന്ന സിംഹത്തെപ്പോലെ ജഗജ്ജാലം ഭേദിച്ചു നിത്യമുക്തരാകുവിന്‍. നിങ്ങളെ എന്തു ഭയപ്പെടുത്താന്‍? എന്തു ബന്ധിക്കാന്‍? അജ്ഞാനം, ഭ്രമം; മറ്റൊന്നുമില്ല. നിങ്ങള്‍ നിത്യശുദ്ധാനന്ദവസ്തു.”
അതിനാല്‍ നമുക്കു പ്രയത്നം ചെയ്ത് ക്ഷമയോടെ കാത്തിരിക്കുക. ക്ഷമ അമൂല്യഫലങ്ങള്‍ നല്‍കും. അതുകൊണ്ടാണ്, ‘അര്‍ജ്ജുനാ, ഇന്ദ്രിയങ്ങള്‍ വിഷയങ്ങളുമായി സംബന്ധിക്കുമ്പോള്‍ മാത്രമുണ്ടാകുന്നവയാണ് ശീതോഷ്ണസുഖദുഃഖങ്ങള്. അവ എന്നും വന്നും പോയും ഇരിക്കുന്നവയും അതുകൊണ്ടുതന്നെ നിലനില്പ്പില്ലാത്തവയും ആകുന്നു. അതുകൊണ്ട് അവയെ സഹിക്കുകയാണു വേണ്ടത്’ എന്ന് ഭഗവാന് ശ്രീകൃഷ്ണന് പറയുന്നത്. (ഗീത, 2.14) മനുഷ്യനാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും മഹത്തായ ജീവി എന്ന് വിവേകാനന്ദസ്വാമികള്‍ പറയുന്നത് മനുഷ്യന് ഈശ്വരസാക്ഷാത്കാരം നേടിയെടുക്കാനുള്ള വിശേഷബുദ്ധിയുള്ളതുകൊണ്ടാണ്. ജനനമരണങ്ങളെ കടന്നുപോകാന്‍ മനുഷ്യനു കഴിയുന്നതുകൊണ്ടാണ്. അതിനാല്‍ ശരീരം രക്ഷിച്ചുകൊണ്ട് ആ അവസരം എന്തു വില കൊടുത്തും നാം പാഴാക്കാതിരിക്കണം. ദേഹം അരോഗമാക്കി വെക്കണം, ആത്മജ്ഞാനത്തിനായി പ്രയത്നിക്കണം.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: