ദുബായ്: യുവ ഇന്ത്യന്‍ താരങ്ങളുടെ സാമ്രാജ്യമാണ് ദല്‍ഹി ക്യാപിറ്റല്‍സ്. ബാറ്റിങ് നിരയിലും ബൗളിങ് നിരയിലും ഇന്ത്യന്‍ താരങ്ങളുടെ മികച്ച പ്രകടനമാണ് ദല്‍ഹിയുടെ കരുത്ത്. എന്നാല്‍ വിരാട് കോഹ്ലി നയിച്ച ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിനെതിരെ ദല്‍ഹിക്ക് ആശ്വാസമായത് ഓസ്ട്രേലിയയുടെ ഓള്‍റൗണ്ടര്‍ മാര്‍കസ് സ്റ്റോയ്നിസും ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ കഗീസോ റബാഡയും.
ഓപ്പണര്‍മാരുള്‍പ്പെടെ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ദല്‍ഹിയെ വമ്പന്‍ സ്കോറിലേക്ക് നയിച്ചത് സ്റ്റോയ്നിസാണ്. വിരാട് കോഹ്ലി, എ.ബി. ഡിവില്ലിയേഴ്സ്, ആരോണ്‍ ഫിഞ്ച് തുടങ്ങിയവര്‍ അണിനിരക്കുന്ന ബെംഗളൂരുവിനെതിരെ 150ല്‍ താഴെയുള്ള സ്കോര്‍ തോല്‍വിയിലേക്ക് വഴിതുറക്കുമായിരുന്നു. മധ്യനിരയില്‍ ഋഷഭ് പന്തിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി സ്റ്റോയ്നിസ്. പിന്നീട് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചു. ഇരുനൂറിന് മുകളില്‍ സ്ട്രൈക്ക് റേറ്റോടെ സ്റ്റോയ്നിസ് പുറത്താകാതെ നടത്തിയ പ്രകടനമാണ് ദല്‍ഹിയെ 196ല്‍ എത്തിച്ചത്. 26 പന്തില്‍ 53 റണ്‍സാണ് സ്റ്റോയ്നിസ് നേടിയത്.
മറുവശത്ത് ബെംഗളൂരു ബാറ്റിങ്ങിന്റെ മധ്യനിരയെ തകര്‍ക്കുകയായിരുന്നു റബാഡ. നാല് ഓവറില്‍ നാല് വിക്കറ്റ് വീഴ്ത്തിയ താരം വിട്ടുകൊടുത്തത് 24 റണ്‍സ്.
വിരാട് കോഹ്ലി, വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദുബെ, ഇസുറു ഉഡാന എന്നിവരുടെ വിക്കറ്റാണ് റബാഡ സ്വന്തമാക്കിയത്. തുടക്കം ലഭിച്ച കോഹ്ലി കത്തിക്കയറുമെന്ന് തോന്നിച്ച സമയത്താണ് വിക്കറ്റ് വീഴ്ത്തിയതെന്നതും നിര്‍ണായകമായി. 43 റണ്‍സെടുത്ത കോഹ്ലിയാണ് ബെംഗളൂരുവിന്റെ ടോപ് സ്കോറര്‍. ഇന്ത്യന്‍ താരങ്ങളുടെ മുകളില്‍ വിദേശ താരങ്ങള്‍ കരുത്തു കാട്ടിയപ്പോള്‍ ദല്‍ഹിക്ക് സ്വന്തമായത് അഞ്ച് മത്സരങ്ങളില്‍ നിന്ന് നാലാം ജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: