Categories: Main Article

കേരള ഗാന്ധിയെ കൊന്നതാര്

Published by

കെ. കേളപ്പനെ കൊന്നതാരാണ്? 1889 ആഗസ്റ്റ് 24 ന് ജനിച്ച് 1971 ഒക്‌ടോബര്‍ ഏഴിന് അന്തരിച്ച കെ. കേളപ്പന്റെ സ്മരണകള്‍ ചരിത്രത്തില്‍ ഉണ്ടാകരുതെന്ന് ആഗ്രഹിച്ചവരാരൊക്കെയായിരുന്നു. കേളപ്പന്‍ എന്ന വ്യക്തിയോടുള്ള വൈരാഗ്യമായിരുന്നില്ല അദ്ദേഹത്തിന്റെ സ്മരണകളെ ഇല്ലാതാക്കാന്‍ ശ്രമിച്ചതിനുള്ള കാരണം.  അദ്ദേഹം ഉള്‍ക്കൊണ്ട ഗാന്ധിയന്‍ ആദര്‍ശത്തോടും അദ്ദേഹത്തിന്റെ ധീരമായ പ്രവര്‍ത്തനങ്ങളോടും അസഹിഷ്ണുത പുലര്‍ത്തിയവരുടെ അനന്തരഗാമികള്‍ വെറുതെ ഇരിക്കുന്നില്ല എന്നാണ് ചരിത്രം തെളിയിച്ചത്. സ്വാതന്ത്ര്യസമരപോരാളിയായിരുന്ന കേളപ്പന്റെ ശത്രുക്കള്‍ കോളനി വാഴ്ചക്കാലത്ത് ബ്രിട്ടീഷുകാരായിരുന്നു. അവരുടെ അനന്തരഗാമികളൊന്നും പ്രത്യക്ഷത്തില്‍ ഇപ്പോള്‍ ഇവിടെങ്ങുമില്ല.  

‘കേരളഗാന്ധി’ എന്ന് കേരളം ഒരാളെ മാത്രമേ വിളിച്ചിട്ടുള്ളൂ, അത് കെ കേളപ്പനെ ആയിരുന്നു. മനസ്സില്‍ മഹാത്മജിയെ പൂജാവിഗ്രഹമായി കൊണ്ടുനടന്നതുകൊണ്ടല്ല കേളപ്പനെ ജനങ്ങള്‍ കേരള ഗാന്ധിയായി വിശേഷിപ്പിച്ചത്. ഗാന്ധിയന്‍ സമരമുറകളും ആദര്‍ശങ്ങളും കേരളത്തില്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ യത്‌നിച്ച അദ്ദേഹം പരാജയത്തിന്റെ മൂല്യം അറിഞ്ഞ നേതാവായിരുന്നു. ഗാന്ധിജിയെപ്പോലെ കേളപ്പനും ചരിത്രത്തില്‍ തോറ്റുപോയ വ്യക്തിയാണ്.കോഴിക്കോടായിരുന്നു കെ കേളപ്പന്റെ തട്ടകം. ഗാന്ധിജിയുടെ ആഹ്വാനം ചെവിക്കൊണ്ട് മദ്രാസിലെ നിയമപഠനം ഉപേക്ഷിച്ച് സ്വാതന്ത്ര്യസമരവേദിയില്‍ എത്തിയ കേളപ്പനാണ് കേരളത്തില്‍ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയതെന്ന് ചരിത്രപാഠപുസ്തകത്തില്‍ വായിക്കാം. അധഃസ്ഥിത ജനങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം ലഭിക്കാന്‍ വൈക്കം ക്ഷേത്രനടയില്‍ നടന്ന മഹാസത്യാഗ്രഹത്തില്‍ അദ്ദേഹം പങ്കെടുത്തു. ജാതിഭേദമില്ലാതെ സകല ഹിന്ദുമത വിശ്വാസികള്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കാന്‍ ഗുരുവായൂരില്‍ നടന്ന ഐതിഹാസിക സത്യാഗ്രഹ സമരം നയിച്ചത് കേളപ്പനായിരുന്നു. ‘ത്യാഗമെന്നതേ നേട്ടം’ എന്ന് കരുതി രാഷ്‌ട്രീയത്തില്‍ മുഴുകിയ കേളപ്പനെ കേരളത്തില്‍ ആരും വെടിവച്ചുകൊന്നില്ല. നല്ല പത്രപ്രവര്‍ത്തകനായിരുന്ന കേളപ്പന്റെ കൈവെട്ടിക്കളയണമെന്ന് അന്ന് ആരും ആഗ്രഹിച്ചതുപോലുമില്ല. എന്നിട്ടും നാഥുറാം വിനായക ഗോഡ്‌സെയാല്‍ വധിക്കപ്പെട്ട മഹാത്മാഗാന്ധിയുടെ കേരളപതിപ്പാണ് കെ കേളപ്പന്‍ എന്ന് ചരിത്രം വിധിക്കുന്നു. വെറും ആലങ്കാരികമായ ഒരു വിശേഷണമാണോ ‘കേരളഗാന്ധി’ എന്ന വിളിപ്പേര്? കോഴിക്കോട്ടെ ചിലര്‍ ഗാന്ധിജിയെ കൊന്ന ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കാന്‍ പോലും ഒരുങ്ങിയ കോമാളി യുഗത്തില്‍ ചരിത്രത്തിലെ ‘കേരള ഗോഡ്‌സെ’ ആരാണെന്ന് കണ്ടുപിടിക്കേണ്ടതുണ്ട്.  

കേരള ഗാന്ധിയുടെ ഓര്‍മ്മകള്‍ നിലനില്‍ക്കരുതെന്ന് ആഗ്രഹിച്ചത് 1981ല്‍ ആണ്. ഗുരുവായൂര്‍ ദേവസ്വം ‘ഭരണ സമിതിയില്‍ അവിഹിത സ്വാധീനം ചെലുത്തിയ വര്‍ഗ്ഗീയ ശക്തിയാണ് കേളപ്പനെ പ്രതീകാത്മകമായി കൊന്നുകളഞ്ഞത്. ഒരു തുള്ളി നിണം പോലും നിലത്തുവീഴാതെ കലാപരമായി നടപ്പാക്കിയ ആ ‘കൊലപാതകം’ എത്രമാത്രം നീചവും പൈശാചികവും ആണെന്ന് നോക്കുക. ആദ്യ നായനാര്‍ ഗവണ്‍മെന്റ് കേരളം ‘ഭരിക്കുന്ന കാലം. നാടിന്റെ നവോത്ഥാന ചരിത്രത്തില്‍ പ്രധാനപ്പെട്ട സംഭവങ്ങളില്‍ ഒന്നായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഗുരുവായൂര്‍ സത്യാഗ്രത്തിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷം. സത്യാഗ്രഹ സ്മരണ ഉണര്‍ത്തുന്ന ഉചിതമായ ഒരു സ്മാരകം ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് നിര്‍മ്മിക്കണമെന്ന് ദേവസ്വം ഭരണ സമിതി ചര്‍ച്ച ചെയ്തു. എ കെ ജിയും പി കൃഷ്ണപിള്ളയും ഉള്‍പ്പെട്ട, പില്‍ക്കാല കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പങ്കെടുത്ത ചരിത്ര സംഭവത്തിന് സ്മാരകം പണിയാന്‍ ഇടതു സര്‍ക്കാര്‍ ധനസഹായം വാഗ്ദാനം ചെയ്തു. സത്യാഗ്രഹ നായകന്‍ കെ കേളപ്പന്റെ  

പൂര്‍ണ്ണകായ പ്രതിമ സ്ഥാപിക്കാന്‍ ദേവസ്വം കമ്മിറ്റി തീരുമാനിച്ചു. പ്രതിമയുടെ നിര്‍മ്മാണ ജോലികള്‍ക്ക് പ്രശസ്തനായ ശില്‍പ്പി എം ആര്‍ ഡി ദത്തനെ ചുമതലപ്പെടുത്തി. കേളപ്പന്റെ നിരവധി ഫോട്ടോകള്‍ ശേഖരിച്ച് ദത്തന്‍ മാതൃകാ ശില്‍പ്പം തയ്യാറാക്കാന്‍ ഒരുങ്ങുമ്പോഴേക്കും കേരളത്തില്‍ വലിയ രാഷ്‌ട്രീയ മാറ്റങ്ങളുണ്ടായി. നായനാരുടെ ഇടതുമുന്നണി മന്ത്രിസഭയില്‍ പങ്കാളിത്തമുണ്ടായിരുന്ന ആന്റണി കോണ്‍ഗ്രസ്സും  മാണി ഗ്രൂപ്പ് കേരള കോണ്‍ഗ്രസ്സും അധികാരത്തിന്റെ ശീതളച്ഛായയില്‍ നിന്ന് വിവാദപരമായ പിന്‍മാറ്റം നടത്തി. കെ കരുണാകരന്‍ ഇടതു സര്‍ക്കാരിനെ ഇറക്കി, ഒരംഗത്തിന്റെ ‘ഭൂരിപക്ഷത്തോടെ  

പുതിയ മന്ത്രിസഭയുണ്ടാക്കി. സ്പീക്കറുടെ കാസ്റ്റിംഗ് വോട്ടോടെ നില നിന്ന ആ മന്ത്രിസഭ’ ഏറെ മുന്നോട്ടു പോയില്ല. മാണിഗ്രൂപ്പ് കേരള കോണ്‍ഗ്രസ്സിലെ ലോനപ്പന്‍ നമ്പാടന്‍ എം എല്‍ എ ഇടതുമുന്നണിയില്‍ തിരിച്ചു കയറിയതോടെ കരുണാകരന്‍ മന്ത്രിസഭ’ രാജിവച്ചു. ഇടക്കാല നിയമസഭാ തെരഞ്ഞെടുപ്പില്‍ കരുണാകരന്റെ നേതൃത്വത്തില്‍ യു ഡി എഫ് അധികാരത്തില്‍ വന്നു. കേളപ്പന്റെ പ്രതിമാനിര്‍മ്മാണയജ്ഞം അതിനിടെ ഗുരുവായൂര്‍ ദേവസ്വം അട്ടിമറിച്ചുകഴിഞ്ഞിരുന്നു. ‘അമ്പലത്തിനുള്ളില്‍ കണ്ടവനെല്ലാം പ്രവേശനം നേടിക്കൊടുത്ത കേളപ്പന്റെ സ്മാരകമൊന്നും ഇവിടെ വേണ്ട.’ എന്ന് ഒരു അംഗം ദേവസ്വം ഭരണസമിതി യോഗത്തില്‍ വികാരക്ഷോഭത്തോടെ പ്രസംഗിച്ചു. മാറിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ ആ അംഗത്തിന്റെ നില

പാടിന് ഭൂരിപക്ഷ പിന്തുണ ലഭിച്ചു., അങ്ങനെ കേളപ്പന്റെ പ്രതിമ നിര്‍മ്മിക്കാനുള്ള തീരുമാനം പിന്‍വലിച്ചതായി സമിതി രേഖാമൂലം ശില്‍പ്പിയെ അറിയിച്ചു. എം ആര്‍ ഡി ദത്തന്‍ അല്‍പ്പം വാശിയുള്ള വ്യക്തിയായിരുന്നു. ഒരു കലാകാരന്റെ നൈസര്‍ഗ്ഗീകമായ ക്ഷോഭവും പ്രതിഷേധവും അദ്ദേഹത്തിനുണ്ടായിരുന്നു. മുഖ്യമന്ത്രി കരുണാകരനെ അദ്ദേഹം നേരിട്ടുകണ്ട് ഗുരുവായൂര്‍ ദേവസ്വത്തിന്റെ ചുവടുമാറ്റത്തെക്കുറിച്ച് പരാതി പറഞ്ഞു. ഫയലുകള്‍ വരുത്തി കരുണാകരന്‍ പരിശോധിച്ചു. സത്യാഗ്രഹ ജൂബിലി സ്മാരകം നിര്‍മ്മിക്കാന്‍ ഗുരുവായൂര്‍ ദേവസ്വത്തിന് സര്‍ക്കാര്‍ അനുമതിയും ഫണ്ടും നല്‍കിയിട്ടുള്ള കാര്യം മുഖ്യമന്ത്രിക്കു ബോധ്യപ്പെട്ടു. സര്‍ക്കാര്‍ മാറിയെന്ന കാരണത്താല്‍ കേളപ്പന്റെ പ്രതിമ വേണ്ട എന്ന് തീരുമാനിക്കാനെന്തുകാര്യമെന്ന് അദ്ദേഹം അന്വേഷിച്ചു. ഗുരുവായൂരപ്പന്റെ ഭക്തനായ കരുണാകരന്‍ ദേവസ്വം കമ്മിറ്റിയുടെ ‘ഭൂരിപക്ഷ തീരുമാനം അറിഞ്ഞ് നിസ്സഹായനായി. സ്മാരകം നിര്‍മ്മിക്കാന്‍ അനുവദിച്ച ഫണ്ട് പിന്‍വലിക്കാന്‍ നിര്‍വാഹമില്ലെന്ന് വന്നപ്പോള്‍ ദേവസ്വം സമിതി ‘മനോഹരമായ’ ഒരു പോംവഴി കണ്ടുപിടിച്ചു. ചരിഞ്ഞുപോയ ഗുരുവായൂര്‍ കേശവന്‍ എന്ന തലയെടുപ്പുള്ള ആനയുടെ പ്രതിമ നിര്‍മ്മിച്ച് ദേവസ്വം അതിഥി മന്ദിരവളപ്പില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. കെ കേളപ്പന്‍ എന്ന ഗാന്ധിയനു പകരം കേശവന്‍ എന്ന ആനയായാല്‍ തനിക്കെന്തു ചേതമെന്ന മട്ടില്‍ ശില്‍പ്പി ദത്തന്‍ ആന പ്രതിമാ നിര്‍മ്മാണം നിശ്ശബ്ദമായി ഏറ്റെടുത്തു.കേരളഗാന്ധിയെ ഗുരുവായൂര്‍ ദേവസ്വത്തിലെ തല്‍പ്പരകക്ഷികള്‍ ‘കൊന്ന’ സംഭവം  

പുറത്തുപോകുമോ എന്ന ‘ഭയം അധികൃതര്‍ക്ക് ഉണ്ടായിരുന്നു. ഗുരുവായൂര്‍ കേശവന്റെ പ്രതിമ നിര്‍മ്മിച്ചത് വളരെ ഗോപ്യമായിട്ടായിരുന്നു. നിര്‍മ്മാണം അവസാന ഘട്ടം എത്തിയ സന്ദര്‍ഭത്തില്‍ ഒരു ദിവസം ഈ ലേഖകന്‍ ശില്‍പ്പിയെ ഗുരുവായൂരില്‍ വച്ചു കാണാന്‍ ശ്രമിച്ചു. അദ്ദേഹം എന്തോ അപകടം മണത്തിട്ടെന്ന വിധം കൂടിക്കാഴ്ചയ്‌ക്ക് സമ്മതിച്ചില്ല. തുടര്‍ച്ചയായി ഒഴിഞ്ഞുമാറിയപ്പോള്‍ ദത്തനെ അടുത്തറിയുന്നവരോട് ഞാന്‍ കാര്യം തിരക്കി. ഗുരുവായൂര്‍ കേശവന്റെ പ്രതിമ നിര്‍മ്മാണ യജ്ഞത്തിനുള്ള ഏകാഗ്രതയിലാണ് ശില്‍പ്പിയെന്ന് ചിലര്‍ സൂചിപ്പിച്ചു. ഒരു ദിവസം ഞാനതു കണ്ടു

പിടിച്ചു. ചണച്ചാക്കുകൊണ്ട് പൊതിഞ്ഞുകെട്ടിവച്ചിരിക്കുന്ന ഗുരുവായൂര്‍ കേശവന്റെ പ്രതിമ. ദത്തന്റെ ശില്‍പ്പശാലയില്‍ രൂപം കൊള്ളുന്ന കൂറ്റന്‍ ആനയുടെ ചിത്രം എടുത്ത്, അക്കാലത്ത് തൃശൂരില്‍ കേരളകൗമുദിയുടെ ലേഖഖന്‍ ആയിരുന്ന ഞാന്‍ ഒരു ഫീച്ചര്‍ തയ്യാറാക്കി. പി ഭാസ്‌കരന്റെ ‘ഗുരുവായൂര്‍ കേശവന്‍’ എന്ന സിനിമയൊക്കെ പ്രചാരത്തില്‍ നില്‍ക്കുന്ന സമയമായതുകൊണ്ട് കേശവന്റെ പ്രതിമ ഗുരുവായൂരില്‍ ജീവനു തുല്യം ഉയര്‍ന്നുവരുന്നു എന്ന വൃത്താന്തത്തിന് പത്രത്തില്‍ ഒന്നാം പുറത്ത് ഇടം ലഭിച്ചു. പക്ഷേ കെ കേളപ്പന്‍ എന്ന കേരളഗാന്ധിയുടെ കൊലക്കളത്തില്‍ നിന്നാണ് അതുയരുന്നതെന്ന കിടിലം വാര്‍ത്ത ഒരു ലേഖക

നും അറിയില്ലായിരുന്നു. എങ്കിലും ഗുരുവായൂര്‍ കേശവന്‍ എന്ന പ്രതിമയെക്കുറിച്ചുള്ള കേരളകൗമുദി റിപ്പോര്‍ട്ട് ശില്‍പ്പിയെ ചൊടിപ്പിച്ചു. വാര്‍ത്ത പ്രസിദ്ധീകരിച്ചുവന്ന ദിവസം വൈകുന്നേരം തൃശൂരിലെ ബ്യൂറോയില്‍ എത്തി ദത്തന്‍ എന്നോട് ചൂടായി. വഴക്കിനും പരിഭവത്തിനും ഇടയില്‍ ദത്തന്റെ മുഖത്തു മിന്നിമാഞ്ഞ ചിരിയുടെ അര്‍ത്ഥം അന്നെനിക്കു മനസ്സിലായില്ല. ഇരുപതു വര്‍ഷം കഴിഞ്ഞ് എറണാകുളത്തുവച്ച് എം ആര്‍ ഡി ദത്തന്‍ അക്കാര്യം അറിയിക്കാനായി മാത്രം എന്നെ വിളിച്ചു. ഗുരുവായൂര്‍ ദേവസ്വം കമ്മിറ്റി തീരുമാനത്തിന്റെ രേഖകളും ശില്‍പ്പിക്ക് നല്‍കിയ ഉത്തരവുകളുടെ പ്രതികളും പരിശോധിച്ച് കേരള ഗാന്ധിവധത്തിന്റെ ഗര്‍ഹണീയ മുഖം കണ്ട് അമ്പരന്നുപോയി. പത്രവാര്‍ത്തകളോട് അന്നുമുതല്‍ ഈ ലേഖകന് വിശ്വാസമില്ലാതായി. സംഭവങ്ങളുടെ ബാഹ്യരൂപം മാത്രമാണ് വാര്‍ത്തകളില്‍ വിവരിക്കപ്പെടുന്നത്. വസ്തുതകള്‍ ഒരിക്കലും അതായിരിക്കണമെന്നില്ല. യാഥാര്‍ത്ഥ്യം മറഞ്ഞിരിക്കുന്നതിനാല്‍ അത് വാര്‍ത്ത വായിക്കുന്ന ഒരാളും അറിയുന്നില്ല. അങ്ങനെ സത്യമെന്തെന്ന് അറിയാതെ ജനങ്ങള്‍ ഓരോരോ നിഗമനത്തില്‍ എത്തിച്ചേരുകയും ജനാധിപത്യം അപകടത്തിലാകുകയും ചെയ്യുന്നു.

വാര്‍ത്തയും വസ്തുതയും തമ്മില്‍ വേര്‍തിരിച്ച് വിഖ്യാതനായ വാള്‍ട്ടര്‍ ലിപ്മാന്‍ അമേരിക്കന്‍ പത്രപ്രവര്‍ത്തനത്തില്‍ ഒരു സിദ്ധാന്തം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. കഠിനമായ അന്വേഷണത്തിലൂടെ വാര്‍ത്തയ്‌ക്കു പിന്നില്‍ ഒളിച്ചിരിക്കുന്ന വസ്തുത കണ്ടെത്തണമെന്ന് ലിപ്മാന്‍ പറഞ്ഞു. എഴുപതു വര്‍ഷക്കാലം സോവിയറ്റ് യൂണിയനെക്കുറിച്ച് അമേരിക്കയിലെ പ്രമുഖ പത്രങ്ങള്‍ എഴുതിയതെല്ലാം അര്‍ത്ഥശൂന്യമായിരുന്നു എന്ന് സോദാഹരണം അദ്ദേഹം തെളിയിച്ചു. ബോള്‍ഷെവിക് വിപ്ലവത്തെക്കുറിച്ച് അമേരിക്കന്‍ ജനത പത്രങ്ങളില്‍ വായിച്ചതെല്ലാം പരമ അബദ്ധങ്ങളായിരുന്നു. ലോകം നിശ്ശബ്ദമായി രണ്ട് ചേരികളായിപ്പോയതും ‘ശീതയുദ്ധം’ ഉണ്ടായതും അതുകൊണ്ടാണെന്ന് വാള്‍ട്ടര്‍ ലിപ്മാന്‍ പറഞ്ഞു. ഒന്നാം ലോകയുദ്ധാനന്തരം ലീഗ് ഓഫ് നേഷന്‍സ് പരാജയപ്പെട്ടതും രണ്ടാം ലോകയുദ്ധാനന്തരം ഐക്യരാഷ്‌ട്രസഭ ഉണ്ടായിട്ടും ലോകത്ത് സമാധാനം പുലരാത്തതും ജനങ്ങള്‍ പരമ്പരാഗത മാധ്യമങ്ങള്‍ വഴി യാഥാര്‍ത്ഥ്യം മനസ്സിലാക്കാത്തതുകൊണ്ടാണ്. ലിപ്മാന്‍ നടത്തിയ നിരീക്ഷണം എത്രമാത്രം സത്യമാണെന്ന് ദിവസവും രാവിലെയും വൈകിട്ടും നമ്മള്‍ അറിഞ്ഞുകൊണ്ടിരിക്കുന്നു.

കേരളഗാന്ധിയെ കൊന്നവര്‍ക്ക് മരണമില്ല. പല പേരുകളില്‍, പല വേഷങ്ങളില്‍ അവര്‍ നമുക്കിടയില്‍ വിഷഫണമൊതുക്കി കഴിയുന്നു. ടെലിവിഷന്‍ ചര്‍ച്ചകളില്‍ ചിലപ്പോള്‍ അവര്‍ ഇരിക്കുന്നതു കാണാം. പൊതുവേദികളില്‍  വാചാലരാകുന്നതു കേള്‍ക്കാം. ചരിത്രത്തിലെ നെറികേടുകളെക്കുറിച്ച് ആരെങ്കിലും എഴുതിയതു വായിച്ച് അസഹിഷ്ണുത പൂണ്ട് ഇയാളെ മേലാല്‍ പേന തൊടാന്‍ അനുവദിക്കരുത് എന്ന് അവര്‍ എഡിറ്റര്‍ക്ക് കത്തെഴുതിയെന്നുവരാം. ചേകന്നൂര്‍ മൗലവിയെ കൊന്നവരും പ്രൊഫസര്‍ തോമസിന്റെ കൈവെട്ടിയവരും ഇവരും തമ്മില്‍ ഒരു അന്തരവുമില്ല. മതമൗലികവാദികള്‍ക്കെല്ലാം ഒരേ തൂവലാണ്; ഒരേ മനസ്സുമാണ്.

പി. സുജാതന്‍

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by