പുത്തൂര്‍: പുത്തൂര്‍ ജങ്ഷനിലെ മണ്ഡപത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അധികൃതരുടെ അനാസ്ഥയില്‍ കടലാസിലൊതുങ്ങുന്നു. മണ്ഡപം തകര്‍ന്നിട്ട് നവംബറില്‍ നാല് വര്‍ഷം പൂര്‍ത്തിയാകും. മണ്ഡപത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അളവെടുപ്പുകളും പരിശോധനകളും പലതവണ നടന്നു. രാഷ്ട്രീയ പ്രമുഖരും ഉദ്യോഗസ്ഥരും വാഗ്ദാനങ്ങള്‍ നിരവധി നല്കി മടങ്ങി. സര്‍വകക്ഷിയോഗങ്ങളും നിരവധി തവണ നടന്നു. എന്നിട്ടും ഒരു നാടിന്റെ പൈതൃക സ്വത്തായിരുന്ന മണ്ഡപം മാത്രം പുനര്‍നിര്‍മ്മിക്കപ്പെട്ടില്ല.
പുത്തൂരിന്റെ ഹൃദയത്തുടുപ്പായിരുന്ന മണ്ഡപം തെരുവില്‍ നശിച്ചുകിടക്കുകയാണിപ്പോള്. കെഎസ്ആര്‍ടിസി ബസ് ഇടിച്ചാണ് 2016 നവംബറില്‍ മണ്ഡപം തകര്‍ന്നത്. മണ്ഡപത്തിന്റെ പുനര്‍നിര്‍മ്മാണം ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്നായിരുന്നു അന്ന് എംഎല്‍എ അടക്കമുള്ളവര്‍ പറഞ്ഞിരുന്നത്.
മണ്ഡപം നിലനിന്ന സ്ഥലവുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങളും നിലനിന്നിരുന്നു. പിന്നീട് ചര്‍ച്ചകള്‍ക്കൊടുവില്‍ പരാതികളില്ലാതെ മണ്ഡപം പുനര്‍നിര്‍മിക്കാന്‍ തീരുമാനമെടുക്കുകയുമുണ്ടായി. നിലവിലുള്ള സ്ഥലത്തുനിന്ന് പുറകിലേക്കുമാറ്റി സുരക്ഷിതമായ തരത്തില്‍ മണ്ഡപം നിര്‍മിക്കാനായിരുന്നു അന്നുണ്ടായ ധാരണ. നിര്‍മാണച്ചുമതല നിര്‍മിതികേന്ദ്രത്തിന് കൈമാറാനും ധാരണയായി. പിന്നീട് നടന്ന പുനര്‍നിര്‍മാണം തുടങ്ങിയിടത്തുതന്നെ ഉപേക്ഷിച്ചു.
ഏഴര ലക്ഷം രൂപയാണ് മണ്ഡപം നിര്‍മിക്കാന്‍ അനുവദിച്ചതെന്നായിരുന്നു അന്നുണ്ടായ പ്രഖ്യാപനം. പഴയ കല്ലുകള്‍ അടുക്കിയതല്ലാതെ പിന്നീട് ഒന്നും അവിടെ നടന്നില്ല. അധികൃതരുടെയും എംഎല്‍എയുടെയും പാഴ് വാക്കുകളില്‍ ഇപ്പോഴും കടലാസില്‍ മാത്രം ഉറങ്ങാനാണ് പുത്തൂരിലെ പൈതൃകസ്വത്തിന്റെ നിയോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: