പാട്ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന് അധ്യക്ഷന്‍ കനയ്യകുമാറിനെ മത്സരിപ്പിക്കാതെ സിപിഐ. കനയ്യ കുമാറിനെ ഏതു മണ്ഡലത്തില്‍ നിര്‍ത്തി മത്സരിപ്പിച്ചാലും കെട്ടിവെച്ച കാശ്പോലും കിട്ടില്ലെന്ന് പാര്‍ട്ടി കീഴ്ഘടകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് അവസാന നിമിഷം സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് കനയ്യകുമാറിനെ ഒഴിവാക്കിയത്.
ആര്‍ജെഡി നയിക്കുന്ന മഹാസഖ്യത്തിന്റെ ഭാഗമായി ആറ് സീറ്റുകള്‍ സിപിഐക്ക് മത്സരിക്കാനായി നല്‍കിയിരുന്നത്. ഈ സീറ്റുകളില്‍ കനയ്യകുമാര്‍ മത്സരിക്കുന്നതിനോട് മറ്റുഘടക കക്ഷികള്‍ക്കും താല്പര്യമില്ലായിരുന്നു. സിപിഐയ്ക്ക് നല്‍കിയിരിക്കുന്ന രണ്ട് സീറ്റുകള്‍ സ്വാധീന മേഖലയായ ബെഗുസരായിലാണ്. അതിനാല്‍ ഇതില്‍ ഒരു സീറ്റില്‍ കനയ്യകുമാര്‍ മത്സരിക്കുമെന്നാണ് അഭ്യൂഹങ്ങളുണ്ടായിരുന്നത്.
എന്നാല്‍ കനയ്യകുമാറിന്റെ പേര് സിപിഐ പുറത്തിറക്കിയ പട്ടികയില്‍ ഇടം നേടിയിട്ടില്ല. ബെഗുസരായിലെ ബക്കാരി നിയമസഭ സീറ്റില്‍ സൂര്യകാന്ത് പാസ്വാന്, ബെഗുസരായിലെ തേഗ്ഡ മണ്ഡലത്തില്‍ രാം രത്തന്‍ സിങ്, ബാച്വാര മണ്ഡലത്തില്‍ അവാദേശ് കുമാര്‍ റായ്, ഹര്‍ലഖി മണ്ഡലത്തില്‍ രാം നരേഷ് പാണ്ഡെ, ജാംഞ്ജ്ഹര്‍പൂര്‍ മണ്ഡലത്തില്‍ രാംനാരായണ്‍ യാദവ്, രുപാലി സീറ്റില്‍ വികാസ് ചന്ദ്ര മണ്ഡല് എന്നിവരാണ് മത്സരിക്കുന്നത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കനയ്യകുമാര്‍ ബിഹാറിലെ ബെഗുസരായില്‍ മത്സരിച്ചിരുന്നു. എന്നാല്‍, കനയ്യ കുമാറിന് വന്‍ തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ബിജെപി നേതാവ് ഗിരിരാജ് സിങിനോട് 4.20 ലക്ഷം വോട്ടുകള്‍ക്കാണ് കനയ്യ പരാജയപ്പെട്ടത്. ആകെ പോള്‍ ചെയ്ത 12.17 ലക്ഷം വോട്ടില്‍ 6.88 ലക്ഷം വോട്ടുകള്‍ ഗിരിരാജ് സിങ് നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: