കുമ്പള: കുമ്പള ഗ്രാമ പഞ്ചായത്തിലെ കിദൂര്‍ വില്ലേജില്‍ കുണ്ടങ്കേരടുക്കയിലെ നിര്‍ദിഷ്ട പക്ഷി ഗ്രാമം കുമ്പളയുടെ ടൂറിസം വികസനത്തില്‍ ഇടം പിടിക്കുകയാണ്. അപൂര്‍വങ്ങളായ ദേശാടന പക്ഷികളടക്കം ഇതിനകം 156 ഇനം പക്ഷികളെ കണ്ടെത്തിയ ഇടമാണ് കിദൂര്‍ കുണ്ടങ്കേരടുക്ക. പത്ത് ഏക്കര്‍ വിസ്തൃതിയിലുള്ള പ്രദേശമാണ് നിര്‍ദിഷ്ട പക്ഷി ഗ്രാമം. ജൈവ വൈവിധ്യങ്ങളാല്‍ സമ്പന്നമാണ് ഈ പ്രദേശം. ആവശ്യമായ വെള്ളവും, ഭക്ഷണവും, ശാന്തതയുമുള്ള പ്രദേശമായതിനാലാണ് പക്ഷികള്‍ കൂട്ടത്തോടെ ഇവിടെയെത്തുന്നതെന്ന് പറയപ്പെടുന്നു.
ചെങ്കല്‍ കുന്നുകളും, പ്രകൃതിയുടെ തനത് ജലസംഭരണ കേന്ദ്രങ്ങളായ പള്ളങ്ങളും കാഞ്ഞിര മരങ്ങളും, കല്ലാലവും നിറഞ്ഞ പ്രദേശമാണ് കിദൂര്‍. മറുവശത്തു ഷിറിയ പുഴ വിശാലതയോടെ ശാന്തമായി ഒഴുകുന്നു. ജൈവ വൈവിധ്യങ്ങളുടെ കലവറ കൂടിയായ കിദൂരില്‍ കര്‍ണ്ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നൊക്കെ പക്ഷിനിരീക്ഷണത്തിന്നായി ആളുകളെത്തിച്ചേരാറുണ്ട്.
2018 ല്‍ കിദൂരില്‍ പക്ഷി നിരീക്ഷകര്‍ നടത്തിയ ഒരു പരിപാടിയില്‍ സംബന്ധിക്കവെ ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബുവാണ് പ്രദേശത്തിന്റെ മനോഹാരിത മനസ്സിലാക്കി കിദൂറിനെ പക്ഷി ഗ്രാമമാക്കാന്‍ മുന്‍കൈയെടുത്തത്. ഇത് തത്വത്തില്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. ഇതിനായി ജില്ലയുടെ വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഫണ്ടും അനുവദിക്കുകയും ചെയ്തു. മാത്രവുമല്ല പക്ഷി നിരീക്ഷണത്തിനായി കുമ്പള ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ പ്രതിവര്‍ഷം എട്ടോളം ക്യാമ്പുകള്‍ ഇവിടെ സംഘടിപ്പിച്ചു വരുന്നുണ്ട്.
പറവകള്‍ക്ക് ചേക്കേറാന്‍ ഇടമൊരുക്കാന്‍ ആരിക്കാടിയില്‍ നിന്ന് 7 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന കിദൂര്‍ പ്രദേശം വികസന കുതിപ്പിലേക്ക് നീങ്ങുമ്പോള്‍ കിദൂര്‍ പക്ഷി സങ്കേത കേന്ദ്രം ജില്ലയിലെ തന്നെ ടൂറിസം സ്വപ്‌നങ്ങള്‍ക്ക് ഊര്‍ജം പകരുന്നതോടൊപ്പം, കുമ്പളയുടെ സമഗ്രമായ വികസനത്തിനും വഴിയൊരുങ്ങും. നെല്‍പ്പാടങ്ങളും, പാറപ്രദേശങ്ങളുമുള്ള ‘ലാറ്ററൈറ് ‘ ഭൂമിയും, ചെറിയ വനപ്രദേശവുമുള്‍പ്പെടെ വിത്യസ്ത ഭൂപ്രദേശങ്ങള്‍ സ്ഥിതി ചെയ്യുന്ന ഷിറിയ പുഴയുടെ സാന്നിധ്യവും ഒക്കെ പക്ഷികളുടെ സ്വാതന്ത്ര്യ വിഹാരത്തിന്ന് അനുകൂല ഘടകവുമാണ്. നദീ തീര നടപ്പാത, വിശ്രമ കേന്ദ്രം, വലയങ്ങളോട് കൂടിയുള്ള ഇരിപ്പിടം തുടങ്ങിയവയുടെ നിര്‍മ്മാണത്തിനായി 2.77 കോടിയിലേറെ രൂപ പക്ഷിഗ്രാമ വികസനത്തിന്ന് വകയിരുത്തിയിട്ടുണ്ട്. പൂര്‍ണ്ണമായും പ്രകൃതിക്ക് ഇണങ്ങുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാകും നടപ്പിലാക്കുകയെന്നത് തന്നെ പക്ഷി ഗ്രാമത്തിലെ വേറിട്ട കാഴ്ചയായിരിക്കും.
കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും, പുറത്ത് നിന്നുമുള്ള പക്ഷി നിരീക്ഷകരുടെയും, പ്രകൃതി സ്‌നേഹികളുടെയും മുഖ്യ ആകര്‍ഷണ കേന്ദ്രമാക്കി കിദൂറിനെ മാറ്റാന്‍ അടിസ്ഥാന സൗകര്യത്തിനായുള്ള പദ്ധതി കൊണ്ടു സാധിച്ചേക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പിലാക്കുന്ന സോളാര്‍ തെരുവ് വിളക്കുകള്‍, ആധുനിക ശൗചാലയങ്ങള്‍, എഫ്. ആര്‍. പി മാലിന്യ സംസ്‌കരണ സംവിധാനങ്ങളൊക്കെ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കാനൊരുങ്ങുകകയാണിവിടെ. ഈ പദ്ധതികളൊക്കെ പൂര്‍ത്തിയായാല്‍ കുമ്പള ഗ്രാമ പഞ്ചായത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നതില്‍ സംശയമില്ല.
ജില്ലയിലെ തന്നെ ഏറ്റവും വലിയ പക്ഷി സങ്കേതമായ കിദൂരില്‍ ഡോര്‍മിറ്ററി നിര്‍മ്മിക്കുന്നതിന്ന് ഇതിനകം അനുമതി ലഭ്യമായിട്ടുണ്ട്. പക്ഷി നിരീക്ഷണത്തിനായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും, ഗവേഷകര്‍ക്കും, നിരീക്ഷകര്‍ക്കും ഡോര്‍മിറ്ററി പ്രയോജനപ്പെടുത്തും. വികസന പാക്കേജിലുള്‍പ്പെടുത്തിയ 2.75 കോടി രൂപയുടെ കുമ്പള ഗ്രാമീണ ടൂറിസം പദ്ധതി പ്രകാരമാണ് കിദൂരില്‍ ഡോര്‍മിറ്ററി നിര്‍മ്മിക്കുന്നത്. ഡിസംബറോടെ നിര്‍മ്മാണം പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരിസ്ഥിതി സൗഹാര്‍ദ്ദമായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ മുളയുള്‍പ്പെടെയുള്ളവ കൊണ്ടായിരിക്കും മുറികള്‍ വേര്‍തിരിക്കുകയെന്നുമാണ് അധികൃതര്‍ പറയുന്നത്. ജനസമൂഹം വികസിക്കുന്നതിനനുസരിച്ച് വനപ്രദേശങ്ങള്‍ ചുരുങ്ങുകയും, പക്ഷി മൃഗാദികള്‍ക്കുള്ള ആവാസവ്യവസ്ഥ തന്നെ തകിടം മറിയുകയും ചെയ്യുന്ന വേളയിലാണ് കിദൂര്‍ പക്ഷി ഗ്രാമമായി ചിറകു വിരിക്കാനൊരുങ്ങുന്നതെന്നത് പരിസ്ഥിതി സ്‌നേഹികള്‍ക്ക് ഏറെ ആശ്വാസമേകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: