ബോവിക്കാനം: മല്ലം ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തിലേക്ക് ബോവിക്കാനം ടൗണില്‍ നിന്ന് എളുപ്പത്തിലെത്താവുന്ന പാത തകര്‍ന്നിട്ടും അധികൃതര്‍ക്ക് അനക്കമില്ല. മറുനാട്ടില്‍ നിന്ന് ഉള്‍പ്പെടെ പ്രതിദിനമെത്തുന്ന നിരവധി തീര്‍ഥാടകര്‍ ആശ്രയിക്കുന്ന റോഡില്‍ കാല്‍നടയാത്ര പോലും ദുസ്സഹമായിരിക്കുന്നു.
മല്ലം ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടകര്‍ക്കൊപ്പം നിരവധി കുടുംബങ്ങളും ആശ്രയിക്കുന്ന ബോവിക്കാനം ടൗണ്‍ അമ്മങ്കോട് ഭജന മന്ദിരം മല്ലം റോഡിലെ യാത്രയാണ് ദുരിതമാകുന്നത്. ബോവിക്കാനം ടൗണില്‍ നിന്ന് മല്ലം ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തിലേക്ക് ഇതുവഴി രണ്ട് കിലോമീറ്ററില്‍ താഴെ മാത്രമാണുള്ളത്. റോഡ് പൂര്‍ണമായും തകര്‍ന്നതോടെ എട്ടാംമൈല്‍ വീട്ടിയടുക്കം വഴി നാലുകിലോമീറ്ററോളം ചുറ്റിസഞ്ചരിച്ചാണ് തീര്‍ഥാടകര്‍ ഇപ്പോള്‍ ക്ഷേത്രത്തിലെത്തുന്നത്.
റോഡ് തകര്‍ന്നതിനാല്‍ ഓട്ടോറിക്ഷകളും ഇതുവഴി ഓട്ടത്തിന് മടിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. ചെളി കെട്ടിക്കിടക്കുന്ന റോഡില്‍ ഇരുചക്രവാഹന യാത്രികര്‍ തെന്നിവീഴുന്നതും പതിവ് കാഴ്ചയാണ്. ബോവിക്കാനം ടൗണില്‍ നിന്ന് കൃഷിഭവന്റെ സമീപത്തു കൂടിയുള്ള റോഡില്‍ കിലോമീറ്ററോളം സഞ്ചരിച്ചാല്‍ എട്ടാംമൈല്‍ മല്ലം റോഡിലെ അമ്മങ്കോട് ജങ്ഷനിലെത്തും. കൃഷിഭവനു സമീപത്തും അമ്മങ്കോട് ഭജനമന്ദിരം കഴിഞ്ഞുള്ള കുറച്ചു ഭാഗത്തും മാത്രമാണ് ടാര്‍ചെയ്യാന്‍ ബാക്കിയുള്ളത്.
റോഡിന്റെ തുടക്കത്തില്‍ ബോവിക്കാനം ടൗണ്‍ വികസനത്തിനായി അഞ്ചുവര്‍ഷം മുമ്പ് ഇളക്കിമാറ്റിയിരുന്ന ഭാഗത്തും ടാര്‍ ചെയ്തിട്ടില്ല. ടാര്‍ ചെയ്യാത്ത ഭാഗത്താണ് റോഡ് തകര്‍ന്ന് കിടക്കുന്നത്. പഞ്ചായത്തിന്റെ പരിമിതമായ ഫണ്ടുപയോഗിച്ച് റോഡ് ഗതാഗതയോഗ്യമാക്കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: