തൃക്കരിപ്പൂര്‍: നടക്കാവ് പട്ടികജാതി കോളനിയെ സ്വയംപര്യാപ്ത ഗ്രാമമാക്കാനുള്ള സര്‍ക്കാര്‍ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ച കാരണം അനുവദിച്ച ഫണ്ട് ഫലപ്രദമായി ചെലവഴിക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. 2013ലാണ് ഒരുകോടി രൂപയുടെ വികസന പദ്ധതികള്‍ നടക്കാവ് ഹരിജന്‍ കോളനിയില്‍ ആരംഭിച്ചത്. സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലത്തിലെയും ഒരു പട്ടികജാതി കോളനിയുടെ സമഗ്രവികസനത്തിനുള്ള പദ്ധതി 2013ലാണ് തുടങ്ങിയത്.
തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലേത് നടക്കാവിലാണ് അനുവദിച്ചത്. ആലുവ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡാണ് കരാര്‍ ഏറ്റെടുത്തതെങ്കിലും മറ്റൊരു ഗ്രൂപ്പിന് ഉപ കരാര്‍ നല്‍കിയാണ് പ്രവൃത്തി തുടങ്ങിയത്. എന്നാല്‍, പ്രവൃത്തികള്‍ കൃത്യമായി പൂര്‍ത്തിയാക്കിയില്ല. പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കോളനി നിവാസികള്‍ നിവേദനം നല്‍കിയതിനെത്തുടര്‍ന്ന് പലതവണ ഉദ്യോഗസ്ഥരെത്തി നിജസ്ഥിതി മനസ്സിലാക്കുകയും നടപടിയെടുക്കുമെന്നറിയിക്കുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവില്‍ കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 16ന് ജില്ലാ പട്ടികജാതി ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം നടക്കാവ് കോളനിയിലെത്തി. റിപ്പേര്‍ട്ട് തയ്യാറാക്കിയിരുന്നെങ്കിലും തുടര്‍നടപടികളുണ്ടായില്ല.
നടക്കാവ് കോളനിയില്‍ 88 പട്ടികജാതി കുടുംബങ്ങളാണുള്ളത്. ഇതില്‍ ഉദ്യോഗസ്ഥര്‍ ഇല്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും ആനുകൂല്യം ലഭിക്കേണ്ടതായിരുന്നു. അത് ലഭിച്ചില്ല. തുടക്കത്തില്‍ പ്രഖ്യാപിച്ച ഒരു പദ്ധതിയും ലക്ഷ്യത്തിലെത്തിയില്ല. കളിസ്ഥലം, തൊഴില്‍ രഹിതരായ യുവതികള്‍ക്ക് ടെയ്ലറിങ് യൂണിറ്റ് എന്നിവയൊന്നും നടന്നില്ലെന്നാണ് കോളനിനിവാസികള്‍ പറയുന്നത്. പ്രവൃത്തി പൂര്‍ത്തിയാക്കുന്നതില്‍ നിന്ന് കരാറുകാര്‍ പിന്നാക്കംപോയി. കോളനിയിലെ കമ്യൂണിറ്റി ഹാള്‍ നിര്‍മാണം അസ്ഥിവാരത്തില്‍ ഒതുങ്ങി. വായനശാലയുടെ നിര്‍മാണം പാതിവഴിയിലാണ്. അവസാനഘട്ട പ്രവൃത്തിയും അനുബന്ധ ജോലികളും ബാക്കിയാക്കി.
കോളനിയില്‍ കമ്യൂണിറ്റി ഹാള്‍ നിര്‍മാണം, വായനശാല നിര്‍മാണം, ശോച്യാവസ്ഥയിലായ വീടുകളുടെ പുനരുദ്ധാരണം, റോഡുകളുടെയും ഓവുചാലുകളുടെയും നിര്‍മാണം, ശ്മശാനത്തിന്റെ ചുറ്റുമതില്‍ നവീകരണം, കളിസ്ഥല നിര്‍മാണം, ശുദ്ധ ജലവിതരണ പദ്ധതി, കുട്ടികളുടെ വിദ്യാഭ്യാസ പരിശീലന പദ്ധതി, സോളാര്‍ തെരുവുവിളക്ക് സ്ഥാപിക്കല്‍, മാലിന്യ സംസ്കരണ പദ്ധതി, ശുചിമുറി നിര്‍മാണം, തൊഴില്‍രഹിത വനിതകള്‍ക്ക് സംരംഭം, എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വിതരണം തുടങ്ങി ഇരുപതോളം പ്രവൃത്തിയാണ് സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇവയില്‍ രണ്ടോ മൂന്നോ പദ്ധതികള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്. ബാക്കിയെല്ലാം പാതിവഴിയില്‍ ഉപേക്ഷിച്ചു. പ്രവൃത്തികള്‍ വേണ്ട രീതിയില്‍ നടക്കുന്നില്ലെന്ന് കോളനിനിവാസികളുടെ പരാതിയുണ്ടായി. ഇതേത്തുടര്‍ന്ന് കരാറുകാര്‍ പ്രവൃത്തി പാതിവഴിയില്‍ ഉപേക്ഷിച്ചു പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: