ഓച്ചിറ: ഓച്ചിറ പഞ്ചായത്ത് ഭരണസമിതി ഏകകണ്ഠമായി പ്രവര്‍ത്തനാനുമതി നിഷേധിച്ച പ്ലാസ്റ്റിക് ഹോസ് ഫാക്ടറിക്ക് അനുമതി നല്‍കാനുള്ള വ്യവസായവകുപ്പിന്റെ നീക്കത്തിനെതിരെ യുഡിഎഫ് പഞ്ചായത്തു ഭരണസമിതി രംഗത്ത്. വള്ളികുന്നത്ത് നിന്ന് ഓച്ചിറ നഗരഹൃദയത്തിലേക്ക് മാറ്റി സ്ഥാപിച്ചതാണ് ഈ പ്ലാസ്റ്റിക് ഹോസ് നിര്‍മാണഫാക്ടറി.
2017ല്‍ പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ തുടങ്ങിയ ഫാക്ടറിയുടെ പ്രവര്‍ത്തനം പഞ്ചായത്ത് തടഞ്ഞതാണെന്ന് ഓച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. രാജേഷ് വ്യവസായവകുപ്പ് മന്ത്രി ഇ.പി. ജയരാജന് നല്‍കിയ നിവേദനത്തില്‍ പറയുന്നു. ഹസീനാബീവിയുടെ പേരിലാണ് സ്ഥാപനം. ഫാക്ടറി തുടങ്ങിയശേഷം കെട്ടിടം തരംമാറ്റാനുള്ള അപേക്ഷ പഞ്ചായത്ത് നിരസിച്ചിരുന്നു. ആശുപത്രി, പഞ്ചായത്ത് ആഫീസ്, പബ്ലിക് മാര്‍ക്കറ്റ്, ആരാധനാലയങ്ങള്‍ തുടങ്ങി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്താണ് ഫാക്ടറിയുള്ളത്. പരിസരവാസികള്‍ എതിര്‍ത്തതോടെ രാത്രിയുടെ മറവില്‍ ഫാക്ടറിപ്രവര്‍ത്തനം നടത്തുകയാണെന്നും ആരോപിച്ചു.
വിഷയം നിയമസഭാ പരിസ്ഥിതിസമിതിയുടെ പരിഗണനയിലാണ്. കളക്ടറുടെ നിര്‍ദ്ദേശാനുസരണം പഞ്ചായത്തും ടൗണ്‍ പ്ലാനറും ഇന്‍ഡസ്ട്രിയല്‍ ഡിപ്പാര്‍ട്ട്‌മെന്റും പരിശോധന നടത്താന്‍ തീരുമാനിച്ചതാണ്. എന്നാല്‍ മൂന്നുവര്‍ഷമായി അനുമതി കിട്ടാതിരുന്ന ഫാക്ടറിക്ക് പുതിയവ്യവസായം എന്ന നിലയ്‌ക്ക് ഏകജാലകത്തില്‍ അപേക്ഷ നല്‍കി അനുവാദം സംഘടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ജില്ലാ വ്യവസായ ആഫീസര്‍ ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു. വൈസ് പ്രസിഡന്റ് ഇ. ലത്തീഫാബീവി, അയ്യാണിക്കല്‍ മജീദ്, വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരും ഫാക്ടറിക്ക് എതിരെ രംഗത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: