കൊച്ചി: ചൈന പുറത്തുവിട്ട കൊറോണ വൈറസിനെതിരേ ലോകം പോരാടുന്നു, ഇന്ത്യ അതിനൊപ്പം ചൈനാ പട്ടാളത്തെയും നേരിടുന്നു. ചൈനയ്ക്കെതിരേ രാജ്യം മുഴുവന്‍ സാമ്പത്തിക ഉപരോധം പോലെ സ്വയം വിലക്കുകളും നിയന്ത്രണങ്ങളും പാലിക്കുന്നു. എന്നാല്‍, കമ്യൂണിസ്റ്റ് ചൈനയ്ക്ക് ഇന്ത്യയില്‍ നുണപ്രചാരണം നടത്താന്‍ ഇന്ത്യന്‍ മാധ്യമമായ ഹിന്ദു പത്രം പണം വാങ്ങി അവസരം നല്കി. രാജ്യദ്രോഹമെന്നുപോലും കുറ്റപ്പെടുത്താവുന്ന അപരാധമാണ് കേന്ദ്ര സര്‍ക്കാരിനും മോദി ഭരണത്തിനും എതിരേ ‘യുദ്ധം’ നടത്തുന്ന ഈ പത്രം നടത്തിയത്. വന്‍ തുക പരസ്യം ഇനത്തിലും അല്ലാതെയും വാങ്ങിയാണ് ഹിന്ദുവിന്റെ ഈ ഇടപാടെന്നാണ് വിവരം.
ലോകത്ത് മൂന്നരക്കോടി ജനങ്ങള്‍ക്ക് ബാധിച്ച് പത്തുലക്ഷത്തിലേറെപ്പേര്‍ മരിച്ചു. ഇതിനെല്ലാം ഉത്തരവാദിത്വം ലോകം ചൈനയുടെ മേല്‍ ചുമത്തി, ചൈന ഒറ്റപ്പെട്ടു നില്ക്കുന്നു. ചൈനയോട് മത്സരിച്ച് സാമ്പത്തിക വളര്‍ച്ചയിലടക്കം മുന്നേറുന്ന ഇന്ത്യയോട് അവര്‍ അതിര്‍ത്തിയില്‍ യുദ്ധത്തിന് പടയൊരുക്കുന്നു. ഇന്ത്യയാകട്ടെ കടുത്ത നിയന്ത്രണങ്ങളിലൂടെ ചൈനയെ ഞെരുക്കുന്നു. ജനങ്ങള്‍ അതിനൊപ്പം നില്ക്കുന്നു. ഈ സാഹചര്യത്തില്‍ കമ്യൂണിസ്റ്റ് പ്രചാരണ പത്രം എന്നാക്ഷേപമുള്ള ദ ഹിന്ദു ഇംഗ്ലീഷ് പത്രം ചൈനയുടെ കള്ള പ്രചാരണം പരസ്യമായി പ്രസിദ്ധീകരിച്ചു.
ഗാന്ധിജയന്തിയുടെ തലേന്ന്, ചൈനയുടെ പിറവി ദിനമായ ഒക്ടോബര്‍ ഒന്നിനാണ് ഹിന്ദുവില്‍ പരസ്യം വന്നത്. പത്രത്തിന്റെ മൂന്നാം പേജില്‍ കളര്‍ ചിത്രങ്ങള്‍ സഹിതം വന്ന പരസ്യം മുഴുവന്‍ വാര്‍ത്തയും ലേഖനവും എന്ന് തെറ്റിദ്ധരിപ്പിക്കും പോലെയാണ്. വളരെ ചെറുതായി പരസ്യം എന്ന് ചേര്‍ത്തിട്ടുണ്ടെന്നു മാത്രം. എന്നാല്‍, ചൈന എംബസിയാകട്ടെ ഹിന്ദു പ്രസിദ്ധീകരിച്ച വാര്‍ത്ത എന്നാണ് ലോകം മുഴുവന്‍ പ്രചരിപ്പിക്കുന്നത്.
പരസ്യം പ്രസിദ്ധീകരിക്കുന്നത് തെറ്റല്ല, പക്ഷേ, പരസ്യത്തിലെ വാസ്തവം പരിശോധിക്കാതെയാണ് ഹിന്ദു പരസ്യമാക്കിയത്. അതല്ലെങ്കില്‍ പരസ്യത്തിലെ അവകാശവാദങ്ങള്‍ക്ക് പ്രസിദ്ധീകരണം ഉത്തരവാദിയല്ലെന്ന് അറിയിപ്പു നല്‍കണം. ഹിന്ദു ഇതു രണ്ടും ചെയ്തിട്ടില്ല. ഇന്ത്യ ‘ശത്രുരാജ്യ’മായി മാറിയിരിക്കുന്ന ചൈനയോട് സ്വീകരിച്ചിരിക്കുന്ന പ്രത്യേക നിലപാടും സാഹചര്യവും അവര്‍ പരിഗണിച്ചില്ല. ഇന്ത്യന്‍ നിലപാടിനെതിരേ ഇന്ത്യയില്‍ ചൈനയ്ക്ക് പ്രചാരണം നടത്താനുള്ള വേദി ഹിന്ദു ഒരുക്കിയെന്നതാണ് കുറ്റം.
പരസ്യത്തിന്റെ തുടക്കത്തില്‍ ഇന്ത്യയിലെ ചൈനാ അംബാസഡര്‍ അവകാശപ്പെടുന്നത് കൊവിഡ് പോരാട്ടത്തില്‍ ലോകത്തെ ഇന്ത്യ സഹായിക്കുന്നുവെന്നാണ്. തുടര്‍ന്ന് ഇന്ത്യ-ചൈനാ ബന്ധത്തെയും ഇപ്പോഴത്തെ സംഘര്‍ഷത്തെക്കുറിച്ചും വാചാലനാകുന്നു. ഈ കാര്യങ്ങള്‍ പറയാന്‍ അവസരമൊരുക്കിയതിന് ചൈന ഹിന്ദുവിന് നന്ദിയും പറയുന്നു.
ചൈന പ്രചരിപ്പിക്കുന്ന നുണയില്‍ പ്രധാനമാണ് ബിസിനസ് ചെയ്യാന്‍ ഏറ്റവും അനുകൂലമായ രാജ്യങ്ങളില്‍ 2018ല്‍ 78 ആയിരുന്ന ചൈന 2020ല്‍ 31-ാം സ്ഥാനത്തെത്തിയെന്നത്. എന്നാല്‍, ചില പിഴവുകള്‍ മൂലം 2020ലെ ലോകബാങ്കിന്റെ ഈസ് ഓഫ് ഡുയിങ് ബിസിനസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കരുതെന്ന് അവര്‍ തന്നെ പ്രസ്താവിച്ചിരുന്നതാണ്. ഇക്കാര്യം പ്രമുഖ പത്രങ്ങള്‍, ഹിന്ദുവും, പ്രസിദ്ധീകരിച്ചിരുന്നു. പക്ഷേ, ഹിന്ദു പരസ്യം നല്കിയപ്പോള് അത് പരിശോധിച്ചില്ല. ചൈന, അസര്ബൈജാന്, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ കള്ളക്കണക്കുകള്‍ കൊടുത്തുവെന്ന് ലോകബാങ്ക് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് നിരോധിച്ചത്. ഹിന്ദു പത്രത്തിന്റെ ഡിപ്ലോമാറ്റിക് എഡിറ്റര്‍ തന്നെ അന്ന് ട്വീറ്റ് ചെയ്തത്: ‘ലോക ബാങ്ക് ഈസ് ഓഫ് ഡുയിങ് ബിസിനസ് റിപ്പോര്‍ട്ട് മരവിപ്പിച്ചു, 2020ല്‍ ബിസിനസ് മെച്ചപ്പെടുത്തിയ രാജ്യങ്ങള്‍ കെഎസ്എ, ടോഗോ, ബഹറിന്‍, താജിക്കിസ്ഥാന്‍, പാക്കിസ്ഥാന്, കുവൈറ്റ്, ചൈന, ഇന്ത്യ, നൈജീരിയ’ രാജ്യങ്ങളാണ്’ എന്നായിരുന്നു. ഹിന്ദു പത്രം ചൈനയ്ക്ക് നുണപറയാന്‍ അവസരം നല്‍കുകയും ചെയ്തു.
ചൈന എങ്ങനെ ക്ഷേമ രാഷ്ട്രം കെട്ടിപ്പടുക്കുന്നുവെന്ന് പരസ്യത്തിലൂടെ പറയാന്‍ അനുവദിച്ച ഹിന്ദു ദാരിദ്ര്യ നിര്‍മാര്‍ജനത്തെക്കുറിച്ച് വീമ്പിളക്കാന്‍ അനുവദിച്ചു. പക്ഷേ, ചൈനയില്‍ ന്യൂനപക്ഷമായ ഉയ്ഖുര്‍ മുസ്ലിങ്ങളെ പരിഗണിക്കുന്നത് ഹിന്ദു പരിഗണിച്ചില്ല. അവരെ പീഡിപ്പിക്കുന്നത്, അവകാശങ്ങള്‍ നിഷേധിക്കുന്നത്, മോസ്ക്കുകള്‍ തകര്‍ക്കുന്നത്, ഖുറാന് മാറ്റിയെഴുതുന്നത് അടക്കം കമ്യൂണിസ്റ്റ് ചൈനയുടെ ക്രൂരതകള്‍ മറച്ചുവച്ചാണ് പരസ്യം.
ചൈനയെ ആഗോള സമധാനത്തിന്റെ രക്ഷകനായാണ് ഹിന്ദു പത്രം പരസ്യത്തിലൂടെ പറയുന്നത്. അവര്‍ പാക്കിസ്ഥാനുമായി തോളില്‍ കൈയിട്ട് ഭീകരതയ്ക്ക് സംരക്ഷണം നല്‍കുന്നത് പറയാതെ, ഭീകരതയെ നേരിടുന്ന ധീരത പറയുന്നു പരസ്യത്തില്‍. അതായത് രാജ്യമല്ല, പണമാണ് ഹിന്ദുവിന് വലുത് എന്ന് തെളിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: