തിരുവനന്തപുരം: ഈ വര്‍ഷം ജനുവരി 30നാണ് ഇന്ത്യയിലെ ആദ്യത്തെ കോവിഡ് രോഗം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എട്ട് മാസങ്ങള്‍ക്കിപ്പുറം കേരളത്തില്‍ മാത്രം രണ്ട് ലക്ഷത്തോളം പേര്‍ക്ക് രോഗം ബാധിക്കുകയും എഴുനൂറ്റമ്പതോളം പേര് കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. രോഗികള്‍ ഒന്നും രണ്ടും വീതം മാത്രം കൂടുകയും വലിയ തോതിലുള്ള വ്യാപനം ഉണ്ടാകാതിരിക്കുകയും ചെയ്ത ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ കേരളത്തില്‍ എല്ലാം ഭദ്രമായിരുന്നു.
ഒരു രോഗിയെ തിരിച്ചറിഞ്ഞാല്‍ അയാളുടെ സഞ്ചാരവഴികള്‍ തേടിപ്പോകുകയും രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മുഴുവന്‍ ആളുകളെയും കണ്ടെത്തി ക്വാറന്റൈനിലാക്കുകയും ചെയ്യുന്ന രീതിയായിരുന്നു. രോഗി കയറിയ ഇടങ്ങളും സഞ്ചരിച്ച വഴികളും വരെ കെട്ടിയടക്കുകയും അണുനശീകരണം നടത്തുകയും ചെയ്തു.
സര്‍ക്കാര്‍ അനുകൂല പ്രചരണങ്ങള്‍
മികച്ച പ്രകടനമാണ് കൊറോണയെ ചെറുക്കുന്നതില്‍ കേരളം കാഴ്ചവെക്കുന്നതെന്ന് മാധ്യമങ്ങള്‍ വാഴ്ത്തിപ്പാടി. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനിക്ക് പിന്നാലെ മറ്റു രണ്ടു കേസുകൂടി സ്ഥിരീകരിച്ചെങ്കിലും അടുത്ത ബന്ധുക്കള്‍ക്ക് പോലും പകരാനിടയാക്കാതെ രോഗം നിയന്ത്രിച്ചതിനെ സര്‍ക്കാര്‍ വലിയ നേട്ടമായി കൊട്ടിഗ്ഘോഷിച്ചു. മാര്‍ച്ച് എട്ടിന് ഇറ്റലിയില്‍ നിന്നെത്തിയവരിലൂടെ വീണ്ടും കൊറോണ കേരളത്തെ ആക്രമിച്ചു. പത്തനംതിട്ടയിലെ മൂന്നുപേരില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തപ്പോഴും അവരുടെ യാത്രാ വഴികളിലൂടെ സഞ്ചരിച്ച് സമ്പര്‍ക്കം കണ്ടെത്തി. ഹാ..കേരളം എത്ര മഹത്തരം എന്ന് സര്‍ക്കാര്‍ അനുകൂല പ്രചരണക്കാരെ കൊണ്ട് ലോകമെങ്ങും പാടിച്ചു.
പ്രധാനമന്ത്രി ദേശീയ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ 105 കൊറോണ കേസുകളാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. പ്രവാസികള്‍ വന്നുതുടങ്ങുന്നതിനുമുമ്പ്, 504 രോഗികളും. ആഗസ്റ്റ് മൂന്നാമത്തെ ആഴ്ചയില്‍ കേസുകളുടെ എണ്ണം ആദ്യമായി ഒരു ദിവസത്തില്‍ മാത്രം 2000 കടന്നു. ആകെ കേസുകളുടെ എണ്ണം 52,000നടുത്തും. മരണ സംഖ്യ 182 ആയി.
ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയാണ് ആരോഗ്യമന്ത്രി ശൈലജ വലിയൊരു പ്രഖ്യാപനം നടത്തിയത്. മാര്‍ച്ച് രണ്ടാമത്തെ ആഴ്ചയോടെ കേരളത്തില്‍ കോവിഡ് രോഗികള്‍ ഉണ്ടാകില്ലെന്ന്. രോഗഭീതിയില്‍ കഴിഞ്ഞിരുന്ന ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് വലിയ ആശ്വാസമായിരുന്നു മന്ത്രിയുടെ ആ വാക്കുകള്‍.
മറ്റ് രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും കൊറോണപ്പേടിയില്‍ കഴിഞ്ഞിരുന്ന, പ്രവാസികളായ മലയാളികള്‍ എങ്ങനെയും കേരളത്തിലെത്താന്‍ ആഗ്രഹിച്ചു. ബിബിസിയില്‍ വരെ കേരളത്തിനു വേണ്ടി പ്രചാരണങ്ങള്‍ സംഘടിപ്പിച്ചു. അപ്പോഴൊക്കെ പൊട്ടിത്തെറിക്കാന്‍ പാകത്തിലുള്ള വലിയ ബോംബായി കേരളം തയാറെടുത്തുകൊണ്ടിരിക്കുകയായിരുന്നു.
പ്രവാസികളെ തിരികെ എത്തിക്കണമെന്ന് മുറവിളിയുണ്ടായപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് അഭിപ്രായമാരാഞ്ഞു. എല്ലാത്തരത്തിലും കേരളം സജ്ജമാണെന്നായിരുന്നു മറുപടി. കേന്ദ്ര സര്‍ക്കാര്‍ വേഗത്തില്‍ പ്രവര്‍ത്തിച്ച് പ്രവാസികളെ എത്തിക്കാന്‍ ‘വന്ദേ ഭാരത്’ എന്ന പദ്ധതി തന്നെ തയാറാക്കി. രണ്ടു ലക്ഷത്തിലധികം പേര് വന്നാലും അവരെ നിരീക്ഷിക്കാനായി പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ക്വാറന്റൈന് കേന്ദ്രങ്ങളും മറ്റ് സംവിധാനങ്ങളും തയ്യാറാണെന്ന് കേരളം പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു അത്.
പ്രവാസികളെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയാറാക്കുമെന്ന് പിണറായിയും ശൈലജയും കരുതിയില്ല. ഇവിടെ ഒന്നുമുണ്ടായിരുന്നില്ല. പ്രവാസികളെ ക്വാറന്റൈനില്‍ കഴിയാന്‍ അവരുടെ വീടുകളിലേക്ക് വിട്ടു.
മുന്നറിയിപ്പുകള്‍ അവഗണിച്ചു
പ്രവാസികള്‍ വീടുകളിലെത്തിയാല്‍, സമ്പര്‍ക്ക സുരക്ഷാവലയങ്ങള്‍ തകരുമെന്നും രോഗവ്യാപനത്തിന് സാധ്യതയേറുമെന്നൊക്കെ തിരിച്ചറിയാന്‍ സാമാന്യബുദ്ധി മതി. വിദഗ്ധര്‍ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ എല്ലാവരെയും വീടുകളിലേക്ക് വിട്ടു. ക്വാറന്റൈന് നിരീക്ഷണ സംവിധാനങ്ങളെല്ലാം തകര്‍ന്നു. ഐഎംഎ പോലുള്ള സംഘടനകള്‍ ഗുരുതരാവസ്ഥകളെ കുറിച്ച് സര്‍ക്കാരിനെ പലതവണ ഓര്‍മ്മപ്പെടുത്തിയിട്ടും ചെവിക്കൊണ്ടില്ല.
കേരളം പടുത്തുയര്‍ത്തിയെന്ന് പ്രചരിപ്പിച്ചിരുന്ന പ്രതിരോധ കോട്ടയ്ക്ക് ഔദ്യോഗികമായി വിള്ളല്‍ വീണതിന്റെ വലിയ വിലയാണിപ്പോള്‍ നല്‍കുന്നത്. മെയ് ഏഴിലെ 500 രോഗികളെന്നത് ഇരുപതാം ദിവസം, മെയ് 27 ന്, ആയിരമായി. പിന്നെ രോഗികകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായി. ഇന്നിപ്പോള്‍ പ്രതിദിനം പ്രതിരോഗികളുടെ എണ്ണം എണ്ണായിരത്തില്‍ നിന്ന് പതിനായിരത്തിലേക്ക് കുതിക്കുന്നു. നമ്പര്‍ വണ്‍ കേരളം എന്ന് വീമ്പ് പറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത് ജനങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ തെരുവുകളില്‍ മരിച്ചു വീഴാമെന്ന്!. ജനങ്ങളെ കുറ്റക്കാരാക്കി തടിതപ്പാനുള്ള നീക്കം.
സമ്പര്‍ക്ക രോഗികളുടെ എണ്ണത്തിലെ വര്‍ധന തൊണ്ണൂറു ശതമാനവും കടന്ന് വളരുമ്പോഴും സര്‍ക്കാര്‍ പറയുന്നത് കേരളത്തില്‍ സമൂഹവ്യാപനമില്ലെന്നാണ്. കേരളത്തിലെല്ലാം ഭദ്രമെന്ന് ലോകത്തോടു കള്ളം പറഞ്ഞവര്‍ക്ക് യഥാര്‍ത്ഥമുഖം അനാവരണം ചെയ്യപ്പെടുന്നതിലെ ജാള്യത. കേരളം എപ്പോഴേ സമൂഹവ്യാപനത്തിലെത്തിക്കഴിഞ്ഞെന്നാണ് വിദഗ്ധാഭിപ്രായം. ആര്‍ക്കും എവിടെ നിന്നും രോഗം പടരാമെന്ന അതിഗുരുതര സ്ഥിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: