ദല്‍ഹി : രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണം നടത്താനുള്ള പദ്ധതി തകര്‍ത്തെറിഞ്ഞ് ദല്‍ഹി പോലീസ്. ദല്‍ഹി മുഖ്യ കേന്ദ്രങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട നാല് ഭീകരര്‍ ദല്‍ഹി പോലീസ് പ്രത്യേക സെല്ലിന്റെ പിടിയില്‍. നാലും കശ്മീരി യുവാക്കളാണ്. ഇവര്‍ ദല്‍ഹിയില്‍ ദിവസങ്ങളായി താമസമാക്കിയിട്ടെന്നും ഭീകരാക്രമണത്തിനായി ആസൂത്രണം നടത്തി വരികയായിരുന്നെന്നും ദല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ ഡിസിപി പ്രമോദ് സിങ് കുശ്വാ അറിയിച്ചു.
പുല്‍വാമ നിവാസിയായ അല്‍ത്താഫ് അഹമ്മദ് ദര് (25), ഷോപ്പിയാന്‍ നിവാസികളായ ഇഷ്ഫാഖ് മജീദ് കോക്ക (28), ആഖിബ് സാഫി(22) എന്നിവരാണ് നിലവില്‍ അറസറ്റിലായിരിക്കുന്നത്. ഇന്‍സ്പെക്ടര്‍മാരായ സുനില്‍ രാജെയ്ന്‍, രവീന്ദര്‍ ജോഷി എന്നിവരുടെ നേതൃത്വത്തിലുള്ള ടീം സെന്‍ട്രല്‍ ഡല്‍ഹിയുടെ ഐടിഒ ഭാഗത്തു നിന്നാണ് ഇവരെ പിടികൂടിയത്.
കുറ്റവാളികളില്‍ നിന്നും നാല് അത്യാധുനിക തോക്കുകളും നൂറ്റിയിരുപതോളം വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമം സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്‍കൗണ്ടറില്‍ കൊലപ്പെടുത്തിയ ബുര്‍ഹാന്‍ കോക്കയെന്ന ഭീകരന്റെ സഹോദരനാണ് ദല്‍ഹി പോലീസ് പിടികൂടിയ ഇഷ്ഫാഖ് മജീദ് കോക്ക.
ഭീകര സംഘടനയായ അല്‍ -ഖ്വയ്ദയുടെ ശാഖയായ അന്‍സാര്‍ ഖജ്വത് ഉല് ഹിന്ദിന്റെ മുന്‍ തലവനായിരുന്നു ബുര്‍ഹാന്‍ കോക്ക. ഏപ്രില്‍ 29 നാണ് ഇയാളെ ഷോപ്പിയാനിലെ മെല്ഹോറയില് വെച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: