വടശേരിക്കര: തിരുവാഭരണ പാതയിൽ ഹാരിസൺ മലയാളം ലിമിറ്റഡ് സ്ഥാപിച്ച ഇരുമ്പു ഗേറ്റുകൾ പൊളിച്ചു മാറ്റി. ജന്മഭൂമി വാർത്തയെ തുടർന്ന് ബിജെപി റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ഷൈൻ.ജി കുറുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം എസ്റ്റേറ്റ് മാനേജ്മെന്റുമായി നടത്തിയ ചർച്ചയിലാണ് ഇരുമ്പു ഗേറ്റുകൾ പൊളിച്ചു മാറ്റാൻ ധാരണയായത്. തുടർന്ന് കഴിഞ്ഞ ദിവസം തിരുവാഭരണ പാതക്ക് തടസ്സമായി നിർമിച്ച മൂന്നു ഇരുമ്പ് ഗേറ്റുകളും കമ്പനി അധികൃതർ പൊളിച്ചു മാറ്റി.
എന്നാൽ കമ്പനിയുടെ വിവാദമായ നടപടിയിൽ സർക്കാർ തലത്തിൽ യാതൊരു വിധ ഇടപെടലുകളും ഉണ്ടായില്ല. ഗേറ്റുകൾ അടിയന്തരമായി മാറ്റാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി പെരുനാട് പഞ്ചായത്ത് കമ്മിറ്റി കളക്ടർ പി.ബി. നൂഹിന് പരാതി സമർപ്പിച്ചെങ്കിലും നടപടി എടുത്തില്ല. തുടർന്നാണ് ബിജെപി നേതൃത്വം കമ്പനിയുമായി ചർച്ച നടത്തിയത്. 8 മീറ്റർ വീതിയും, 3005 മീറ്റർ നീളവുമാണ് ഹാരിസൺ തോട്ടത്തിലൂടെയുള്ള തിരുവാഭരണ പാതയുടെ നീളം. ഈ പരിധിക്കുള്ളിൽ മൂന്നിടത്തായാണ് ഇരുമ്പു ഗേറ്റുകൾ സ്ഥാപിച്ചിരുന്നത്.
8 മീറ്റർ വീതി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും 3 മീറ്റർ വീതിയിൽ മാത്രമാണ് ഇപ്പോൾ ഹാരിസൺ പാതയ്ക്ക് വിട്ടു നൽകിയിട്ടുള്ളത്. ബാക്കി കൈയേറിയിരിക്കുകയാണ്. ഇത് ഒഴിപ്പിക്കുന്നതിന് റവന്യു വകുപ്പ് നടപടിയെടുക്കുന്നില്ല. ആകെ 495 കൈയേറ്റങ്ങളാണ് തിരുവാഭരണ പാതയിൽ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനു പുറമെ മറ്റ് 127 കൈയേറ്റങ്ങളുമുണ്ട്.
ഇവയെല്ലാം ഒഴിപ്പിക്കണമെന്നാണ് ഔദ്യോഗിക തലത്തിൽ തീരുമാനമെങ്കിലും റവന്യു വകുപ്പിന് താല്പര്യമില്ല. കൈയേറ്റക്കാർ ചില പ്രദേശങ്ങളിൽ ഒഴിഞ്ഞു കൊടുത്തെങ്കിലും അത് തിരുവാഭരണപാതയോടു ചേർത്ത് റെഗുലറൈസ് ചെയ്യാൻ റവന്യു വകുപ്പ് തയ്യാറല്ല. ചില വൻകിട കൈയേറ്റക്കാർ റവന്യു വകുപ്പിൽ ചെലുത്തുന്ന സ്വാധീനമാണ് ഇതിന് കാരണം.
എന്നാൽ 95 ശതമാനം കൈയേറ്റങ്ങളും ഒഴിപ്പിച്ചു എന്നാണ് ജില്ലാ ഭരണകൂടം കോടതിയിൽ അറിയിച്ചത്. ഇതനുസരിച്ച് ഒഴിപ്പിച്ച സ്ഥലത്തിന്റെ അവകാശം അതാത് പഞ്ചായത്തുകൾക്കാണ്. ഇത് വാസ്തവ വിരുദ്ധമാണെന്ന വാദത്തിന് മേൽ ആവശ്യമായ രേഖകകൾ ചീഫ് സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ ധാരണ അനുസരിച്ച് വർഷം തോറും തിരുവാഭരണ പാത അറ്റകുറ്റപ്പണിക്ക് പഞ്ചായത്തിന് പണം നൽകുന്നുണ്ട്. ഈ പണം പഞ്ചായത്തുകൾ വക മാറ്റി ചെലവഴിക്കുന്നുവെന്ന പരാതിയും നിലനിൽക്കുന്നു.തിരുവാഭരണ പാതയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിൽ റവന്യു വകുപ്പ് നിരന്തരം വീഴ്ച വരുത്തുന്നത് പല നിലകളിലുള്ള സമ്മദ്ദം മൂലമാണെന്ന ആക്ഷേപമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: