മഹാവ്യാധിയുടെ കാലത്ത് ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കുന്നത് വയോജനങ്ങളാണ് .രോഗഭയവും റിവേഴ്സ് ക്വാറന്റൈന് ഉള്‍പ്പടെ ഉള്ള സാമൂഹിക നിയന്ത്രണങ്ങളും മാനസിക പിരിമുറുക്കവും വിഷാദവുമെല്ലാം മുതിര്‍ന്നവരുടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഈ പരീക്ഷണ ഘട്ടത്തില്‍ ജീവിതം ആനന്ദകരമാക്കാന്‍ പ്രായമേറിയവരും അവരെ പരിചരിക്കുന്നവരും സമൂഹവും ഒരുപോലെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം .
വയോജനങ്ങള്‍-പോസിറ്റീവ് ആയി ചിന്തിച്ചും മനസ്സില്‍ ഊര്‍ജം നിറച്ചും ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയും ശിഷ്ട ജീവിതം ധന്യമാക്കണം.
പരിചരിക്കുന്നവര്‍- ജീവിതം മുഴുവന്‍ മക്കള്‍ക്കും കുടുംബത്തിനുമായി ജീവിച്ചവരുടെ പരിചരണം പുണ്യമായി കരുതണം.
സമൂഹം – വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി വയോജന സൗഹൃദ അന്തരീക്ഷം ഉണ്ടാകണം.
വയോജനങ്ങള്‍ ശ്രദ്ധിക്കണം
- ഭക്ഷണം കൃത്യസമയത്തു കഴിക്കണം. നാരുകള്‍ അടങ്ങിയ തവിട് കളയാത്ത ധാന്യങ്ങള്‍, പയറു വര്‍ഗങ്ങള്‍, ഇലക്കറികള്‍,പച്ചക്കറികള്‍ എന്നിവ ദിവസവും കഴിക്കണം. ദിവസവും ഒരു ഗ്ലാസ് പാല് കുടിക്കാം .മല്‍സ്യം കറിവച്ചു കഴിക്കാം. മുട്ടയുടെ വെള്ള കഴിക്കാം. ചുവന്ന മാംസം ഒഴിവാക്കണം. ആവിയില്‍ വേവിച്ചു കഴിക്കുന്നതാണ് നല്ലത്. ഇടനേരങ്ങളില്‍ പഴങ്ങള്‍ ,നട്സ് എന്നിവ കഴിക്കാം.
- ദിവസവും 8 ഗ്ലാസ് വെള്ളം കുടിക്കണം .നാരങ്ങാവെള്ളം ,കരിക്കിന് വെള്ളം തുടങ്ങിയവ ഇടയ്ക്ക് നല്ലതാണ്. ഇവയിലടങ്ങിയിരിക്കുന്ന പൊട്ടാസിയം ക്ഷീണം അകറ്റും.കോള പോലെയുള്ള സോഫ്റ്റ് ഡ്രിങ്ക്സ് വേണ്ട.
- ശരീരം അനുവദിക്കുന്ന തരത്തില്‍ ദിവസവും ലഘു വ്യായാമങ്ങളില്‍ ഏര്‍പ്പെടണം.30-45 മിനിറ്റ് നടക്കാന്‍ പറ്റുമെങ്കില്‍ ഏറ്റവും നല്ലത് .ഫിസിക്കല്‍ ഫിറ്റ്നസ് കൂടാതെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ഡിമെന്‍ഷ്യ തടയാനും വ്യായാമം ഉപകരിക്കും.
- രാവിലത്തെ ഇളം വെയില് 15 മിനിട്ട് കൊള്ളണം. 10 മണിക്ക് മുന്‍പുള്ള വെയിലാണ് നല്ലത്.സൂര്യ പ്രകാശത്തിലെ അള്‍ട്രാ വയലറ്റ് രശ്മികള്‍ ജീവകം ഡി യുടെ ഉല്‍പ്പാദനത്തിന് സഹായിക്കും. എല്ലിന്റെ ഉറപ്പിനും രക്തധമനികളുടെ ആരോഗ്യത്തിനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും ജീവകം ഡി നല്ലതാണ്.
- ലഹരി വസ്തുക്കളുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കണം .ലൈഫ് സ്റ്റൈല്‍ രോഗങ്ങളുടെ നിയന്ത്രണം താളം തെറ്റാനും ഓര്മ പ്രശ്നങ്ങള്‍ ഉണ്ടാകാനും ഉറക്കം തടസ്സപ്പെടാനും മദ്യവും പുകവലിയുമൊക്കെ കാരണമാകും .ജീവിതം തന്നെയാകട്ടെ ലഹരി
- ദിവസവും 6 മണിക്കൂറെങ്കിലും സുഖമായി ഉറങ്ങണം .ഉച്ചമയക്കം ആകാം ,ഉച്ച ഉറക്കം വേണ്ട. രാത്രി കിടക്കുന്നതിന് മുന്‍പ് ടീവി, മൊബൈല്‍ ,ലാപ്ടോപ്പ് തുടങ്ങിയവയുടെ ഉപയോഗം വേണ്ട .കിടക്കുന്നതിന് മുന്‍പ് ചെറു ചൂടുവെള്ളത്തില്‍ ഒരു കുളി, ഒരുഗ്ലാസ്സ് ചൂട് പാല് എന്നിവ നല്ല ഉറക്കം തരും.
- മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം കഴിക്കുക.സ്വയം ചികിത്സ വേണ്ട .കഴിയുന്നത്ര ഒരു ചികിത്സാ രീതി തുടരുക.സങ്കര ചികിത്സയും വേണ്ട.
- പുസ്തകങ്ങള്‍ വായിച്ചും താത്പര്യമുള്ള വിഷയങ്ങളെ സംബന്ധിച്ച ക്ലാസുകള്‍ കേട്ടും പുതിയ ഭാഷകള്‍ പഠിച്ചും ഹോബികളില്‍ ഏര്‍പ്പെട്ടും തലച്ചോറിനെ സജീവമാക്കി നിര്‍ത്തണം.ഓര്‍മശക്തി കൂട്ടാനും മറവി അകറ്റാനും ഇതുപകരിക്കും.
- യോഗ,ധ്യാനം,പ്രാര്‍ത്ഥന തുടങ്ങിയവയ്ക്കായി ദിവസവും ഒരു മണിക്കൂര്‍ മാറ്റി വെക്കണം.ഓണ്‍ലൈന്‍ ആദ്ധ്യാത്മിക ക്ലാസ്സുകളില്‍ പങ്കെടുക്കുകയും ഗ്രുപ്പുകളില്‍ സജീവമാകുകയും വേണം.
- സദാ പോസിറ്റീവ് ആയി ചിന്തിക്കാന്‍ ശ്രമിക്കണം. ദിവസവും നടന്ന നല്ല രണ്ടു കാര്യങ്ങള്‍ ഒരു നോട്ട്ബുക്കില്‍ കുറിച്ചു വെക്കുക.വായിക്കുന്ന പുസ്തകങ്ങളില്‍ നിന്ന് പ്രചോദനാത്മകമായ കാര്യങ്ങളും ചെറു കുറിപ്പുകള്‍ ആയി എഴുതി വെക്കണം .കടന്നു പോയ നിമിഷങ്ങളെ പരിപൂര്‍ണമായും ആസ്വദിക്കുന്ന മൈന്‍ഡ് ഫുള്‍നെസ് ക്രിയകള്‍ പരിശീലിക്കുക .
വയോജനങ്ങളെ പരിചരിക്കുന്നവര്‍ അറിയേണ്ടവ
- ശുശ്രൂഷിക്കുന്നവരുടെ ശാരീരികാവസ്ഥ പൂര്‍ണമായി മനസ്സിലാക്കണം .കഴിക്കുന്ന മരുന്നുകള്‍ ,കഴിക്കുന്ന രീതികള്‍ തുടങ്ങിവ അറിഞ്ഞിരിക്കണം .ഡോക്ടറെ ബന്ധപ്പെടാനുള്ള വഴികള്‍ അറിഞ്ഞിരിക്കണം.
- പ്രായമായവര്‍ സ്വയം ചെയ്യുന്ന കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കണം .സഹായം ആവശ്യമുള്ള കാര്യങ്ങളില്‍ ഇടപെടണം
- കൃത്യമായ ഇടവേളകളില്‍ ഡോക്ടറുമായുള്ള കണ്സള്ട്ടെഷന് നടത്തണം .ടെലി മെഡിസിന് സൗകര്യങ്ങള്‍ ഉപയോഗിക്കണം.
- ഇടയ്ക്ക് പുറത്തൊക്കെ നടക്കാന്‍ കൊണ്ടു പോകുന്നതും ഇളം വെയില് കൊള്ളിക്കുന്നതും നല്ലതാണ്
- പ്രായമായവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ സമയം കണ്ടെത്തണം .അവരോട് എന്തെങ്കിലുമൊക്കെ സംസാരിക്കാനും ഒന്നിച്ചു കുറച്ചു സമയം ചിലവഴിക്കാനും ശ്രദ്ധിക്കണം.
- പ്രായമുള്ളവരെ ഒരിക്കലും വീട്ടില്‍ തനിച്ചാക്കരുത്.ഗ്യാസ്,തേപ്പുപെട്ടി ,ഇലക്ട്രിക്ക് ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
- മുറിയില്‍ ഗൃഹോപകരണങ്ങള്‍ അടുക്കും ചിട്ടയും ഇല്ലാതെ വാരി വലിച്ചിടരുത് .തറയില്‍ വെള്ളവും എണ്ണയും തെന്നിവീഴാന്‍ ഇടയാക്കും .മിനുസമുള്ള ടൈലുകളും ഒഴിവാക്കണം
- കുളിമുറിയില്‍ ഇരുന്ന് കുളിക്കാനായി ഒരു സ്റ്റൂള് വെക്കണം .ഗ്രിപ്പുള്ള ടൈലുകളെ കുളിമുറിയില്‍ ഉപയോഗിക്കാവൂ.
- കുളിമുറിയിലും കിടപ്പ് മുറിയിലും പിടിച്ചു എഴുന്നേല്‍ക്കാനായി കൈപ്പിടികള്‍ പിടിപ്പിക്കണം.
- കിടപ്പില്‍ ആയവര്‍ക്ക് പുറം പൊട്ടാതിരിക്കാനായി വാട്ടര്‍ ബെഡോ എയര്‍ ബെഡോ ഉപയോഗിക്കണം.ഇടയ്ക്ക് നനഞ്ഞ തുണി കൊണ്ട് ശരീരം തുടച്ചു കൊടുക്കണം
ഡോ ബി പദ്മ കുമാര്‍
പ്രൊഫസര്‍ മെഡിസിന്
മെഡിക്കല്‍ കോളേജ് ആലപ്പുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: