അമേരിക്കന്‍ പ്രസിഡന്റ് വോട്ടെടുപ്പിന് മുമ്പുള്ള ഏറ്റവും വലിയ പ്രചാരണ രംഗമാണ് സ്ഥാനാര്‍ഥി സംവാദം. കക്ഷി രാഷ്‌ട്രീയത്തില്‍ താത്പര്യമില്ലാത്ത നിഷ്പക്ഷരായ വോട്ടര്‍മാര്‍ അടുത്ത പ്രസിഡന്റ് ആരാകണമെന്ന് തീരുമാനമെടുക്കുന്നതില്‍ സംവാദത്തിന് പങ്കുണ്ട്. സ്ഥാനാര്‍ത്ഥികളെ ഒന്നിച്ചിരുത്തി ഉഭയകക്ഷി സംഘടനയായ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ്സ് കമ്മീഷന്‍ സംഘടിപ്പിക്കുന്ന സംവാദത്തിലെ പ്രകടനം വിജയത്തിലേക്കുള്ള പടിയാണ്.
കോവിഡ് മഹാമാരി മൂലം പ്രചാരണ രംഗത്ത് പല മാറ്റങ്ങളുമുണ്ടായെങ്കിലും സംവാദം മാറ്റാത്തതും അതിന്റെ പ്രധാന്യം കൊണ്ടുതന്നെ. മൂന്നു ഘട്ട സംവാദത്തിലെ ആദ്യത്തേത് കഴിഞ്ഞപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റാകാനുള്ള സാധ്യത ഏറിയിട്ടുണ്ട്. എന്നാല്‍ ട്രംപിനും ഭാര്യയ്‌ക്കും കോവിഡ് ബാധിച്ചതിനാല്‍ പ്രചാരണരംഗത്ത് നിന്നും മാറിനില്‍ക്കേണ്ടി വന്നിരിക്കുന്നു. ഇത് തെരഞ്ഞെടുപ്പ് പ്രചാരണത്തെ എങ്ങനെ ബാധിക്കുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ.
വ്യക്തിപര ആരോപണം പരസ്പരം നടത്തി നിലവാരം കളഞ്ഞുകുളിച്ചെങ്കിലും സംവാദത്തിന്റെ ഗുണം ട്രംപിനു തന്നെ എന്നു പറയാം.ട്രംപിനെ ആക്രമിക്കാന്‍ വിഷയങ്ങള്‍ ഏറെയുണ്ടായിരുന്നിട്ടും പ്രതിരോധത്തിലാകുകയായിരുന്നു ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍.കോവിഡ് പ്രതിരോധം, ജനകീയ പ്രക്ഷോഭങ്ങള്‍, തെരഞ്ഞെടുപ്പ് സുതാര്യത, സാമ്പത്തിക പ്രശ്നങ്ങള്‍, സുപ്രീംകോടതിയിലെ ജഡ്ജ് നിയമനം എന്നീ വിഷയങ്ങളിലെല്ലാം ട്രംപിനെ വീഴ്‌ത്താമായിരുന്നിട്ടും ബൈഡന് അത് സാധിച്ചില്ല
. കറുത്തവര്‍ഗ്ഗക്കാരനെ പോലീസ് കൊന്നതും കോവിഡ് പ്രതിരോധത്തില്‍ നിസ്സഹായനായതും ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ഊഴത്തിന് കരിനിഴല്‍ വീഴ്‌ത്തിയിരുന്നു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി ജോ ബൈഡന്‍ വന്നതോടെയാണ് അതുമാറിയത്. ട്രംപിന് എതിരാളിയല്ല ബൈഡന്‍, നല്ല എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ ട്രംപ് തറപറ്റിയേനെ എന്ന വിശ്വസിക്കുന്നവരാണ് ഏറെയും. അതിന് അടിവരയിടുന്നതായിരുന്നു ഒന്നാം സംവാദവും.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തുവരും തോറും പ്രസിഡന്റ് ട്രംപിനുള്ള പിന്തുണ വര്‍ധിച്ചുവരുന്നതായാണ് തിരഞ്ഞെടുപ്പു സര്‍വേകള്‍ നല്‍കുന്ന സൂചനകളും. തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഗതിവിഗതികള്‍ നിശ്ചയിക്കുന്ന തന്ത്രപ്രധാന സംസ്ഥാനങ്ങളായ ഫ്ളോറിഡാ, ടെക്സസ്, അരിസോന, നോര്‍ത്ത് കരോളിന, ജോര്‍ജിയ, അയോവ, ഒഹിയൊ, ഒക്കലഹോമ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സര്‍വേയില്‍ ട്രംപാണ് മുന്നില്‍.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ കണ്‍വന്‍ഷനുശേഷം ട്രംപിന്റെ ലീഡില്‍ വര്‍ധനവുണ്ടായിരുന്നു.ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തീവ്ര ഇടതുപക്ഷ നിലപാടുകളും, വംശീയതയുടെ പേരില്‍ കലാപം അഴിച്ചുവിടുന്നതിനേയും ട്രംപ് അതിനിശിതമായി വിമര്‍ശിച്ചു. എതിരാളി ബൈഡനും ബൈഡന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരീസും ഇടതുപക്ഷത്തിന്റെ വക്താക്കളാണെന്ന് ട്രംപ് ആരോപിച്ചു. ലീഡ് ഉയരാന്‍ ഇതൊക്കെ കാരണമായി.
പാരമ്പര്യവാദികളും പുരോഗമനവാദികളും തമ്മിലുള്ള ഏറ്റുമുട്ടലായാണ് റിപ്പബ്ലിക്കന്‍-ഡെമോക്രാറ്റിക് പോരാട്ടത്തെ കാണാറ്. എന്നാല്‍ ഇത്തവണ വംശീയതയുടെ ചേരിതിരഞ്ഞുള്ള മത്സരമായി ഇത് മാറി. കറുത്ത വംശജരുടെ പ്രശ്നങ്ങളും ജഡ്ജി നിയമനവിവാദവും കോവിഡിനെ മറികടന്നുവെന്ന് അവകാശപ്പെടുമ്പോഴും രണ്ടുലക്ഷത്തോളം അമേരിക്കക്കാരെ കൊന്നൊടുക്കിയ വൈറസിനെതിരേയുള്ള മരുന്ന് കണ്ടെത്താന്‍ കഴിയാത്തതൊന്നും വിഷയമാകുന്നില്ല. വംശീയതയിലാണ്പ്രതീക്ഷ. ബാരക്ക് ഒബാമ ജയിച്ചതുപോലൊരു ജയം ബൈഡന്‍ പ്രതീക്ഷിക്കുന്നു. പക്ഷേ യുവാക്കളെ ആകര്‍ഷിച്ച ഒബാമയുടെ കരിസ്മ ബൈഡനില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജര്‍ നിര്‍ണ്ണായകമല്ല. വോട്ടവകാശമുള്ള ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും ഡെമോക്രാറ്റിക് പാര്‍ട്ടിക്കാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. കുടിയേറ്റ നിയമം, ന്യൂനപക്ഷ അവകാശം, പരിസ്ഥിതിനയം തുടങ്ങിയവയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നയസമീപനങ്ങളാണ് ഭേദം എന്നതിനാലാണ്.നരേന്ദ്രമോദി- ട്രം
പ് ബന്ധത്തെ തുടര്‍ന്ന് ഇന്ത്യക്കാരുടെ വോട്ടുകള്‍ ഇത്തവണ നഷ്ടപ്പെടുമോ എന്ന ചിന്ത ഡെമോക്രാറ്റിക് പാര്‍ട്ടിക്കുണ്ട്. ഇന്ത്യന്‍ വോട്ടു പോകാതിരിക്കാന്‍ ബൈഡന്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. ഇന്ത്യന്‍ വംശജ കമല ഹാസീസിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കിയതു പോലും അതിന്റെ ഭാഗമാണ്. അമേരിക്കയിലെ ചലനാത്മക സാമ്പത്തിക സാംസ്‌കാരിക വ്യവസ്ഥയില്‍ കഠിനാധ്വാനത്തിലൂടെയും സംരംഭകമികവിലൂടെയും സുപ്രധാന പങ്കുവഹിച്ചവരാണ് ഇന്ത്യന്‍ അമേരിക്കകാരെന്ന് ജോ ബൈഡന്‍ ആവര്‍ത്തിക്കുന്നതും അതിനാലാണ്.
എന്നാല്‍ ബൈഡന്‍ ഉള്‍പ്പടെയുള്ള ഇപ്പോഴത്തെ ഡെമോക്രാറ്റിക് നേതാക്കള്‍ ഇന്ത്യാവിരുദ്ധ നിലപാടു സ്വീകരിക്കുകയും പൗരത്വ ഭേദഗതി ബില്ലിനെയും കാശ്മീരില്‍ 370ാം വകുപ്പ് പിന്‍വലിച്ചതിനെയും പരസ്യമായി എതിര്‍ക്കുകയും ചെയ്തവരാണ്. ഇന്ത്യയ്‌ക്ക് റഷ്യയില്‍ നിന്നും ക്രയോജനിക് എന്‍ജിന്‍ വാങ്ങാന്‍ കഴിയാതെ പോയത് ബൈഡന്‍ കൊണ്ടുവന്ന ഭേദഗതി കാരണമാണ്.ഡെമോക്രാറ്റുകള്‍ പാകിസ്ഥാനും ചൈനയ്‌ക്കും പിന്തുണ നല്‍കുന്ന തീരുമാനങ്ങളെടുക്കുന്നതും ട്രംപ് ഇന്ത്യയ്‌ക്കനുകൂലമായി
നില്‍ക്കുന്നതും ഇന്ത്യന്‍ വംശജരുടെ വോട്ടുകളെ സ്വാധീനിക്കും . ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്തിവന്ന ട്രംപ് വീണ്ടും വരുന്നതാണ് നല്ലതെന്ന് ചിന്തിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. ചൈനയുടെ അപ്രമാദിത്വം തടയാനും പൊതുബോധത്തെ ചൈനയ്ക്ക് എതിരാക്കി മാറ്റാനും ട്രംപിന് കഴിഞ്ഞത് ഇന്ത്യയ്ക്ക് നല്ലതാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റുമാര്‍ വരുമ്പോഴാണ് ഇന്ത്യയോട് ഏറ്റവും നല്ല സമീപനം പുലര്‍ത്തുന്നതെന്ന സങ്കല്‍പം പൊളിച്ചെഴുതിയതും ട്രംപിന് തുണയാകും. ഇത്തവണ വലിയതോതില്‍ ഇന്ത്യന്‍ വോട്ടുകള്‍ ട്രംപിനു കിട്ടും. ട്രംപു വീണ്ടും വരുന്നതാകും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യയ്‌ക്കും നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക