തിരുവനന്തപുരം: കൊറോണ വൈറസ് ജാഗ്രതയില്‍ സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തിയ കരുതലില്‍ കൈമോശം വന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇനിയും നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളും. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ കൊറോണ പരിശോധനകളുടെ എണ്ണം താരതമ്യേന കുറവാണെന്ന് രോഗത്തിന്റെ തുടക്കത്തില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അതിനു വേണ്ടി നടപടികള്‍ കൈക്കൊണ്ടിരുന്നില്ല. രോഗബാധിതരുടെ എണ്ണം ഉയരാന്‍ തുങ്ങിയതോടെ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടുണ്ട്.
പല സ്ഥലങ്ങളിലും കൊറോണ വൈറസിനെ ലാഘവത്തോടെയാണ് സമീപിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ കര്ശ്ശനമാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കോവിഡിനെതിരേ മരുന്ന് ഇപ്പോഴും കണ്ടെത്തിയിട്ടില്ല. അതിനാല്‍ കൂടുതല്‍ ശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ വേണം. കൊറോണ വൈറസ് എത്രകാലം നിലനില്‍ക്കുമെന്ന് അറിയാത്ത സാഹചര്യത്തില്‍ രോഗവ്യാപനത്തിന് സാധ്യതയുള്ള പ്രദേശങ്ങള്‍ അടച്ചിടാന്‍ സാധിക്കില്ല. ജാഗ്രത പാലിക്കാന്‍ മാത്രമേ സാധിക്കൂ.
കടകളില്‍ പോകുമ്പോള്‍ ജനങ്ങള്‍ കൃത്യമായ ശാരീരിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം. സാധനങ്ങള്‍ തൊട്ടുനോക്കേണ്ട കടയാണെങ്കില്‍ ഗ്ലൗസ് ധരിച്ച് മാത്രമേ കയറാന്‍ പാടുള്ളു. കടകളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തേണ്ട ബാധ്യത കട ഉടമയ്ക്കുണ്ട്. ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടില്ലെങ്കില്‍ കട അടച്ചുപൂട്ടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊറോണ ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്ത് ഇന്നു മുതല്‍ നിരോധനാജ്ഞ പ്രാബല്യത്തില്‍ വന്നു. ഈ മാസം 31 വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പൊതുഗതാഗതത്തിന് നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. പൊതു പരീക്ഷകളിലും മാറ്റമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: