കോഴിക്കോട് : സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ച കൊടുവള്ളി നഗരസഭ ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിന് സ്വീകരണം ഒരുക്കി സുഹൃത്തുക്കള്‍. ഒരു ദിവസത്തെ കസ്റ്റഡിക്ക് ശേഷം വിട്ടയച്ചതിനാണ് ഫൈസലിനായി സുഹൃത്തുക്കള്‍ സ്വീകരണം സംഘടിപ്പിച്ചത്. എന്നാല്‍ സിപിഎം ഇതിനെ എതിര്‍ത്തതോടെ സ്വീകരണം ഒഴിവാക്കിയെന്നും റിപ്പോര്‍ട്ട്.
സിപിഎം പ്രവര്‍ത്തകര്‍ ഇതിനെതിരെ രംഗത്ത് എത്തിയതോടെ ഫൈസലിനെ അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് സുഹൃത്തുക്കള്‍ കൊടുവള്ളിയില്‍ സ്ഥാപിച്ച ഫ്ളക്സും മറ്റും എടുത്തുമാറ്റി.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സന്ദീപ് നായരിന്റെ ഭാര്യയെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് കാരാട്ട് ഫൈസലിന്റെ വീട്ടില്‍ കസ്റ്റംസ് തെരച്ചില്‍ നടത്തിയത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും കൊച്ചി ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ഒരു ദിവസത്തെ മാരത്തണ്‍ ചോദ്യം ചെയ്യലിന് ശേഷമം രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും ഹാജരാകാണമെന്ന് നിര്‍ദേശം നല്‍കിയാണ് ഫൈസലിനെ അന്വേഷണ സംഘം വിട്ടയച്ചത്. അതേസമയം കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘവും കൊച്ചി ഓഫീസിലെത്തി ഫൈസലിനെ കണ്ടിരുന്നു.
ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിലെ പ്രധാനി കാരാട്ട് ഫൈസലാണെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. തിരുവനന്തപുരം വിമാനത്താവളം ഡിപ്ലോമാറ്റിക് ബാഗേജ് വഴി എത്തിച്ച 80 കിലോ സ്വര്‍ണം വില്ക്കാന് സംഘത്തെ സഹായിച്ചത് ഫൈസലാണെന്നാണു കസ്റ്റംസിന്റെ കണ്ടെത്തല്‍.
തൃശിനാപ്പള്ളി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ സ്വര്‍ണം എത്തിച്ച് വില്‍ക്കുകയായിരുന്നു എന്നാണ് വിവരം. സ്വര്‍ണക്കടത്തിന് പണം നിക്ഷേപിച്ചവരില്‍ കാരാട്ട് ഫൈസല്‍ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഇതിനു മുമ്പും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: