ഫോര്‍ട്ട്വര്‍ത്ത് (ഡാലസ്): ഒക്ടോബര്‍ 1 മുതല്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് 19,000 ജീവനക്കാരെ താല്‍ക്കാലികമായി പിരിച്ചുവിടുമെന്ന് സിഇഒ ഡഗ് പാര്‍ക്കര്‍ അറിയിച്ചു. എയര്‍ലൈന്‍സിന്റെ ഈ തീരുമാനം ആകെയുള്ള, വര്‍ക്ക് ഫോഴ്സിന്റെ 16 ശതമാനത്തെ ബാധിക്കും. ഫോര്‍ട്ട്വര്‍ത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ലൈന്‍ ഓരോ ദിവസവും മില്യന്‍ കണക്കിന് ഡോളര്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
കോവിഡ് മഹാമാരി മൂലം സാമ്പത്തിക തകര്‍ച്ച നേരിടുന്ന എയര്‍ലൈന്‍ ഇന്‍ഡസ്ട്രിയെ പിടിച്ചുനിര്‍ത്തുന്നതിന് ഫെഡറല്‍ ഗവണ്മെന്റ് പ്രഖ്യാപിച്ച പെ റോള്‍ സപ്പോര്‍ട്ട് സെപ്റ്റംബര്‍ 30ന് അവസാനിച്ചിരുന്നു. ഇതു തുടരുന്നതു സംബന്ധിച്ചു ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയും ട്രഷററി സെക്രട്ടറി സ്റ്റീഫന്‍ മന്‍ചിനും തമ്മില്‍ നടന്ന ചര്‍ച്ച തീരുമാനമാകാതെ അവസാനിപ്പിച്ചതുമാണ് ജീവനക്കാരെ പിരിച്ചു വിടുക എന്ന തീരുമാനത്തിലേക്ക് നയിച്ചതെന്ന് സിഇഒ പറഞ്ഞു.
ഫെഡറല്‍ ഗവണ്മെന്റ് പെ റോള്‍ സപ്പോര്‍ട്ട് തുടര്‍ന്ന് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയര്‍ലൈന്‍സിനു ഇതുവരെ 4.1 ബില്യന്‍ ഡോളര്‍ ഗ്രാന്റും, ഏഴ് ബില്യന്‍ ഡോളര്‍ ലോണും ഗവണ്മെന്റില് നിന്നും ലഭിച്ചിട്ടുണ്ട്.
താല്‍ക്കാലികമായി പിരിച്ചുവിടുന്നവരെ 6 മാസത്തിനുശേഷം തിരിച്ചുവിളിക്കാന്‍ സാധ്യതയുണ്ടെന്ന് സിഇഒ ഡഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: