കോഴിക്കോട്: തിങ്കളാഴ്ച ചേര്‍ന്ന കോഴിക്കോട് കോര്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ എല്‍ഡിഎഫ് – യുഡിഎഫ് അംഗങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത് നിര്‍ഭാഗ്യകരമായ സംഭവമാണെന്ന് ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ തായാട്ട് ബാലന്. ഇതൊന്നും നമുക്ക് മാതൃകയല്ല. ഭരണകര്‍ത്താക്കള്‍ തന്നെ ഇങ്ങനെ ചെയ്താല്‍ നമ്മള് എന്തുചെയ്യും. ആരാണ് പ്രശ്നം തുടങ്ങിയതെന്ന് അറിയില്ല.
ഭരിക്കാനും നിയന്ത്രിക്കാനും അറിയാവുന്നവര്‍ എന്ന് കരുതിയാണ് ഇവരെ നാം തെരഞ്ഞെടുത്തത്. അവര്‍ ഭ്രാന്ത് പിടിച്ചപോലെ പെരുമാറിയാല്‍ എന്തു ചെയ്യും. നമുക്ക് നല്ല മാതൃകയില്ലാതായിരിക്കുന്നു. നേതൃത്വം തന്നെ കാടുകയറിയാല്‍ ആരിലാണ് വിശ്വാസമര്‍പ്പിക്കുക. നമ്മള് നിസ്സഹായരാണ്. ഇതിനിയും ആവര്‍ത്തിക്കരുത്. ജീവിതത്തില്‍ ഇതുവരെ ഇങ്ങനെയൊന്ന് കണ്ടിട്ടില്ല. ദുഃഖിതനായി കണ്ടിരിക്കാനെ പറ്റൂ. നമുക്ക് എവിടെയോ പാളിച്ച പറ്റിയിരിക്കുന്നു, അത് ബുദ്ധിപരമായ പാളിച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് ഉണ്ടായതെന്ന് കോര്പറേഷന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് പറഞ്ഞു. നാലേമുക്കാല്‍ വര്‍ഷത്തിനിടയിലും ഉണ്ടാകാത്തതാണ്. പരസ്പരം സംയമനം പാലിക്കേണ്ടതാണ്. വലിയ സഭയാണ്. ഇങ്ങനെ സംഭവിച്ചതില്‍ വലിയ വിഷമം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൗണ്‍സിലിലെ കയ്യാങ്കളിയില്‍ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന് ആവശ്യപ്പെട്ടു. മാതൃക കാണിക്കേണ്ട ജനപ്രതിനിധികള്‍ തരംതാണ പ്രകടനമാണ് കാഴ്ചവെച്ചത്. ഇത് നാണക്കേടാണ്. ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: