കോഴിക്കോട്: കോര്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ തമ്മില്‍ത്തല്ലിയ ഇടതു – വലതു കൗണ്‍സിലര്‍മാര്‍ വോട്ടുചെയ്ത് വിജയിപ്പിച്ച ജനങ്ങളെ അപമാനിച്ചെന്ന് ബിജെപി ഉത്തര മേഖലാ വൈസ്പ്രസിഡന്റ് ടി.വി. ഉണ്ണികൃഷ്ണനും ബിജെപി കോര്പറേഷന് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണനും ആരോപിച്ചു.
കോഴിക്കോട് കോര്‍പ്പറേഷനില്‍ നടന്ന കൗണ്‍സില്‍ യോഗത്തില്‍ നടന്ന തമ്മില്‍ തല്ല് തരംതാണ രാഷ്ട്രീയ പേക്കൂത്താണെന്ന് ടി.വി. ഉണ്ണികൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു. കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളില്‍ നിന്നും നഗരവാസികള്‍ പ്രതീക്ഷിക്കുന്നത് ഇതല്ല. മെഡിക്കല്‍ കോളേജിലെ ഒരു റസ്റ്റോറന്റിന്റെ തറവാടക നിര്‍ണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഫയല്‍ മാറ്റിവെച്ചതാണ് കോലാഹലത്തിന് കാരണം. വികസന കാര്യത്തില്‍ ഏറെ പിന്നിലാണെങ്കിലും ദേശീയ-അന്തര്‍ദേശീയ രാഷ്ട്രീയ പ്രമേയങ്ങള്‍ പാസ്സാക്കുന്നതില്‍ സര്‍വ്വകാല റെക്കോര്‍ഡ് കൈവരിച്ചിട്ടുണ്ട് കോര്പറേഷന്. നഗരവാസികളുടെ ജീവല്‍പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തേണ്ടവര്‍ തങ്ങളിലര്‍പ്പിതമായ കടമകള്‍ ഓര്‍ക്കാന്‍ പോലും ശ്രമിക്കുന്നില്ല. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ തല്ലുകൂടാനാണ് ശ്രമിക്കുന്നത്. ഇത്തരം തല്ലുകൂടല് സംസ്ക്കാരക്കാരെയല്ല പ്രബുദ്ധതയുള്ള നഗരവാസികള്‍ തെരഞ്ഞെടുത്ത് കൗണ്‍സിലിലേക്ക് അയക്കേണ്ടതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
കൗണ്‍സില്‍ യോഗത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് നമ്പിടി നാരായണന് പ്രസ്താവനയില്‍ പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും പ്രശ്നങ്ങളുണ്ടാക്കാന്‍ ആസൂത്രണം ചെയ്തു വന്നതു പോലെയാണ് പെരുമാറിയത്. സാധാരണ കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയിലുള്ള വിഷയം മാറ്റിവെക്കുമ്പോള്‍ വ്യക്തമായ കാരണങ്ങള്‍ സൂചിപ്പിക്കാറുണ്ട്. എന്നാല്‍ തിങ്കളാഴ്ച നടന്ന യോഗത്തില്‍ ഭരണകക്ഷി അംഗങ്ങള്‍ അജണ്ട മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മാറ്റിവെക്കുകയും പ്രതിപക്ഷത്തുള്ളവര്‍ മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വോട്ടിനിട്ട് പാസ്സാക്കുകയും ചെയ്യുന്ന ഏകാധിപത്യപ്രവണതയാണ് സഭ നിയന്ത്രിച്ച ഡെപ്യൂട്ടി മേയറുടെ ഭാഗത്ത് നിന്നുണ്ടായത്. സാധാരണ നിലയില്‍ സഭ നല്ല നിലയ്ക്ക് നടത്തിക്കൊണ്ടുപോകാന്‍ ബാദ്ധ്യതപ്പെട്ട ഭരണകക്ഷി നേതാവു കൂടിയായ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ.വി. ബാബുരാജ് പ്രകോപനപരമായാണ് പെരുമാറിയത്. അത് ആ സ്ഥാനത്തിന് തന്നെ അപമാനമാണ്. കോണ്‍ഗ്രസിന്റെ ഡെപ്യൂട്ടി ലീഡര്‍ കൂടിയായ അഡ്വ. പി.എം. നിയാസിന്റെ ഭാഗത്ത് നിന്ന് സഭയ്ക്ക് ചേരാത്ത വാക്കുകളുടെ അതിപ്രസരവും ഉണ്ടായി.
സഭയുടെ അന്തസിന് ചേരാത്തതും ജനപ്രതിനിധികളുടെ മാന്യതയ്ക്കും ചേരാത്തതായിരുന്നു ഇത്. പാര്‍ട്ടി നേതാക്കളുടെ യോഗം ചേര്‍ന്ന് തെറ്റുകള്‍ മനസ്സിലാക്കി തിരുത്തിയിട്ടും ഇരുവിഭാഗവും കൂക്കിവിളിയും പോര്‍വിളിയും നടത്തിയത് കോര്‍പറേഷനിലെ പൊതുജനത്തെ അപമാനിക്കലാണ്. ഇരുവിഭാഗവും ജനങ്ങളോട് മാപ്പുപറയണമെന്നും നമ്പിടി നാരായണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: