ബെംഗളൂരു: ബെംഗളൂരു നഗരം ഭീകരവാദികളുടെ കേന്ദ്രമായി മാറുന്നുവെന്ന പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായി യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ എംപി. തിരിച്ചെടുക്കാനല്ല പ്രസ്താവന നടത്തിയത്. താന്‍ നടത്തിയ പ്രസ്താവന തിരിച്ചെടുക്കുന്ന പ്രശ്‌നമുദിക്കുന്നില്ലെന്നും അദേഹം ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
കോണ്‍ഗ്രസും ജനതാദളും നടത്തുന്ന പ്രതിക്ഷേധങ്ങളെ അദേഹം തള്ളി. തനിക്ക് ഒരു നിലപാടെയുള്ളൂവെന്നും തേജസ്വി പറഞ്ഞു. കഴിഞ്ഞ ആഴ്‌ച്ച ബംഗളൂരു ഭീകരതയുടെ കേന്ദ്രമാണെന്നും ദേശീയ അന്വേഷണ ഏജന്‍സിയുടെ ഓഫീസ് നഗരത്തില്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തേജസ്വി കേന്ദ്രആഭ്യന്തരമന്ത്രിയെ കണ്ടിരുന്നു. എന്‍ഐഎ ഓഫീസ് അനുവദിക്കാനായുള്ള നിവേദനം എംപി അമിത് ഷായ്‌ക്ക് കൈമാറി.
ഓഗസ്റ്റില്‍ നഗരത്തില്‍ നടന്ന കലാപം ദേശവിരുദ്ധ ശക്തികള്‍ പിടിമുറുക്കുന്നുവെന്നതിന്റെ സൂചനയാണ്. ബെംഗളൂരുവാണ് ഇത്തരം ശക്തികളുടെ പരിശീലന കേന്ദ്രമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബംഗളൂരുവില്‍ എന്‍ഐഎ സ്ഥിരം യൂണിറ്റ് ഏര്‍പ്പെടുത്താമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ ഉറപ്പ് നല്‍കിയതായി അദേഹം വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. തേജസ്വിയെ ബിജെപി പുറത്താക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. തേജസ്വി സൂര്യ ബെംഗളൂരുവിനെ നശിപ്പിക്കുകയാണ്. ഇത് ലജ്ജാകരമാണെന്നും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെശിവകുമാര്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: