കൊച്ചി: രാജ്യമെമ്പാടും വൈദ്യുതിക്ക് ഒരേ നിരക്ക് എന്ന ലക്ഷ്യത്തിലേക്കാണ് കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടികള്‍. അതോടെ കേരളത്തിലുള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ വൈദ്യുതിയിലൂടെ പൊതുജനങ്ങളുടെ പോക്കറ്റടിക്കുന്നത് ഇല്ലാതാകും. വൈദ്യുതിക്ക് ഒരേ വില, ഒരേ നയം എന്ന പദ്ധതി നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
കേരളത്തിന് ആവശ്യമായ മുഴുവന്‍ വൈദ്യുതിയും ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംവിധാനമൊരുങ്ങി. കേന്ദ്ര പവര്‍ ഗ്രിഡിന് 13,000 കോടി രൂപ ചെലവിട്ട് ഛത്തീസ്ഗഡില്‍ നിന്ന് 6,000 മെഗാവാട്ട് വൈദ്യുതി കൊണ്ടുവന്ന് തമിഴ്നാടിന് 4,000 മെഗാവാട്ടും കേരളത്തിന് 2,000 മെഗാവാട്ടും നല്‍കാനാണ് മോദി സര്‍ക്കാരിന്റെ പദ്ധതി. ഇതില്‍ തമിഴ്നാട്ടിലെ പുഗലൂരില്‍നിന്ന് കേരളത്തിലെ മാടക്കത്തറയിലേക്കുള്ള പവര്‍ ഹൈവേയും 220 വൈദ്യുതി സബ്സ്റ്റേഷനുകളും പൂര്‍ത്തിയാക്കിയിരുന്നു. അതായത് കാല് നൂറ്റണ്ടിലേക്ക് കേരളത്തിനാവശ്യമായ വൈദ്യുതി കേന്ദ്ര സര്‍ക്കാര്‍ ഉത്പാദിപ്പിച്ച് നല്‍കും.
മാടക്കത്തറയിലെത്തുന്ന വൈദ്യുതിയോടെ കേരളത്തില്‍ ലഭിക്കുന്ന വൈദ്യുതി 6,200 മെഗാവാട്ടാകും. കേരളത്തിന് ആവശ്യമുള്ളത് 4,000 മെഗാവാട്ടാണ്. മിച്ചമായിരിക്കും ഇവിടെ വൈദ്യുതി. ഇവിടെ ഉത്പാദന ചെലവു പോലുമില്ല, പരിസ്ഥിതി പ്രശ്നമുണ്ടാക്കുന്ന പദ്ധതികളും വേണ്ട.
ഇങ്ങനെ എത്തിക്കുന്ന വൈദ്യുതിയുടെ മേന്മയും വിതരണവും അന്താരാഷ്ട്ര നിലവാരത്തിലുള്ളതാക്കാനും രാജ്യമെമ്പാടും ഒരേ വിലയാക്കാനുമാണ് സര്‍ക്കാര്‍ പദ്ധതി. ഇതിനാണ് സ്വകാര്യ മേഖലയെങ്കില്‍ അത് സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. പക്ഷേ, ഇത് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നില്ല. അത്തരം സാഹചര്യമുണ്ടായാല്‍ പാലിക്കേണ്ട മാനദണ്ഡങ്ങളാണ് കഴിഞ്ഞ ദിവസം കേന്ദ്ര ഊര്‍ജ മന്ത്രാലയം പുറത്തിറക്കിയത്.
കരട് രേഖയുടെ രണ്ടാം അധ്യായത്തിന്റെ തുടക്കത്തില്‍ പറയുന്നു: ഈ ഇടപാടിന്റെ (വിതരണം കമ്പനികള്‍ക്ക് നല്‍കുന്നതിന്റെ) ഉദ്ദേശ്യം ഇവയാണ്. ഒന്ന്: വൈദ്യുതിയുടെ ഗുണമേന്മ, സുരക്ഷ, ആശ്രയത്വം, മറ്റ് സേവനങ്ങള്‍ മെച്ചപ്പെടുത്തുക. രണ്ട്: അഗ്രിഗേറ്റ് ടെക്നിക്കല്‍ ആന്‍ഡ് കൊമേഷ്യല്‍ നഷ്ടങ്ങള്‍ സംബന്ധിച്ച് ആഗോളതല മാനദണ്ഡം വരുത്തുക. മൂന്ന്: താങ്ങാനാവുന്ന വിലയില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കൊടുക്കുക. ഇവ മൂന്നും ജനങ്ങള്‍ക്ക് നല്ലതും ചൂഷകര്‍ക്ക് വിരുദ്ധവുമാണ്.
വൈദ്യുതി ആക്ട് 2003ന്റെ 131-ാം വകുപ്പില്‍ ഈ വിതരണ സംവിധാനം സംബന്ധിച്ച് നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് അവരുടെ ജനങ്ങള്‍ക്ക് സഹായകരമെന്ന് തോന്നുന്നെങ്കില്‍ ഇത് സ്വീകരിക്കാം. കേരളം മറ്റു പല സംസ്ഥാനങ്ങളും നടപ്പാക്കിയിട്ടുള്ള പദ്ധതികള്‍ വൈദ്യുതി രംഗത്ത് നടപ്പാക്കിയിട്ടില്ല.
വൈദ്യുതി കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് അധിക നിരക്ക് എന്ന സംവിധാനവും വ്യത്യസ്ത താരിഫും കേരളത്തില്‍ മാത്രം നടത്തുന്ന സര്‍ക്കാര്‍തല കൊള്ളയാണ്. പുതിയ സംവിധാനം സ്വീകരിച്ചാല്‍ ഈ പകല്‍ക്കൊള്ള ഇല്ലാതാകും. രാജ്യം മുഴുവന്‍ ഒരേ താരിഫാകും. ഈ തരത്തില്‍ പൊതുജന സഹായകമാകുന്നതാണ് പദ്ധതി.
കൊവിഡ് പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്ലില്‍ ഇളവു നല്കാന് കേരളത്തിന് കേന്ദ്രം അനുവദിച്ചത് 150.223 കോടി രൂപയാണ്. അത് 69.83 ലക്ഷം വീട്ടുകാര്‍ക്ക് സഹായകമായി. വൈദ്യുതി സബ്സ്റ്റേഷനുകളും വിതരണത്തിന് പവര്‍ ഹൈവേകളും നിര്‍മിച്ചതും കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടു കൊണ്ടു മാത്രമാണ്. സംസ്ഥാനം സ്ഥലം അനുവദിച്ച് നല്‍കുക മാത്രമായിരുന്നു. പക്ഷേ, സബ്സ്റ്റേഷനുകളുടെ ഉദ്ഘാടനം നടത്തി പിണറായി സര്‍ക്കാര്‍ അവയെല്ലാം സംസ്ഥാനത്തിന്റെ നേട്ടമായി പ്രചരിപ്പിച്ചു. ഇപ്പോള്‍ ജനങ്ങള്‍ക്ക് പ്രയോജനമാകുന്ന നടപടിയെ എതിര്‍ക്കുകയും അതിന്റെ പേരില്‍ നുണ പ്രചാരണം നടത്തുകയും ചെയ്ത് രാഷ്ട്രീയം കളിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: