പാം സ്പ്രിങ്സ് (കാലിഫോര്‍ണിയ): ആധുനിക വൈദ്യശാസ്ത്ര ചരിത്രത്തില്‍ എച്ച്ഐവി രോഗം പൂര്‍ണമായും മാറിയ ആദ്യ രോഗി തിമോത്തി റെ ബ്രൗണ്‍ (54) കാലിഫോര്‍ണിയ പാം സ്പ്രിങ്സില്‍ അന്തരിച്ചു. ബര്‍ലിന്‍ പേഷ്യന്റ് എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
1990 ലാണ് തിമോത്തിക്ക് എച്ച്ഐവി ഉണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയത്. 2006 ല്‍ ലുക്കീമിയ സ്ഥിരീകരിച്ചു. 2007, 2008 വര്‍ഷങ്ങളില്‍ മറ്റൊരു രോഗിയില്‍ നിന്നും സ്റ്റെം സെല്‍ ട്രാന്‍സ് പ്ലാന്റ് ലഭിച്ചതോടെ എച്ച്ഐവിയും ലുക്കീമിയയും അപ്രത്യക്ഷമായി.
എച്ച്ഐവി നെഗറ്റീവായതിനുശേഷം ഒരിക്കല്‍ പോലും പിന്നീടുള്ള പരിശോധനയില്‍ എച്ച്ഐവി പോസിറ്റീവായിരുന്നില്ല. എച്ച്ഐവി പൂര്‍ണമായും മാറുന്ന രോഗമാണെന്ന് തിമോത്തി ആദ്യമായി തെളിയിച്ചതായി കലിഫോര്‍ണിയ യൂണിവേഴ്സിറ്റി എയ്ഡ്സ് സ്പെഷ്യലിസ്റ്റ് സ്റ്റീവന്‍ ഡീക്സ് അഭിപ്രായപ്പെട്ടു.
അടുത്തിടെയായി ലുക്കീമിയ തിമോത്തിയില്‍ വീണ്ടും പ്രത്യക്ഷമായി. മരണം കാന്‍സര്‍ മൂലമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എച്ച്ഐവി വിദഗ്ധ ടീം അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഇന്റര്‍ നാഷനല്‍ എയ്ഡ്സ് സൊസൈറ്റി തിമോത്തിയുടെ മരണം നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ചുവെങ്കിലും ശാസ്ത്ര ലോകത്തിലേക്ക് പുതിയൊരു വാതായനം തുറന്നിട്ടാണ് ബ്രൗണ്‍ മരണത്തിന് കീഴടങ്ങിയതെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: