തൃശൂര്‍ : സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചത് അഴിമതിക്കെതിരായ സമരങ്ങളില്‍ നിന്നും സര്‍ക്കാരിന് രക്ഷപ്പെടുന്നതിന് വേണ്ടിയാണ്. അല്ലാതെ കൊറോണയെ പ്രതിരോധിക്കുന്നതിന് വേണ്ടിയല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന നില്പ് സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരില്‍ നിര്‍വഹിക്കവേയാണ് ഈ പ്രസ്താവന നടത്തിയിരിക്കുന്നത്.
ലൈഫ് മിഷന് അഴിമതിയും, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടും സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ 144 പ്രഖ്യാപിച്ചിരിക്കുന്നത്. അല്ലാതെ കേരളത്തിലെ കൊറോണയെ പ്രതിരോധിക്കുന്നതിനല്ല. ഇന്ത്യയില്‍ ഒരിടത്തും ഇല്ലാത്ത കരിനിയമം പിണറായി സര്‍ക്കാര്‍ കേരളത്തില്‍ അടിച്ചേല്‍പ്പിക്കുകയാണ്.
ലാവ്ലിന് കേസ് സുപ്രീംകോടതി പരിഗണിക്കുന്നതും ലൈഫ്മിഷന് കേസില്‍ സിബിഐ അന്വേഷണം നടത്തുന്നതുമാണ് ഇപ്പോള്‍ ജനങ്ങളെ തടവിലാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ മുഖ്യ കാരണം. അല്ലാതെ കൊറോണ പ്രതിസന്ധി കാരണമല്ല. അഴിമതി ആരോപണങ്ങളില്‍ പല സിപിഎം നേതാക്കളും കുടുങ്ങുമെന്നായപ്പോള്‍ ജനങ്ങളുടെ വായ്മൂടിക്കെട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 144 പ്രഖ്യാപിച്ച് ജനങ്ങളെ തടവറയിലിടാമെന്ന് മുഖ്യമന്ത്രി കരുതരുത്. ജനങ്ങളും ബിജെപിയും ഇത് അംഗീകരിച്ചു തരില്ല. ഇതിനെിരെ തെരുവില്‍ ഇറങ്ങേണ്ടി വന്നാല്‍ അത് ചെയ്യുമെന്നും കെ. സുരേന്ദ്രന് അറിയിച്ചു.
സംസ്ഥാനത്ത് സമ്പൂര്‍ണ്ണമായ അടച്ചില്‍ ഇല്ലായെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചതാണ്. സര്‍ക്കാര്‍ പ്രതിരോധത്തിലായപ്പോള്‍ തീരുമാനങ്ങള്‍ ലംഘിക്കുകയാണ്. സര്‍ക്കാര്‍ അമിതാധികാരം പ്രയോഗിക്കുകയാണ്. രാജ്യത്ത് എല്ലാം സാധാരണ നിലയിലേക്ക് പോവുമ്പോള്‍ കേരളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ്.
ഗുരുതരാവസ്ഥയിലുള്ള ഏതെങ്കിലും ചില പ്രദേശങ്ങള്‍ ലോക് ചെയ്യുന്നതിന് ഞങ്ങള്‍ എതിരല്ല. എന്നാല്‍ സംസ്ഥാനം മുഴുവന്‍ ലോക് ചെയ്യാന്‍ ശ്രമിക്കരുതെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാര്‍ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി ഉല്ലാസ് ബാബു, മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോന് എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: