മല്ലപ്പള്ളി: കോവിഡ് ബാധിച്ച് മരിച്ച ആളിന്റെ മൃതദേഹം മാറി വീട്ടിലെത്തിച്ച് ആരോഗ്യ വകുപ്പ്. എഴുമറ്റൂർ പഞ്ചായത്തിൽ ചാലാപ്പള്ളി മേത്താനത്ത് നെയ്തേലിൽ പി.ജി. പുരുഷോത്തമനാണ് (81) ഇന്നലെ കോഴഞ്ചേരി താലൂക്ക് ആശുപത്രിയിൽ കോവിഡ് ബാധിച്ച് മരിച്ചത്.
ഇന്നലെ രാവിലെ 10.30യോടു കൂടിയാണ് ആശുപത്രിയിൽ നിന്നും പുരുഷോത്തമന്റെ മൃതശരീരത്തിന് പകരം കോന്നി സ്വദേശിനിയുടെ മൃതദേഹം എത്തിച്ചത്. വീട്ടിലെത്തി മൃതദഹം ആംബുലൻസിൽ നിന്നും ഇറക്കുന്നതിനു തൊട്ടു മുൻപാണ് വിവരം അറിയുന്നത്. ഏറെസമയം കഴിഞ്ഞിട്ടും മൃതദേഹം ആംബുലൻസിൽ നിന്ന് ഇറക്കാത്തതിൽ സംശയം തോന്നിയ ബന്ധുക്കൾ ഡ്രൈവറോടു ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ഉടൻതന്നെ മൃതദേഹം മടക്കിക്കൊണ്ടുപോയി പുരുഷോത്തമന്റെ മൃതദേഹം 4 മണിയോടു കൂടി വീട്ടിലെത്തിച്ചു. ബന്ധുജനങ്ങളുടെ പരാതിയിൽ സ്ഥലത്തെത്തിയ പെരുമ്പെട്ടി എസ്ഐയുടെ അനുവാദത്തോടെ മൃതശരീരം തുറന്നു കണ്ട് ബോദ്ധ്യപ്പെട്ടതിനു ശേഷമാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്. ഇതിനെപ്പറ്റി ആരോഗ്യ വകുപ്പിനോട് ചോദിച്ചപ്പോൾ ആംബുലൻസ് ഡ്രൈവർക്ക് പറ്റിയ തെറ്റെന്ന മറുപടിയാണ് ലഭിച്ചത്.
എന്നാൽ ആരോഗ്യ വകുപ്പിന്റെ അനാസ്ഥയാണ് വെളിപ്പെടുത്തുന്നതെന്ന് ബന്ധുക്കൾ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: