തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ രക്ഷാബന്ധന് നിരോധിച്ച് മെഡിക്കല്‍ ഡയറക്ടറുടെ ഉത്തരവ്. മുന്‍കൂര്‍ അനുമതി ഇല്ലാതെ ആര്‍എസ്എസിന്റെ രക്ഷാബന്ധന് ചടങ്ങുകള്‍ നടന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇത് വളരെ ഗൗരവമായി കാണുകയും ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ കോളേജ് മേധാവികള്‍ സ്വീകരിക്കണമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ റംലാബീവി ഇറക്കിയ ഉത്തരവില്‍ പറയുന്നു.
ഇന്നലെയാണ് ഉത്തരവ് വന്നത്. മേലധികാരികളുടെയും സര്‍ക്കാരിന്റെയും അനുമതിയോടുകൂടി മാത്രമെ ഇത്തരം ചടങ്ങുകള്‍ മെഡിക്കല്‍ വിദ്യാഭാസ വകുപ്പിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നടത്താന്‍ പാടുള്ളൂവെന്ന സര്‍ക്കാര്‍ നിര്‍ദേശം എല്ലാ സ്ഥാപന മേധാവികളും പാലിക്കണമെന്ന് സര്‍ക്കാര്‍ മെഡിക്കല്‍, ദന്തല്‍, നഴ്സിങ് കോളേജുകള്‍ക്ക് നല്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
രക്ഷാബന്ധന് മതപരമായ ചടങ്ങെന്നാണ് ഇത് സംബന്ധിച്ച് ചോദിച്ചപ്പോള്‍ ഡോ. റംലാബീവിയുടെ പ്രതികരണം. അതിനാല്‍, രക്ഷാബന്ധന് അനുവദിക്കാനാകില്ല. ഉത്തരേന്ത്യയില്‍ ജാതിമതഭേദമെന്യ ആഘോഷിക്കുന്ന രക്ഷാബന്ധന് ഉത്സവത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയുമൊക്കെ പങ്കെടുക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ ഡോ. റംലാബീവി തയാറായില്ല.
സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും രക്ഷാബന്ധന് ഉത്സവം നടത്താറുണ്ട്. നിരവധി വിദ്യാര്‍ത്ഥികള്‍ ഇതില്‍ പങ്കെടുക്കാറുമുണ്ട്. ഇത്തവണ മാത്രമാണ് രക്ഷാബന്ധന് പാടില്ലെന്നുള്ള ഉത്തരവ് ഇറക്കുന്നത്. ഇതോടെ രാഖി കെട്ടിവന്ന വിദ്യാര്‍ത്ഥികളോട് അഴിച്ചുമാറ്റാന്‍ കോളേജുകളിലെ അധ്യാപകര്‍ ആവശ്യപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: