തിരുവല്ല: കാലവർഷക്കെടുതിയിൽ തകർന്ന നിലയ്‌ക്കൽ -പമ്പാ പാതയുടെ പുനർ നിർമാണത്തിന് കടമ്പകളേറെ.ഒന്നരമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അതേ സമയം 60 മീറ്റർ നീളത്തിൽ വിള്ളൽ വീണതിനാൽ പുനർനിർമാണം അത്ര എളുപ്പമാകില്ലെന്നാണ് മരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്. കാലവർഷക്കെടുതിയിൽ പാറകളിലുണ്ടായ സ്ഥാനഭൃംശം മൂലമാണ് വിള്ളൽ ഉണ്ടായതെന്നാണ് സെന്റർ ഫോർ എർത്ത് സയൻസ് നടത്തിയ പഠനത്തിൽ തെളിഞ്ഞത്.
പമ്പാ പാതയുടെ നിർമാണത്തിന് 7ന് ആണ് ടെണ്ടർ നടപടികൾ തുടങ്ങുന്നത്. പുനർനിർമാണത്തിന് 1.70 കോടിയാണ് അടങ്കൽ തുക.വിള്ളലുണ്ടായ റോഡ് നന്നാക്കുകയും സംരക്ഷണഭിത്തി നിർമിക്കുകയുമാണ് ചെയ്യുന്നതെന്ന് മരാമത്ത് വിഭാഗം അധികൃതർ പറഞ്ഞു. റോഡിന്റെ ഒരുവശം അഗാധമായ താഴ്ചയും മറവശം വൻമലയുമാണ്. ഈ സാഹചര്യത്തിൽ സംരക്ഷണഭിത്തി നിർമാണത്തിന് അടക്കം വനംകുപ്പിന്റെ അനുമതി ആവശ്യമായി വരും.
റോഡ് തകർന്ന പ്ലാന്തോട് ഭാഗം സംരക്ഷിത വനമേഖലയിൽപ്പെട്ടതാണ്. ഏത് തരത്തിലുള്ള നിർമാണത്തിനും വനംലകുപ്പിന്റെ അനുമതി ആവശ്യമാണ്. റോഡിന്റെ സുരക്ഷിതത്വത്തെ കരുതി താഴ്ചയിൽ തന്നെ സംരക്ഷണഭിത്തി നിർമിക്കേണ്ടി വരും.കയർഭൂവസ്തം ഉപയോഗിച്ച് സുരക്ഷിതമാക്കുമെന്നാണ് മരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്.
ഈ ഭാഗത്തെ പാറയോ മരമോ മറ്റും മാറ്റണമെങ്കിൽ വനംവകുപ്പിന്റെ മുൻകൂർ അനുമതി തേടേണ്ടി വരും. സംരക്ഷിത വനപ്രദേശമായതിനാൽ ഒരു തരത്തിലുള്ള നിർമാണങ്ങളും സാധാരണ അനുവദിക്കാറില്ല. വനംവകുപ്പ് നിർമാണകാര്യത്തിൽ പിടിവാശി തുടർന്നാൽ റോഡിന്റെ പുനർ നിർമാണം മണ്ഡലക്കാലത്തിന് മുമ്പായി പൂർത്തിയാക്കാൻ കഴിയില്ല.
അതേ സമയം പമ്പയിലേക്ക് ഗതാഗതം സാധ്യമാകണമെങ്കിൽ പുനർ നിർമാണം അനിവാര്യമാണ്. സെസ് നടത്തിയ പഠനത്തിൽ കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും കണ്ടെത്തിയിരുന്നു. അതിനാൽ ഈ റോഡിലൂടെയുള്ള യാത്ര അത്യന്തം അപകടകരമാണ്. ഇപ്പോൾ തന്നെ ചെറിയ വാഹനങ്ങൾക്ക് മാത്രം ഒറ്റവരി ഗതാഗതം മാത്രമണ് അനുവദിച്ചിരിക്കുന്നത്.
ഇത് മൂലം സന്നിധാനത്തേക്ക് സാധന,സാമഗ്രികളുടെ നീക്കം തടസ്സപ്പെട്ടിരിക്കുകയാണ്. മണ്ഡലക്കാലത്തിന് മുമ്പായി നിർമാണം പൂർത്തിയാക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും തുലാമാസ പൂജകൾക്ക് ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചാൽ കാര്യങ്ങൾ കുഴഞ്ഞ് മറിയും. ഭക്തരുടെ പമ്പയിലേക്കുള്ള യാത്രയും പ്രതിസന്ധിയിലാകും. പ്രധാന റോഡുകൾക്കും മറ്റ് ശബരിമലയിലേക്കുള്ള പ്രധാന പാതകളടങ്ങിയ 22 പ്രവൃത്തികൾക്ക് 47 കോടി രൂപയും ശബരിമലയിലേക്ക് നയിക്കപ്പെടുന്ന 33 പ്രധാന അനുബന്ധ റോഡുകൾക്ക് 178 കോടി രൂപയുമാണ് അനുവദിച്ചതെന്ന് മരാമത്ത് വിഭാഗം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: