തിരുവല്ല: എംജി സർവകലാശാലയിൽ 75 കോടി ചെലവഴിച്ചുള്ള സെന്റർ ഫോർ എക്‌സലൻസ് ബ്ലോക്കിന്റെ നിർമാണം കേന്ദ്ര ഏജൻസികളുടെ ഉൾപ്പെടെ അന്വേഷണം നേരിടുന്ന സ്ഥാപനത്തിന്. പാലാരിവട്ടത്തെ പാല നിർമാണത്തിൽ അടക്കം അന്വേഷണ ഏജൻസികൾ പ്രതിക്കൂട്ടിൽ നിർത്തിയ സ്ഥാപനത്തിനാണ് 75 കോടിയുടെ കരാറും നൽകിയിരിക്കുന്നത്.
സർക്കാരിന് പങ്കാളിത്തമുള്ള ഈ സ്ഥാപനത്തിന്റെ നിർമാണ വൈദഗ്ധ്യം പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.സർവകലാശാലയുടെ തുടക്കത്തിൽ അതിരമ്പുഴയിലെ കാമ്പസിൽ നിർമിച്ചതും ഇപ്പോൾ അഞ്ച് കോടി മതിപ്പ് വിലയുള്ള കെട്ടിടം പൊളിച്ച് മാറ്റിയാണ് പുതിയ കെട്ടിടം പണിയുന്നത്. കിഫ്ബിയിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ നിർമാണ കരാറാണ് വിവാദ സ്ഥാപനത്തിന് കൊടുത്തിരിക്കുന്നത്.
സർവകലാശാലയുടെ ആദ്യ കെട്ടിടം പൊളിക്കുന്നതിന് മാത്രം 43 ലക്ഷം രൂപയാണ് ചെലവായി കണക്കാക്കുന്നത്. അടുത്ത കാലത്ത് കേന്ദ്ര സർക്കാർ പദ്ധതിയായ റൂസാ ഫണ്ട് ഉപയോഗിച്ച് ഈ കെട്ടിടം നവീകരിക്കുകയും സൗകര്യങ്ങളൊരുക്കുകയും ചെയ്തിരുന്നു.എന്നാൽ കെട്ടിടത്തിന്റെ ഗുണനിലവാര പരിശോധന പോലും നോക്കാതെയാണ് ഇപ്പോൾ പൊളിക്കാൻ തീരുമാനമെടുത്തത്. ഇതിനെതിരെ സർവകലാശാല എംപ്ലോയീസ് സംഘം ഗവർണർക്ക് പരാതി നൽകിയിരുന്നു. പോസ്റ്റാഫീസിനോട് ചേർന്നുളള കെട്ടിടങ്ങളാണ് പൊളിക്കാൻ തീരുമാനമായത്.
സർവകലാശാലയ്‌ക്ക് നൂറേക്കർ ഭൂമിയുള്ളപ്പോൾ കെട്ടിടം പൊളിക്കാതെ വേറെ ഭൂമി കണ്ടെത്തി പുതിയ കെട്ടിടം പണിയാം.എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെയാണ് അടുത്തയിടെ റൂസാ ഫണ്ടിൽ നിന്നുള്ള 44 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച കെട്ടിടം പൊളിക്കുന്നത്. എന്നാൽ എതിർപ്പുകൾ വകവയ്‌ക്കാതെ കെട്ടിടം പൊളിക്കാനുളള നടപടികളുമായി സർവകലാശാല മുമ്പോട്ട് പോവുകയാണ്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: