തമിഴ്നാട്ടിലെ ഹിന്ദുമുന്നണി നേതാവായ ശ്രീ. രാമഗോപാല്‍ജിയുടെ നിര്യാണവാര്‍ത്ത അദ്ദേഹത്തെ അടുത്തറിയാവുന്ന എല്ലാവര്ക്കും അത്യധികമായ ഹൃദയവേദന ഉളവാക്കുന്നതാണ്. 94-ാം വയസ്സിലും അദ്ദേഹം പ്രേരണയും ആവേശവും നല്‍കിയായിരുന്നു ജീവിച്ചത്.
ദ്രാവിഡസ്ഥാന്‍വാദം, ഇസ്ലാമികതീവ്രവാദം, ക്രൈസ്തവമതപരിവര്‍ത്തനം തുടങ്ങിയ വിഘ ടനവാദ-ദേശീയവിരുദ്ധശക്തികള്‍ക്കെതിരെ ഹിന്ദുമുന്നണി രൂപീകരിച്ചുകൊണ്ട് അദ്ദേഹം തമിള്‍നാട്ടില്‍ ശക്തമായ പോരാട്ടത്തിന് നേതൃത്വം കൊടുത്തു. അതില്‍ വലിയ അളവില്‍ വിജയം വരിക്കുവാനും അദ്ദേഹത്തിന് സാധിച്ചു. സംഘദൃഷ്ടിയില്‍ മദിരാശി സംസ്ഥാനം കേരളം, തമിള്‍നാട് എന്നീ രണ്ടുപ്രാന്തങ്ങളായി പ്രവര്‍ത്തനമാരംഭിച്ച 1964 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തില്‍ അദ്ദേഹം തമിള്‍നാടിന്റെ പ്രാന്തപ്രചാരകനായിരുന്നു.1980 കളില്‍ മീനാക്ഷീപുരത്തുണ്ടായ കൂട്ടമതംമാറ്റപ്രശ്നത്തെ തുടര്‍ന്ന് തമിള്‍നാട്ടിലെ ഹിന്ദുതാത്പര്യങ്ങള്‍ക്കായി വാദിക്കാനും പോരാടാനുമായി അദ്ദേഹം ഹിന്ദുമുന്നണി രൂപീകരിച്ചു. ജീവിതാവസാനംവരെ അദ്ദേഹം അതിനായി ഒത്തുതീര്‍പ്പില്ലാതെ പോരാടാന്‍ തയ്യാറായി.
അതില്‍ വിളറി പൂണ്ട ഇസ്ലാമികതീവ്രവാദികള്‍ അദ്ദേഹത്തെ കൊല ചെയ്യാനായി മധുരയില്വെച്ച് അക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ചു. അത്യന്തം അപകടകരമായ സ്ഥിതിയിലായിരുന്നെങ്കിലും ഈശ്വരാനുഗ്രഹത്താല്‍ അതില്‍നിന്നും അദ്ദേഹം സുഖപ്പെട്ടു. അതിനുശേഷവും ഒട്ടും തളരാതെ പൂര്‍വ്വാധികം കരുത്തോടെ രംഗത്തിറങ്ങി കാര്യകര്‍ത്താക്കള്‍ക്ക് ആവേശം പകര്‍ന്നുകൊടുത്തുകൊണ്ട് അദ്ദേഹം തന്റെ പ്രവര്‍ത്തനം തുടര്‍ന്നുവന്നു.
മഹാരാഷ്ട്രയില്‍ ലോകമാന്യ തിലകന് ഗണേശോത്സവപരിപാടിയിലൂടെ സൃഷ്ടിച്ചെടുത്ത പരിവര്‍ത്തനത്തിനു തുല്യമായ ഒന്നായിരുന്നു വിനായകഘോഷയാത്രയിലൂടെ ഗോപാല്‍ജി തമിള്‍നാട്ടില്‍ സാദ്ധ്യമാക്കിയത്. ഈ. വി. രാമസ്വാമി നായ്ക്കരുടെ നേതൃത്വത്തില്‍ വിനായകപ്രതിമകള്‍ തച്ചുടച്ചും ശ്രീരാമന്റെ കട്ടൗട്ടുകളുണ്ടാക്കി ചെരുപ്പുമാലയണിയിച്ചു ഘോഷയാത്രകള്‍ നടത്തിയും ഹിന്ദുവികാരങ്ങളെ അങ്ങേയറ്റം വ്രണപ്പെടുത്തിയ കാലഘട്ടം തമിള്‍നാട്ടി ലുണ്ടായിരുന്നു. എന്നാല്‍, ആയിരക്കണക്കിന് ഗ്രാമങ്ങളില്‍ വിനായകവിഗ്രഹങ്ങള്‍ അലങ്കരിച്ച് ദിവസങ്ങളോളം പൂജയ്ക്കുവെച്ച് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന നിമജ്ജനഘോഷയാത്ര നടക്കുന്ന ആവേശകരമായ അന്തരീക്ഷം ഇന്ന് സംസ്ഥാനത്ത് പ്രകടമായിരിക്കുന്നു. അടുത്തകാലത്ത് വിശ്വഹിന്ദുപരിഷത്ത് സംഘടിപ്പിച്ച ശ്രീരാമവിഗ്രഹയാത്രയ്ക്ക് തമിള്‍നാട്ടില്‍ ആശ്ചര്യകരമായ സ്വീകരണമാണുണ്ടായത്.
തമിള്‍നാട്ടിലെ എല്ലാ സന്ന്യാസിമഠങ്ങളുമായും ആശ്രമങ്ങളുമായും അദ്ദേഹത്തിന് വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ത്യാഗമയമായ ജീവിതത്തെ അംഗീകരിച്ച് അദ്ദേഹത്തോടുള്ള ശ്രദ്ധാവിശ്വാസമെന്ന നിലയ്ക്ക് ‘ധീരനായ സന്ന്യാസി’ എന്നര്‍ത്ഥം വരുന്ന ‘വീര തുറൈവി’ എന്നദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ അവര്‍ സന്നദ്ധരായി.
കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ ചുഴലിക്കാറ്റില്‍ രാമേശ്വരത്തെ ധനുഷ്ക്കോടിയിലെ പാലം നശിച്ചതിനെത്തുടര്‍ന്ന് പ്രധാനകരയില്‍നിന്നും ഒറ്റപ്പെട്ട് ക്രമേണ അവഗണിക്കപ്പെട്ട സ്ഥിതിയിലായിരുന്നു. എന്നാല്‍ ധനുഷ്ക്കോടിയെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്ന ഉദ്ദേശ്യത്തോടെ തമിള്‍നാടിനെ മുഴുവന്‍ ഇളക്കി മറിച്ച് അവിടെ അദ്ദേഹം കോടിയര്‍ച്ചനയും മറ്റും സംഘടിപ്പിച്ചു. റോഡും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമുണ്ടാക്കാനായി തമിള്‍നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയില്‍ സമ്മര്‍ദ്ദം ചെലുത്തി. ഇന്ന് തീര്‍ത്ഥാടകര്‍ക്ക് ധനുഷ്ക്കോടിവരെ അനായാസം എത്തിച്ചേരാനുള്ള സൗകര്യങ്ങള്‍ ഉണ്ടായത് ഇതിന്റെ ഫലമാണ്.
രാമസേതു സംരക്ഷിക്കുന്നതിനുള്ള സമരത്തിലും രാമഗോപാല്‍ജിയുടെ ശക്തമായ നേതൃത്വമുണ്ടായിരുന്നു.
കാര്യങ്ങള്‍ തര്‍ക്കശുദ്ധമായും അതേസമയം ഹൃദയസ്പര്‍ശിയായും അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ജനങ്ങള്‍ക്ക് എന്നും ആവേശം പകരുന്നതായിരുന്നു. നല്ലൊരു ലേഖകനും അനുഗ്രഹീതപാട്ടുകാരനുമായിരുന്നു ഗോപാല്‍ജി. ഒട്ടനവധി ദേശഭക്തിഗാനങ്ങള്‍ രചിക്കുകയും ഹിന്ദിഭാഷയിലുള്ള സംഘഗീതങ്ങള്‍ തമിഴിലേയ്ക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അങ്ങനെ തന്റെ സകല കഴിവുകളും ഭാരതമാതാവിന്റെ സമക്ഷം സമര്‍പ്പിക്കാനും അദ്ദേഹം തയ്യാറായി.
സ്വന്തം ജീവിതത്തിന്റെ മാതൃകയിലൂടെ അസംഖ്യം കാര്യകര്‍ത്താക്കന്മാരെ സൃഷ്ടിച്ചെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു എന്നതാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ധന്യത. ആ ജീവിതം നമുക്കും എന്നും മാര്‍ഗദര്‍ശകമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.
അദ്ദേഹത്തിന്റെ പാവനസ്മരണയ്ക്കുമുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ ആത്മാവിന്റെ മോക്ഷപ്രാപ്തിക്കായും സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കാം.
എസ്. സേതുമാധവന്
ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി ക്ഷണിതാവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: